07:52pm 18 April 2026
NEWS

പ്രണയം നിരസിച്ച പത്തൊൻപതുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

06/11/2025  01:58 PM IST
nila
 പ്രണയം നിരസിച്ച പത്തൊൻപതുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: തിരുവല്ലയിൽ പത്തൊൻപതുകാരിയെ നടുറോഡിൽവെച്ച് കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. അഡിഷനൽ ജില്ലാ കോടതി–1 ആണ് കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ശിക്ഷ വിധിച്ചത്. പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അജിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 

2019 മാർച്ച് 12നു രാവിലെ 9.11ഓടെ തിരുവല്ലയിലെ ചിലങ്ക ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ റോഡിലാണ് ആക്രമണം നടന്നത്. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണ് കൊല്ലപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പ്രണയാഭ്യർഥന നിരസിച്ചതിനാലാണ് അജിൻ ആക്രമിച്ചതെന്നാണു മൊഴി.

സിസിടിവി ദൃശ്യങ്ങൾ കേസിലെ നിർണായക തെളിവായി. കൊലപാതകം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു. 3 കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ കരുതിയെത്തിയ പ്രതി, കവിതയെ ബസിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ ആക്രമിച്ചു. വയറിന് കുത്തേറ്റ് വേദനയോടെ നിന്ന പെൺകുട്ടിയ്‌ക്ക് മുകളിലൂടെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും, ഗുരുതരമായി പൊള്ളലേറ്റ കവിത പിന്നീട് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മാർച്ച് 20നു മരിച്ചു.

പെട്രോൾ വാങ്ങുന്നതിനും എടിഎം വഴി പണം പിൻവലിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം വ്യക്തമായ തെളിവുകൾ ശേഖരിച്ചു. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img