
സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സബിത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കേസെടുത്ത് പത്താം ദിവസമാണ് എറണാകുളത്തുനിന്ന് ഇയാളെ പിടികൂടിയത്.
സ്റ്റേഷനിൽ കോടതിയിൽ ഹാജരാക്കിയ ശേഷം സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് കാണാതായത്. ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പൊലീസ് പിടികൂടിയ പുകയില ഉൽപന്നങ്ങളായിരുന്നു ഇവ. കോടതിയിൽ ഹാജരാക്കിയ ശേഷം തൊണ്ടിമുതലായി പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ച് സൂക്ഷിച്ചിരുന്നതാണ്.
സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറി വൃത്തിയാക്കുന്നതിനായി റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് സാധനങ്ങൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്.
മുറിയുടെ പൂട്ട് തകർത്തതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പകരം മുറിയുടെ താക്കോൽ കൈക്കലാക്കിയ ശേഷമാണ് തൊണ്ടിമുതൽ പുറത്തെടുത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.











