03:31pm 12 September 2026
NEWS
പ്രതിയുടെ മാപ്പുസാക്ഷി അപേക്ഷ: തീരുമാനം വിചാരണക്കോടതിയ്ക്ക് വിട്ട് ഹൈക്കോടതി.
12/09/2026  11:40 AM IST
വിഷ്ണുമംഗലം കുമാർ
പ്രതിയുടെ മാപ്പുസാക്ഷി അപേക്ഷ: തീരുമാനം വിചാരണക്കോടതിയ്ക്ക് വിട്ട് ഹൈക്കോടതി

 ബംഗളുരു: സൂപ്പർ സ്റ്റാർ ദർശനും പെൺ സുഹൃത്ത് പവിത്ര ഗൗഡയും പ്രധാനപ്രതികളായ പ്രമാദമായ രേണുകസ്വാമി കൊലക്കേസിന്റെ വിചാരണയിൽ വൻ നിയമപ്പോരാട്ടമാണ് നടക്കുന്നത്. സംഭവത്തിൽ ദൃക്സാക്ഷിയാണ് പതിനാലാം പ്രതി പ്രദോഷ്. ദർശന്റെ അടുത്ത സുഹൃത്താണ് ഇദ്ദേഹം. കൊലപാതകത്തിൽ ദർശന്റെയും പവിത്ര ഗൗഡയുടെയും വ്യക്തമാക്കിക്കൊണ്ട് വിചാരണക്കോടതി ജഡ്ജിയ്ക്ക് പ്രദോഷ് കത്തെഴുതിയിരുന്നു. തന്നെ മാപ്പുസാക്ഷിയാക്കണമെന്ന അപേക്ഷയിലാണ് അയാൾ കൊല നടത്തിയ വിധവും ദർശൻ, പവിത്ര ഗൗഡ എന്നിവർക്ക് അതിൽ നേരിട്ടുള്ള പങ്കും തുറന്നുപറയുന്നത്. പ്രദോഷ് മാപ്പുസാക്ഷിയായാൽ അത് ദർശനും പവിത്ര ഗൗഡയ്ക്കും വലിയ ദോഷം ചെയ്യുമെന്ന് തീർച്ചയാണ്. അതിനാൽ അയാളെ മാപ്പുസാക്ഷിയാക്കാതിരിക്കാൻ നിയമത്തിന്റെ സകല വഴികളും തേടുകയാണ് ദർശന്റെ അഭിഭാഷകൻ. വിചാരണക്കോടതിയെയും ഹൈക്കോടതിയെയും നിയമപരമമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അഭിഭാഷകൻ സമീപിച്ചിരുന്നു. ആദ്യഘട്ടത്തിൽ പ്രമുഖ ക്രിമിനൽ അഡ്വക്കേറ്റ് സി വി നാഗേഷും സഹായികളുമാണ് ദർശനുവേണ്ടി ഹാജരായിരുന്നത്. എന്നാൽ ഈയിടെയായി വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഹാജരാകുന്നത് ഹാഷ് മത്ത് പാഷയാണ്. മാപ്പുസാക്ഷിയുടെ കാര്യം വിചാരണക്കോടതിയ്ക്ക് തീരുമാനിക്കാമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ പ്രദോഷിനെ മാപ്പുസാക്ഷിയാക്കാനുള്ള നടപടിക്രമങ്ങൾ വിചാരണക്കോടതി ആരംഭിച്ചു . അതിന്റെ ഭാഗമായി വിചാരണക്കോടതി ആവശ്യപ്പെട്ട പ്രകാരം, ജയിലിലെ പ്രോബേഷൻ ഓഫിസർ പ്രദോഷിന് സ്വഭാവ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. അതും ദർശന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ വിഷയത്തിന്റെ മെറിറ്റിൽ ഇടപെടാതെ അക്കാര്യത്തിൽ പുതിയൊരു ഉത്തരവ് പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ഫയൽ വിചാരണക്കോടതിയ്ക്ക് കൈമാറാൻ ഉത്തരവിടുകയാണ് ജസ്റ്റിസ് നാഗപ്രസന്ന ചെയ്തത്. അതി സങ്കീർണ്ണമായ നിയമപ്പോരാട്ടമാണ് രാജ്യം തന്നെ ഉറ്റുനോക്കുന്ന രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img