ലോക ട്രോമ ദിനം - ഒക്ടോബര്‍ 17

അപകടങ്ങള്‍ മുന്നറിയിപ്പ് നല്‍കാറില്ല. അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന ഒരു റോഡപകടം, വീഴ്ച, പൊള്ളല്‍, ആക്രമണം എന്നിവ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. ഇത്തരത്തിലുള്ള അപകടങ്ങള്‍ മൂലമുള്ള ശാരീരിക \ മാനസിക ബുദ്ധിമുട്ടിനെയാണ് ട്രോമ എന്ന് പറയുന്നത്. ലോകമെമ്പാടും വര്‍ഷം തോറും ലക്ഷക്കണക്കിന് ആളുകള്‍ പല തരത്തിലുള്ള അപകടകങ്ങള്‍ മൂലം മരണമടയുന്നു. ഈ അപകടങ്ങള്‍ എത്രത്തോളം തടയാനാകുമെന്നും അതിന് സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങളെന്തൊക്കെയാണെന്നും എന്നതിനെ പറ്റി സമൂഹത്തിത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ 17 ലോക ട്രോമ ദിനമായി ആചരിക്കുന്നത്.
ട്രോമ ഒരു വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. ഇത് ആഗോളതലത്തില്‍, ഓരോ വര്‍ഷവും 5 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാവുകയും നമ്മുടെ സമൂഹത്തിന് എണ്ണമറ്റ നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള യുവാക്കളില്‍ മരണത്തിനും വൈകല്യത്തിനും ഒരു പ്രധാന കാരണമാണിത്.
സാധാരണ ഗതിയില്‍ രോഗം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കാലക്രമേണയാണ് മൂര്‍ച്ഛിക്കുന്ന്. എന്നാല്‍ അതില്‍ നിന്നും വിപരീതമായി ട്രോമയും അതുസംബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും പെട്ടെന്ന് ഉണ്ടാകുന്നതും ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാവുന്നതാണ്.
മിക്ക മാരകമായ അപകടകങ്ങളും നമ്മുടെ റോഡുകളിലാണ് സംഭവിക്കുന്നത്. ഇന്ത്യയില്‍, റോഡ് ഗതാഗത അപകടങ്ങള്‍ മാത്രം പ്രതിവര്‍ഷം 1.5 ലക്ഷത്തിലധികം ജീവന്‍ അപഹരിക്കുന്നു, ആയിരക്കണക്കിന് പേര്‍ സ്ഥിരമായി വൈകല്യമുള്ളവരാകുന്നു. അമിത വേഗത, വണ്ടി ഓടിക്കുമ്പോള്‍ ഉള്ള അശ്രദ്ധ, ഹെല്‍മെറ്റോ, സീറ്റ് ബെല്‍റ്റോ ധരിക്കതെയുള്ള യാത്ര എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഇവയൊക്കെ തന്നെയും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് വസ്തുത.
ഹെല്‍മെറ്റ് ധരിക്കുന്നതിലൂടെ ഒരു അപകടം സംഭവിക്കുമ്പോള്‍ തലയ്ക്ക് പരിക്കേല്‍ക്കാനുള്ള സാദ്ധ്യത 70% വരെ കുറയ്ക്കാന്‍ സാധിക്കുന്നു. അതുപോലെ തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് അപകടസമയത്ത് പുറത്തേക്ക് തെറിച്ചു വീഴുന്നത് തടയുന്നു. വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം അശ്രദ്ധ മുലമുള്ള അപകടങ്ങളെ വിളിച്ച് വരുത്തുന്നു.
സ്‌കൂളുകള്‍ക്ക് സമീപം വേഗത കുറയ്ക്കുക, ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കുക, അപകടസ്ഥലങ്ങളില്‍ തിരക്ക് കൂട്ടാതിരിക്കുക തുടങ്ങിയ ലളിതമായ പ്രവൃത്തികള്‍ ശീലമാക്കുന്നത് അപകടങ്ങളെ തടയുന്നതിന് ഒരു പരിധി വരെ സഹായിക്കുന്നു.
ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ ട്രോമ കെയര്‍ ആരംഭിക്കുന്നു. 'ഗോള്‍ഡന്‍ അവര്‍', (Golden hour) ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ മണിക്കൂറിനെ സൂചിപ്പിക്കുന്നു. അപകടത്തിനുശേഷമുള്ള ആദ്യത്തെ 60 മിനിറ്റാണ് ഗോള്‍ഡന്‍ അവര്‍.
ഒരു വ്യക്തിക്ക് അപകടം ഉണ്ടാകുമ്പോള്‍, സാധാരണയായി ചുറ്റുമുള്ള ആളുകള്‍ അവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ സമീപത്തുള്ളവരോ ആയിരിക്കും. ട്രോമ കെയറിന്റെ സുവര്‍ണ്ണ മണിക്കൂറില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ പ്രധാനമാണ്.
ആംബുലന്‍സ് സമയത്ത് എത്തിക്കുക, രോഗിയെ എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് മാറ്റുക, CPR പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ ആവശ്യമെങ്കില്‍ ചെയ്യുക - ഇതെല്ലാം അനിവാര്യമാണ്. ഈ സമയത്ത് ലഭിക്കുന്ന ശരിയായ ചികിത്സ ജീവന്‍ രക്ഷിക്കാനുള്ള സാദ്ധ്യത ഇരട്ടിയാക്കുന്നു.
ഒരു അപകടം സംഭവിച്ചാല്‍ ചെയ്യേണ്ടതെന്ത്?
· അപകടസ്ഥലം സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുക
· ആംബുലന്‍സ് വിളിക്കുക
· പരിക്കേറ്റവരെ അനാവശ്യമായി അനക്കാതിരിക്കുക
· രക്തസ്രാവമുണ്ടെങ്കില്‍ വൃത്തിയുള്ള തുണികൊണ്ട് അമര്‍ത്തി പിടിക്കുക
· അപകടം സംഭവിച്ച ആള്‍ ശ്വസിക്കുന്നില്ലെങ്കില്‍ CPR നല്‍കുക
*ഈ ചെറിയ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിലൂടെ ജീവന്‍ പോലും രക്ഷിക്കാന്‍ സാധിക്കും.
മനസ്സിന്റെ ട്രോമയും ഗൗരവകരമാണ്
അപകടങ്ങള്‍ ശരീരത്തെ മാത്രമല്ല മുറിപ്പെടുത്തുന്നത്. മനസ്സിലെ ട്രോമയും അത്ര തന്നെ ഗൗരവമേറിയതാണ്. ഗുരുതരമായ ഒരു അപകടത്തെ അതിജീവിച്ചാലും, മനസ്സില്‍ അവശേഷിക്കുന്ന പേടിയും ഉത്കണ്ഠയും ഒരുപാട് പേരെ വലയ്ക്കുന്നു.
പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് എന്ന അവസ്ഥയില്‍ നിന്നും മുക്തരാകാന്‍ കൗണ്‍സലിംഗ്, കുടുംബാംഗങ്ങളുടെ പിന്തുണ, കരുതല്‍ എന്നിവ അനിവാര്യമാണ്.
സുരക്ഷിതമായ ഒരു നാളേക്കായി ചെയ്യേണ്ടതെന്ത്?
ട്രോമ തടയുന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണ്. അതിനായി സര്‍ക്കാര്‍ നയങ്ങള്‍, സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ നിയമങ്ങളുടെ കര്‍ശനമായ നിര്‍വ്വഹണം, സാമൂഹിക ബോധവത്കരണം എന്നിവ അനിവാര്യമാണ്.
അടിയന്തര അപകടങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നൈപുണ്യമുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മറ്റു സംവിധാനങ്ങളും ആശുപത്രികളില്‍ ഏതു സമയത്തും സജ്ജമായിരിക്കണം. ഇവര്‍ക്ക് തുടര്‍ച്ചയായ പരിശീലനങ്ങള്‍ നല്‍കി നൂതന ചികിത്സാ രീതികളെ പരിചിതമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും സ്വകാര്യ ആശുപത്രികളില്‍ ആണെങ്കില്‍ മാനേജ്‌മെന്റിനുമാണ്.
അപകടം ഒഴിവാക്കാന്‍ ചെയ്യേണ്ടതെന്ത്?
· യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുക
· വാഹനം ഓടിക്കുമ്പോള്‍ വേഗപരിധി പാലിക്കുക
· വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല
· കുട്ടികള്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുക
· വീട്ടിലും വാഹനത്തിലും ഫസ്റ്റ് എയ്ഡ് ബോക്സ് വയ്‌ക്കേണ്ടത് അനിവാര്യമാണ്
ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗത്തിലെ ഓരോ രോഗിയും ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇവരില്‍ മുക്കാല്‍ ഭാഗം ആള്‍ക്കാരിലും ഒഴിവാക്കാന്‍ കഴിയുന്ന അപകടങ്ങള്‍ ആയിരിക്കും സംഭവിച്ചിട്ടുള്ളത്. ക്ഷണ നേരത്തെ അശ്രദ്ധ മൂലം ജീവന് തന്നെ ആപത്താകുന്ന രീതിയില്‍ സംഭവിച്ച അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന ട്രോമയും ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം.
മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍, നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ (ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കുക) വലിയ അപകടങ്ങള്‍ ഒഴിവാക്കാനോ അപകടത്തിന്റെ ആഘാതം കുറയ്ക്കാനോ സാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ജീവന്‍ തന്നെ സുരക്ഷിതമാക്കാന്‍ സാധിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.
'സുരക്ഷിതത്വം ശീലമാക്കിക്കൊണ്ട് ജീവിതത്തെയും ജീവനെയും ബഹുമാനിക്കാം'.
Dr. Binu Bright
Consultant and HOD, Department of Emergency Medicine
SUT Hospital, Pattom.
Photo Courtesy - Google