
കണ്ണൂർ: നിയന്ത്രണം വിട്ട കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കൂത്തുപറമ്പ് കണ്ണവം പൊലീസ് സ്റ്റേഷനു മുൻവശത്താണ് ദാരുണ അപകടം നടന്നത്. ടയർ പഞ്ചർ കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് (ബാബു–52), കണ്ണവം സ്വദേശി ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് പേരാവൂർ ഭാഗത്ത് നിന്ന് എത്തിയ കാർ, കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് കാർ നിന്നത്.
മരിച്ച ഇസ്മായിൽ ‘അദ്ഭുത ദ്വീപ്’ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ്. പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്.
മരിച്ച സജീഷ് മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (ബ്രണ്ണൻ കോളജ് വിദ്യാർഥിനി), ആരോമൽ (ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി). സഹോദരൻ: ലിനീഷ് കുമാർ.











