09:04am 06 September 2026
NEWS
ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് അപകടം; നാലു യുവാക്കൾക്ക് ദാരുണാന്ത്യം
16/05/2025  08:45 AM IST
nila
 ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് അപകടം; നാലു യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ബാലാരാമപുരത്തിന് സമീപം ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി മരിച്ചത് നാലുപേർ. മൂന്നു പേരുടെ മരണത്തിനിടയാക്കിയ ആദ്യ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവാണ് രണ്ടാമത്തെ അപകടത്തിൽ മരിച്ചത്. പെരുമ്പഴുതൂർ കളത്തുവിള ബി.ആർ.നിലയത്തിൽ രാജൻ‌–ബീന ദമ്പതികളുടെ മകൻ അഖിൽ‌ (19), കളത്തുവിള പൂവൻവിള വീട്ടിൽ തങ്കരാജ്–ശ്രീജ ദമ്പതികളുടെ മകൻ സാമുവൽ (22), റസൽപുരം തേവരക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ ഷൈജു–സീമ ദമ്പതികളുടെ മകൻ അഭിൻ(19), മുടവൂർപാറ ചാത്തലമ്പാട്ടുകോണം സന്തോഷ് ഭവനിൽ സന്തോഷ്– ഉഷ ദമ്പതികളുടെ മകൻ മനോജ് (26) എന്നിവരാണ് മരിച്ചത്. 

കരമന– കളിയിക്കാവിള പാതയിൽ മുടവൂർപാറയ്ക്കു സമീപമാണ് ബുധനാഴ്ച രാത്രി 11.30ന് ആദ്യ അപകടമുണ്ടായത്. നിർത്തിയിട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിക്കു പിന്നിലേക്ക് മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഖിൽ‌, സാമുവൽ എന്നിവർ സംഭവസ്ഥലത്തും അഭിൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടുമാണ് മരിച്ചത്. ഈ അപകടത്തിൽപെട്ടവരെ ആംബുലൻസിൽ കയറ്റുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് മനോജ് അപകടത്തിൽപെട്ടത്. 

മനോജ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം വീട്ടുസാധനങ്ങൾ വാങ്ങാൻ ബാലരാമപുരത്തേക്കു പോയി മടങ്ങുകയായിരുന്നു ഇലക്ട്രീഷ്യനായ മനോജ്.  രാത്രി 12.45ന് ആണ് അപകടമുണ്ടായത്. സഹോദരൻ: ശിവൻ.

അഖിലും സാമുവലും അഭിനും ഭക്ഷണം കഴിക്കാൻ ബാലരാമപുരത്ത് എത്തിയതായിരുന്നു. ഐടിഐ പഠനം പൂർത്തിയാക്കി പിഎസ്‌സി പരിശീലനം നടത്തുകയായിരുന്നു അഖിൽ. സഹോദരി: അഖില. പന്തൽ നിർമാണ തൊഴിലാളിയാണ് സാമുവൽ. സനിത, സബിത എന്നിവർ സഹോദരിമാരാണ്. അഭിൻ പ്ലസ് ടു പഠനം പൂർത്തിയാക്കി. സഹോദരി: അഭിയ. അഭിന്റെ സംസ്കാരം ഇന്നു നടക്കും. മറ്റു മൂന്നു പേരുടെയും സംസ്കാരം നടത്തി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img