12:30am 19 November 2026
NEWS
മണിക്കൂറിന് 99 രൂപ; കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ സ്ലീപ്പിംഗ് പോഡുകൾ വരുന്നു
18/11/2026  12:22 PM IST
nila
മണിക്കൂറിന് 99 രൂപ; കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ സ്ലീപ്പിംഗ് പോഡുകൾ വരുന്നു

ട്രെയിൻ യാത്രയ്ക്കിടെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നവർക്ക് ഇനി ആശ്വാസമായി കുറഞ്ഞ ചെലവിൽ വിശ്രമിക്കാം. കേരളത്തിലെ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ എ.സി. സ്ലീപ്പിംഗ് പോഡ് സൗകര്യം ഒരുക്കാൻ ദക്ഷിണ റെയിൽവേ ഒരുങ്ങുന്നു. ആലുവ, എറണാകുളം ജംഗ്ഷൻ (സൗത്ത്) സ്റ്റേഷനുകളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ എക്സിക്യൂട്ടീവ് ലോഞ്ചുകൾ ആരംഭിക്കുന്നത്. മണിക്കൂറിന് 99 രൂപ മുതലായിരിക്കും പ്രതീക്ഷിക്കുന്ന വാടക.

കണക്ടിംഗ് ട്രെയിനുകൾക്കായി കാത്തിരിക്കുന്നവർ, ട്രെയിൻ വൈകുന്നതുമൂലം സ്റ്റേഷനിൽ കുടുങ്ങുന്നവർ, രാത്രിയിലും പുലർച്ചെയുമൊക്കെ യാത്രയ്ക്കായി എത്തുന്നവർ തുടങ്ങിയവർക്ക് ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. ഹോട്ടൽ മുറികൾക്കായി വലിയ തുക ചെലവഴിക്കാതെ സുരക്ഷിതവും സ്വകാര്യവുമായ ഇടത്തിൽ വിശ്രമിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ ആദ്യമായാണ് സ്ലീപ്പിംഗ് പോഡ് സംവിധാനം ഒരുക്കുന്നത്.

ആലുവ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള റെയിൽവേ ഭൂമിയിലാണ് പുതിയ എക്സിക്യൂട്ടീവ് ലോഞ്ച് നിർമിക്കുക. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടമാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ദക്ഷിണ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ കൈമാറുന്ന ഭൂമിയിൽ കരാർ ലഭിക്കുന്ന സ്ഥാപനമായിരിക്കും കെട്ടിടം നിർമിക്കുക. പത്തുവർഷത്തേക്കാണ് പദ്ധതിയുടെ പാട്ടക്കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

എറണാകുളം ജംഗ്ഷനിൽ പ്രധാന പ്ലാറ്റ്‌ഫോമിന്റെ വടക്കേ അറ്റത്തുള്ള നിലവിലെ എ.സി. വെയിറ്റിംഗ് റൂമിന് മുകളിലായിരിക്കും പുതിയ ലോഞ്ച് സജ്ജമാക്കുക. നിലവിൽ ഒന്നാം പ്ലാറ്റ്‌ഫോമിൽ 160 ചതുരശ്ര അടി വിസ്തീർണമുള്ള എ.സി. വെയിറ്റിംഗ് ഹാൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ മണിക്കൂറിന് 30 രൂപയാണ് നിരക്ക്. എന്നാൽ കൂടുതൽ സ്വകാര്യതയോടെയും സൗകര്യങ്ങളോടെയും വിശ്രമിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് പുതിയ പോഡ് സംവിധാനം പ്രയോജനപ്പെടും.

99 രൂപയ്ക്ക് ലഭിക്കുന്ന സൗകര്യങ്ങൾ

സാധാരണ ഹോട്ടൽ മുറികളിൽ 24 മണിക്കൂർ അടിസ്ഥാനത്തിലാണ് വാടക ഈടാക്കുന്നതെങ്കിൽ സ്ലീപ്പിംഗ് പോഡുകളിൽ മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും നിരക്ക്. മണിക്കൂറിന് 99 രൂപ മുതലായിരിക്കും വാടക പ്രതീക്ഷിക്കുന്നത്. ക്രമീകരിക്കാവുന്ന കിടക്ക, വ്യക്തിഗത കാലാവസ്ഥാ നിയന്ത്രണ സംവിധാനം, സ്വകാര്യത ഉറപ്പാക്കുന്ന വാതിലുകളും ലോക്കുകളും എന്നിവ ഓരോ പോഡിലുമുണ്ടാകും.

ഇതിനുപുറമേ മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യാൻ യു.എസ്.ബി. പോർട്ടുകൾ, വായനയ്ക്കുള്ള പ്രത്യേക ലൈറ്റ്, അതിവേഗ വൈ-ഫൈ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. കുറഞ്ഞ സമയത്തേക്ക് വിശ്രമിക്കേണ്ട യാത്രക്കാർക്ക് ചെലവ് കുറച്ച് മികച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ഇതിലൂടെ കഴിയും.

കൊച്ചി മെട്രോയുടെ എം.ജി. റോഡ്, പത്തടിപ്പാലം, ആലുവ സ്റ്റേഷനുകളിൽ ഇതിനകം എ.സി. സ്ലീപ്പിംഗ് പോഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് റെയിൽവേ സ്റ്റേഷനുകളിലും സമാനമായ സൗകര്യം എത്തുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ട്രെയിൻ യാത്രക്കാർക്ക് കാത്തിരിപ്പുസമയം കൂടുതൽ സൗകര്യപ്രദമായി ചെലവഴിക്കാനാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img