
ഇടുക്കി: വാഗമണ്ണിൽ ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾ ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയിൽ ബന്ധുവായ 20-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. എന്നാൽ പ്രതിക്ക് മുൻകൂർ ജാമ്യം ഉണ്ടായിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം. മെയ് 10നും 16നും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തത് ജൂൺ 21-നാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റിൽ ഉണ്ടായ കാലതാമസമാണ് പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്നും, അന്വേഷണത്തിനിടെ ചില പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും കുടുംബം ആരോപിച്ചു.
കേസിൽ സമഗ്രമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.








