02:03am 21 November 2026
NEWS
മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ആർദ്രക്ക് ഭാ​ഗ്യം ആദ്യ ടിക്കറ്റിൽ തന്നെ
20/11/2026  08:15 PM IST
nila
മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ആർദ്രക്ക് ഭാ​ഗ്യം ആദ്യ ടിക്കറ്റിൽ തന്നെ

അബുദാബി: ബിഗ് ടിക്കറ്റിന്റെ നവംബർ മാസത്തെ ആദ്യ ആഴ്ചയിലെ ഇ-ഡ്രോയിൽ മലയാളി യുവതിയുൾപ്പെടെ നാലുപേർക്ക് ഭാഗ്യസമ്മാനം. ഇറാഖ്, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിജയികൾക്ക് 25,000 ദിർഹം (ഏകദേശം 6.5 ലക്ഷം രൂപ) വീതമാണ് ലഭിച്ചത്. ആകെ ഒരു ലക്ഷം ദിർഹത്തിന്റെ സമ്മാനത്തുകയാണ് നാലുപേരും പങ്കിട്ടത്.

ഇക്കൂട്ടത്തിൽ ശ്രദ്ധേയമായത് ഷാർജയിൽ താമസിക്കുന്ന മലയാളിയായ ആർദ്ര കിഴക്കേ ചേത്തിൽ (27) നേടിയ വിജയമാണ്. ബിൽഡിങ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന ആർദ്രയ്ക്ക് ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും കൂടെ എടുത്ത ആദ്യ ടിക്കറ്റിലൂടെ തന്നെ ഭാഗ്യം ലഭിക്കുകയായിരുന്നു.

ആദ്യ ടിക്കറ്റിൽ തന്നെ ഭാഗ്യം; വിശ്വസിക്കാനായില്ല

ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം തമാശയാണെന്നാണ് ആർദ്ര കരുതിയത്. വെബ്‌സൈറ്റിൽ നേരിട്ട് പരിശോധിച്ച് വിജയവിവരം ഉറപ്പാക്കിയതോടെയാണ് സന്തോഷവാർത്ത വിശ്വസിക്കാനായത്.

ഒരു വർഷം മുമ്പാണ് ആർദ്ര ഭർത്താവിനൊപ്പം ഷാർജയിലെത്തിയത്. ഭർത്താവും സുഹൃത്തുക്കളും വർഷങ്ങളായി ബിഗ് ടിക്കറ്റ് എടുക്കുന്നവരാണ്. ഇത്തവണ ഭർത്താവും ഒൻപത് സുഹൃത്തുക്കളും ഉൾപ്പെട്ട പത്തംഗ സംഘത്തിനൊപ്പം ആർദ്രയും ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് സംഘത്തിന്റെ ടിക്കറ്റ് ആർദ്രയുടെ പേരിൽ രജിസ്റ്റർ ചെയ്തത്. റാൻഡം തിരഞ്ഞെടുപ്പിലൂടെയാണ് ഇവരുടെ ടിക്കറ്റ് സമ്മാനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഗ്രൂപ്പിന് ആദ്യമായി ലഭിച്ച ഈ വിജയത്തിന്റെ സന്തോഷത്തിലാണ് ആർദ്ര. സമ്മാനത്തുക പത്തുപേരും തുല്യമായി പങ്കിടും. തന്റെ വിഹിതം എന്തിനായി ഉപയോഗിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം, അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റും ഇതിനകം എടുത്തുകഴിഞ്ഞതായി ആർദ്ര പറഞ്ഞു.

നാലുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വിജയം

മറ്റൊരു വിജയിയായത് ചെന്നൈ സ്വദേശിയായ സൂസൈരാജ് ബസ്കി രാജൻ (55) ആണ്. കഴിഞ്ഞ 30 വർഷമായി ദുബായിൽ ബിസിനസ് നടത്തുന്ന ഇദ്ദേഹം നാലുവർഷമായി സ്വന്തമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഒടുവിൽ ആദ്യമായി ഭാഗ്യം തുണച്ചതിന്റെ സന്തോഷത്തിലാണ് സൂസൈരാജ്.

സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പള്ളികൾ മുഖേന സൗജന്യ ഭക്ഷണവിതരണം നടത്തുന്നതിനുമായി വിനിയോഗിക്കാനാണ് തീരുമാനം.

ദുബായിൽ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് സ്വദേശിയായ ജേഡ് പൻസലാനും സമ്മാനാർഹയായി. പിതാവിനും അമ്മാവനുമൊപ്പം ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് നേട്ടം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ വാങ്ങാനാണ് തുക ഉപയോഗിക്കുകയെന്ന് ജേഡ് വ്യക്തമാക്കി.

യുഎഇയിൽ താമസിക്കുന്ന ഇറാഖ് സ്വദേശിയായ റാൻദ് ഫത്താഹാണ് നാലാമത്തെ വിജയി. ഈ മാസം 11ന് എടുത്ത 280060 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് 25,000 ദിർഹം സ്വന്തമാക്കിയത്.

ബിഗ് ടിക്കറ്റുകൾ www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി വാങ്ങാം. അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെയും മൊറാഫിഖ് കേന്ദ്രങ്ങളിലെയും കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img