10:33pm 04 June 2026
NEWS
അബുദാബി ബിഗ് ടിക്കറ്റിലൂടെ കൃഷ്ണകുമാറിന് ലഭിച്ചത് 52 കോടി രൂപ; തുക സുഹൃത്തിന്റെ ചികിത്സയ്ക്കെന്ന് നിലപാട്
04/06/2026  03:52 PM IST
nila
അബുദാബി ബിഗ് ടിക്കറ്റിലൂടെ കൃഷ്ണകുമാറിന് ലഭിച്ചത് 52 കോടി രൂപ; തുക സുഹൃത്തിന്റെ ചികിത്സയ്ക്കെന്ന് നിലപാട്

അബുദാബി: പ്രവാസികളെ വിടാതെ പിന്തുടരുകയാണ് അറേബ്യൻ ഭാ​ഗ്യദേവത. അബുദാബി ബിഗ് ടിക്കറ്റിലൂടെയും ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലൂടെയും ഇക്കുറിയും രണ്ട് പ്രവാസികളാണ് കോടിപതികളായിരിക്കുന്നത്. ബഹ്റൈനിലെ മലയാളി കൃഷ്ണകുമാർ ശ്യാമള രവീന്ദ്രനും ലീഗൽ കൗൺസിലർ ഗൗരവ് മദാനുമാണ് ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിച്ചവർ. 4.5 കോടിയിലേറെ ദിർഹം (ഏകദേശം 52 കോടി രൂപ) ആണ് അബുദാബി ബി​ഗ് ടിക്കറ്റിലൂടെ കൃഷ്ണകുമാറിന് ലഭിച്ചത്. 10 ലക്ഷം ഡോളർ (ഏകദേശം 9 കോടി രൂപ) ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലൂടെ ഗൗരവ് മദാന് സ്വന്തമായി. 

അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടിയ വിവരം സംഘാടകർ അറിയിക്കാൻ ശ്രമിച്ചപ്പോൾ കൃഷ്ണകുമാറിന്റെ ബഹ്റൈൻ നമ്പർ ലഭ്യമായിരുന്നില്ല. യുഎഇ സന്ദർശനത്തിനിടെ വാട്സാപ്പിലൂടെയാണ് അദ്ദേഹം ജീവിതത്തിലെ ഏറ്റവും വലിയ വാർത്ത അറിഞ്ഞത്. സഹോദരിക്കൊപ്പം എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അതിനാൽ സമ്മാനത്തുക ഇരുവരും തുല്യമായി പങ്കിടും. എന്നാൽ കോടീശ്വരനായ സന്തോഷത്തിനിടയിലും കൃഷ്ണകുമാറിന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഒരു സുഹൃത്തിന്റെ മുഖമാണ്.

മൂന്ന് മാസം മുൻപ് ബഹ്റൈനിൽ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ കർണാടക സ്വദേശിയായ സുഹൃത്ത് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലഭിച്ച സമ്മാനത്തുകയുടെ ഒരു ഭാഗം അദ്ദേഹത്തിന്റെ ചികിത്സയ്ക്കും നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനുമായി ചെലവഴിക്കാനാണ് കൃഷ്ണകുമാർ തീരുമാനിച്ചിരിക്കുന്നത്.

കടബാധ്യതയിൽനിന്ന് ആശ്വാസത്തിലേക്ക്

ദുബായിൽ താമസിക്കുന്ന ഗൗരവ് മദാനെ തേടിയെത്തിയ ഭാഗ്യവും അത്യന്തം നിർണായകമായ സമയത്തായിരുന്നു. പുതിയ വീട് വാങ്ങിയതിനെ തുടർന്ന് സാമ്പത്തിക സമ്മർദ്ദങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഓഫിസിൽ നിന്ന് അഡ്വാൻസ് ആവശ്യപ്പെട്ട് ഇമെയിൽ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ദുബായ് ഡ്യൂട്ടി ഫ്രീയിൽനിന്ന് ഫോൺവിളി എത്തിയത്. ആദ്യം അത് തമാശയാണെന്ന് കരുതിയെങ്കിലും പിന്നീട് തത്സമയ നറുക്കെടുപ്പ് പരിശോധിച്ചതോടെ സത്യം ബോധ്യപ്പെട്ടു. ജീവിതത്തിലെ വലിയ ആശങ്കകൾ ഒറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമായ ആ അനുഭവം അദ്ദേഹത്തെ കണ്ണീരിലാഴ്ത്തി.

വർഷങ്ങളായി ടിക്കറ്റുകൾ വാങ്ങുന്ന ഗൗരവ്, ഇത്തവണ ഓൺലൈൻ വഴിയാണ് ഭാഗ്യം പരീക്ഷിച്ചത്. ലഭിച്ച തുക ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിലും സ്ഥിരനിക്ഷേപങ്ങളിലുമായി നിക്ഷേപം നടത്താനാണ് തീരുമാനം. മകളുടെ ഉയർന്ന വിദ്യാഭ്യാസവും കുടുംബത്തിന്റെ സ്വപ്നഭവനവും ഇനി കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകാമെന്ന ആശ്വാസത്തിലാണ് അദ്ദേഹം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img