
കൊച്ചി: പത്രപ്രവര്‍ത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് എഴുത്തുകാരന് സക്കറിയയ്ക്ക് നല്കാന് പ്രസിഡന്റ് കെ.എം. ശരത് ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിന്റെ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. ആധുനിക മലയാള ഭാഷയിലെ ദൃഢവും ഊര്‍ജ്ജസ്വലവുമായ ശരീരവും മനസ്സും വെളിപ്പെടുന്ന രചനകളാണ് സക്കറിയയുടേത്. ചെറുകഥകള്‍, നോവലുകള്‍, യാത്രാവിവരണങ്ങള്‍, കോളങ്ങള്‍, ബാലസാഹിത്യകൃതികള്‍ എന്നിവയിലൂടെ അസാധാരണമായ വിഷയങ്ങളും പ്രമേയങ്ങളും മലയാള ഭാഷയ്ക്ക് അദ്ദേഹം സംഭാവന ചെയ്തു. ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ രചനകള്‍ ലോകശ്രദ്ധ നേടി. സര്‍ഗ്ഗാത്മക സംഭാവനകളിലൂടെ കേരള സമൂഹത്തിന് ഇന്നും വെളിച്ചം നല്കുന്ന എഴുത്തുകാരനാണ് സക്കറിയ എന്ന് അവാര്‍ഡ് സമിതി വിലയിരുത്തി. ജൂണ്‍ ഏഴിന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവുമാണ് അവാര്‍ഡ് ജേതാവിന് സമ്മാനിക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ പ്രൊഫ. കെ. സച്ചിദാനനന്ദന്, ഡോ. എം. ലീലാവതി, ടി. പത്മനാഭന്, എന്‍.എസ്. മാധവന്, പ്രഭാവര്‍മ്മ, എം. മുകുന്ദന്, സി. രാധാകൃഷ്ണന് എന്നിവര്‍ക്കാണ് എബ്രഹാം മാടമാക്കല്‍ അവാര്‍ഡ് നല്കി നവോത്ഥാന സാംസ്കാരിക കേന്ദ്രം ആദരിച്ചിട്ടുള്ളത്.മുതിര്‍ന്ന രാഷ്ട്രീയനേതാവും എല്‍.ഡി.എഫ് കണ്‍വീനറും ലോകസഭാംഗവുമായിരുന്ന എം.എം. ലോറന്‍സാണ് നവോത്ഥാന സാംസ്്കാരിക കേന്ദ്രത്തിന്റെ സ്ഥാപകന്‍.










