
ഗർഭപാത്രത്തിനുള്ളിൽവച്ച് ഭ്രൂണത്തിന് തലയോട്ടി കൃത്യമായി രൂപപ്പെടാതിരിക്കുകയും അതുവഴി തലച്ചോറിന് നാശം സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്രാനിയ.
തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതിക്ക് സഞ്ചരിക്കേണ്ടി വന്നത് 2250 കിലോമീറ്റർ. ലൂസിയാന സ്വദേശിനിയായ നാൻസി ഡേവിസാണ് ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടിവന്നത്. ലൂസിയാനയിൽ ഗർഭച്ഛിദ്രം നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാൽ, ജീവിക്കാൻ സാധ്യതയില്ലാത്ത ഭ്രൂണത്തെ ഗർഭച്ഛിദ്രം ചെയ്യുന്നതിനായി 2250 കിലോമീറ്റർ യാത്ര ചെയ്ത് മാൻഹട്ടനിലേക്കാണ് യുവതി പോയത്.
നാൻസിയുടെ നാലാമത്തെ കുഞ്ഞാണിത്. ഗർഭത്തിന്റെ പത്താം ആഴ്ച പിന്നിടുമ്പോഴാണ് അക്രാനിയ എന്ന രോഗാവസ്ഥ ഭ്രൂണത്തിനുള്ളതായി കണ്ടെത്തിയത്. ഗർഭപാത്രത്തിനുള്ളിൽവച്ച് ഭ്രൂണത്തിന് തലയോട്ടി കൃത്യമായി രൂപപ്പെടാതിരിക്കുകയും അതുവഴി തലച്ചോറിന് നാശം സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്രാനിയ. ഈ അവസ്ഥയിലുള്ള കുഞ്ഞ് ഗർഭകാലം പൂർത്തിയാക്കി ജനിക്കുകയാണെങ്കിൽ പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കുമത്രെ.
എന്നാൽ കുഞ്ഞിന്റെ നില അപകടകരമാണെന്ന് വൈദ്യ സ്ഥിരീകരണം ലഭിച്ചിട്ടും സംസ്ഥാനത്തിന്റെ ഗർഭച്ഛിദ്ര നിരോധന നിയമം മൂലം ലൂസിയാനയിൽ ഗർഭച്ഛിദ്രം നടത്താൻ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. തലയോട്ടിയില്ലാത്ത കുഞ്ഞിനെയും ഗർഭത്തിൽ ചുമന്നുകൊണ്ട് വീണ്ടും ആറാഴ്ചക്കാലമാണ് നാൻസിക്ക് കാത്തിരിക്കേണ്ടി വന്നത്. ഒടുവിൽ ഗർഭച്ഛിദ്രത്തിന് നിയമാനുമതിയുള്ള മാൻഹട്ടനിലേക്ക് ദീർഘദൂര യാത്രയും നടത്തേണ്ടി വന്നു.
ഒരുതരത്തിലും തനിക്ക് ജീവനോടെ ലഭിക്കില്ല എന്ന് അറിയുന്ന കുഞ്ഞിനെയും ഗർഭത്തിൽ വഹിച്ചുകൊണ്ട് കഴിയേണ്ടി വന്ന ആറാഴ്ചക്കാലം ജീവിതത്തിൽ ഏറ്റവും അധികം മാനസിക ആഘാതങ്ങൾ അനുഭവിച്ച ദിനങ്ങളായിരുന്നുവെന്നാണ് ഗർഭച്ഛിദ്രത്തിനു ശേഷം നാൻസിയുടെ പ്രതികരണം.