
ദോഹ: അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷനും (IHO), ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ജിയോഡസി (IAG) യും സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വൈസറി ബോർഡ് ഓൺ ദ ലോ ഓഫ് ദ് സീ (ABLOS) യുടെ 12-ാമത് സമ്മേളനം ദോഹയിൽ ആരംഭിച്ചു.
“Is UNCLOS Fit for Purpose in Modern Times? – Achievements, Challenges and Future Pathways” എന്നതാണ് ഒക്ടോബർ 7 മുതൽ 8 വരെ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനത്തിന്റെ പ്രമേയം. സമുദ്രനിയമവുമായി ബന്ധപ്പെട്ട ആഗോള-പ്രാദേശിക സംഘടനകളിലെ വിദഗ്ധരും ശാസ്ത്രജ്ഞരും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ നിലവിലെ നിയമവ്യവസ്ഥയിലെ പോരായ്മകളെയും ഭാവിയിലേക്കുള്ള പരിഷ്കാരപാതകളെയും ആഴത്തിൽ പരിശോധിക്കും.
ഖത്തർ ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ABLOS-മായുള്ള ദീർഘകാല സഹകരണബന്ധത്തിന്റെ പ്രതിഫലനമാണെന്ന്
ഉദ്ഘാടന സമ്മേളനത്തിൽപങ്കെടുത്ത വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറലും സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനുമായ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽഹമ്മാദിവ്യക്തമാക്കി. 2012-ൽ സിയോളിൽ നടന്ന ABLOS വാർഷിക യോഗത്തിൽ ഖത്തറിന്റെ പങ്കാളിത്തത്തോടെയാണ് ഈ ബന്ധം ആരംഭിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഖത്തർ ഇതിന് മുമ്പ് 2017 ഒക്ടോബറിലും സമ്മേളനത്തിന് വേദിയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ABLOS-ന്റെ ശാസ്ത്രീയ പ്രവർത്തനങ്ങൾക്ക് ഖത്തർ നൽകിയ നിരന്തര പിന്തുണയും അറബിക് ഭാഷയിലേക്ക് "Guide on the Technical Aspects of the Law of the Sea (TALOS)" എന്ന ഗ്രന്ഥത്തിന്റെ വിവർത്തനവും അദ്ദേഹം പ്രത്യേകമായി പരാമർശിച്ചു. അറബിക് ശാസ്ത്രീയ വസ്തുക്കളിൽ ഉള്ള പോരായ്മ നികത്തുന്നതിലും ഗവേഷകർക്കും പ്രായോഗികരംഗത്തുള്ള വിദഗ്ധർക്കും ഈ വിവർത്തനം വിലപ്പെട്ട റഫറൻസാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെ പ്രാബല്യം ഉറപ്പാക്കുന്നത് ഖത്തറിന് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണെന്നും, അത് സാർവഭൗമത്വത്തോടും സ്ഥിരതയുള്ള വികസനത്തോടും നേരിട്ട് ബന്ധപ്പെട്ടതാണെന്നും ഡോ. അൽ ഹമ്മാദി പറഞ്ഞു. ബ്രസീലിൽ നടന്ന കഴിഞ്ഞ ABLOS യോഗത്തിൽ, ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന പ്രമേയം ഖത്തർ തന്നെ നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉദ്ഘാടനച്ചടങ്ങിൽ അന്താരാഷ്ട്ര ട്രൈബ്യൂണൽ ഫോർ ദ ലോ ഓഫ് ദ് സീയുടെ പ്രസിഡന്റ് ജഡ്ജ് തോമസ് ഹൈദാർ, IHO ഡയറക്ടർ റിയർ അഡ്മിറൽ ലൂയിജി സിനാപ്പി, IAG പ്രസിഡന്റായ ഡോ. റിച്ചാർഡ് ഗ്രോസ് എന്നിവരും പങ്കെടുത്തു.











