08:37am 04 November 2026
NEWS
പ്രണയപ്പകയിൽ തീർത്ത കൊലപാതകം; അഭിരാമിനെ കെണിയിൽ വീഴ്ത്തിയത് ഇൻസ്റ്റഗ്രാം വഴി; പിന്നിൽ 17കാരന്റെ ആസൂത്രണം
04/11/2026  06:37 AM IST
nila
പ്രണയപ്പകയിൽ തീർത്ത കൊലപാതകം; അഭിരാമിനെ കെണിയിൽ വീഴ്ത്തിയത് ഇൻസ്റ്റഗ്രാം വഴി; പിന്നിൽ 17കാരന്റെ ആസൂത്രണം

 

തിരുവനന്തപുരം: പ്രണയബന്ധം തകർന്നതിന്റെ പക തീർക്കാൻ തിരഞ്ഞെടുത്തത് മറ്റൊരു കൗമാരക്കാരനെ. ലക്ഷ്യമിട്ട യുവാവിന്റെ അടുത്ത സുഹൃത്തിനെ ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് കൂട്ടുനിന്നത് കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച ക്രിമിനലും. ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന ആസൂത്രണത്തിന്റെ വിവരങ്ങളാണെന്ന് പൊലീസ്.

ഒന്നാം പ്രതിയായ 17കാരന്റെ മുൻ കാമുകി മറ്റൊരു കൗമാരക്കാരനുമായി പ്രണയത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. തന്നുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കാരണം പുതിയ കാമുകനാണെന്ന് വിശ്വസിച്ച പ്രതി ഇയാളോട് കടുത്ത വൈരാഗ്യം പുലർത്തി. പുതിയ കാമുകനെ അപായപ്പെടുത്താൻ പദ്ധതിയിട്ടെങ്കിലും അതിലേക്ക് എത്താനുള്ള വഴിയാണ് പിന്നീട് കണ്ടെത്തിയത്. ലക്ഷ്യമിട്ട യുവാവിന്റെ അടുത്ത സുഹൃത്തായ അഭിരാമിനെ ഇതിനായി ഉപയോഗിക്കുകയായിരുന്നു.

പെൺകുട്ടിയുടെ അക്കൗണ്ടിലൂടെ സൗഹൃദം

ഒന്നാം പ്രതിയുടെ ഇപ്പോഴത്തെ കാമുകിയായ ആനന്ദയുടെ മൊബൈൽ ഫോൺ സംഭവത്തിന് ദിവസങ്ങൾക്കുമുൻപേ ഇയാളുടെ കൈവശമായിരുന്നു. ഈ ഫോണിലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് അഭിരാമുമായി ബന്ധം സ്ഥാപിച്ചത്. തുടർച്ചയായി സന്ദേശങ്ങൾ അയച്ച് സൗഹൃദം വളർത്തി. പിന്നീട് പ്രണയാഭ്യർഥനയുടെ മറവിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാങ്ങപ്പാറയിലെ വിജനമായ പറമ്പിലേക്ക് അഭിരാമിനെ വിളിച്ചുവരുത്തി.

ബസിൽ യാത്ര ചെയ്തെത്തിയ അഭിരാം മൂന്നുമണിയോടെ സ്ഥലത്തെത്തി. അവിടെ ഒന്നാം പ്രതിയും ഉമറും കാത്തുനിൽക്കുന്നുണ്ടായിരുന്നു. അപകടം മണത്ത അഭിരാം അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ അനുവദിച്ചില്ല.

ലക്ഷ്യമിട്ടത് മറ്റൊരു കൗമാരക്കാരനെ

തങ്ങൾക്കു വൈരാഗ്യമുള്ള 17കാരനായ യുവാവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന് അഭിരാമിനെ നിർബന്ധിച്ചു. രണ്ടുതവണ ഫോണിൽ വിളിച്ചെങ്കിലും സുഹൃത്ത് സ്ഥലത്തെത്താൻ തയാറായില്ല. അവിടെ വരില്ലെന്നും വേണമെങ്കിൽ തന്റെ അടുത്തേക്ക് വരാമെന്നും ഇയാൾ മറുപടി നൽകി. വീണ്ടും വിളിക്കണമെന്ന പ്രതികളുടെ നിർദേശവും അഭിരാം നിരസിച്ചു.

ഇതോടെ അഭിരാമിനെ മടങ്ങിപ്പോകാൻ അനുവദിക്കാതെ പ്രതികൾ ബലംപ്രയോഗിച്ചു. തുടർന്നുണ്ടായ സംഘർഷത്തിനിടെ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഞായറാഴ്ച വൈകിട്ട് ആറിനും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

ചാക്കിൽ കെട്ടി കായലിൽ ഉപേക്ഷിക്കാൻ പദ്ധതി

കൊലപാതകത്തിനു പിന്നാലെ മൃതദേഹം ചാക്കിലാക്കി കായലിൽ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ നീക്കം. ഇതിനായി ചാക്ക് എത്തിച്ച് മൃതദേഹം അതിനുള്ളിലാക്കി. എന്നാൽ രാത്രിയിൽ ശക്തമായ മഴ പെയ്തതോടെ പദ്ധതി നടപ്പാക്കാനായില്ല. മൃതദേഹം അവിടെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. അഭിരാമിന്റെ ഫോണും നശിപ്പിച്ചു.

പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യം ലക്ഷ്യമിട്ടു

പൊലീസ് പിടികൂടിയാൽ കൊലപാതകത്തിന്റെ ഉത്തരവാദിത്തം മുഴുവൻ 17കാരനായ ഒന്നാം പ്രതി ഏറ്റെടുക്കണമെന്നായിരുന്നു പ്രതികൾ തമ്മിലുള്ള ധാരണയെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കുറഞ്ഞ ശിക്ഷ ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്.

ആദ്യം ചോദ്യം ചെയ്തപ്പോൾ കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്നും പിന്നീട് ഉമർ സ്ഥലത്തെത്തിയെന്നുമാണ് ഒന്നാം പ്രതി പറഞ്ഞത്. എന്നാൽ തുടർ അന്വേഷണത്തിൽ രണ്ടാം പ്രതിയുടെ പങ്കും വ്യക്തമായതായി പൊലീസ് അറിയിച്ചു.

മോഷണക്കേസുകളിലും ഒരുമിച്ച് പ്രതികൾ

രണ്ടാം പ്രതിയായ ശ്രീകാര്യം കല്ലമ്പള്ളി പുതുവൽ പുത്തൻവീട്ടിൽ ഉമർ മുഫ്താർ (22) പൊലീസിന്റെ നിരീക്ഷണത്തിലുള്ള സ്ഥിരം കുറ്റവാളിയാണെന്ന് അധികൃതർ പറയുന്നു. മോഷണം, അടിപിടി തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശ്രീകാര്യം, പേട്ട സ്റ്റേഷനുകളിലായി അഞ്ചിലേറെ കേസുകൾ ഇയാൾക്കെതിരെയുണ്ട്. കാപ്പ നിയമപ്രകാരം ആറുമാസം തടവുശിക്ഷ അനുഭവിച്ച ഉമർ സെപ്റ്റംബർ ഒൻപതിനാണ് പുറത്തിറങ്ങിയത്.

വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ പ്രധാന രീതിയെന്ന് പൊലീസ് പറയുന്നു. ഒന്നാം പ്രതിയായ 17കാരൻ ഉമറിന്റെ അടുത്ത സുഹൃത്താണ്. ഉമർ പ്രതിയായ മൂന്ന് മോഷണക്കേസുകളിൽ കൗമാരക്കാരനും രണ്ടാം പ്രതിയായിരുന്നു. മോഷണങ്ങൾ നടത്തുന്നതിന് മുൻപ് ഇരുവരും ആശയവിനിമയം നടത്തി പദ്ധതികൾ തയ്യാറാക്കിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വീടുകൾ തമ്മിൽ അധികം ദൂരമില്ല

കൊല്ലപ്പെട്ട അഭിരാമും പ്രതികളും ഒരേ പ്രദേശത്തുള്ളവരാണ്. പാങ്ങപ്പാറ സംഗീത നഗർ നേതാജി ലൈനിൽ വാടകയ്ക്കാണ് അഭിരാമിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കമുകിൻകോടാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് ഒന്നാം പ്രതിയുടെ താമസസ്ഥലമായ പേരൂർ.

ആളൊഴിഞ്ഞ പ്രദേശമായ ഇവിടെ സാമൂഹികവിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും സാന്നിധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണത്തിൽ കമ്മിഷണർ

അഭിരാമിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ വ്യക്തമാക്കി. നവംബർ ഒന്നിന് രാവിലെ 10.52നാണ് അഭിരാമിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധു സ്റ്റേഷനിലെത്തിയത്. തുടർന്ന് കൺട്രോൾ റൂമിനെയും എഎസ്ഐയെയും വിവരം അറിയിക്കുകയും ബന്ധുക്കൾക്കൊപ്പം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിസരത്ത് പരിശോധന നടത്തുകയും ചെയ്തു.

അഭിരാമിന്റെ ഫോൺ അവസാനമായി ഓഫായത് മൺവിളയിലെ സെമിനാരിക്ക് സമീപമാണെന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുലർച്ചെ മൂന്നുമണിയോടെ ഒന്നാം പ്രതിയുടെ വീട്ടിലെത്തി 17കാരനെയും പിതാവിനെയും സ്റ്റേഷനിലെത്തിച്ചു.

ബന്ധുക്കളും കൗമാരക്കാരനും തമ്മിൽ സ്റ്റേഷനിൽ തർക്കമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. പിന്നീട് വീട്ടിലേക്ക് അയച്ച 17കാരനെ അടുത്ത ദിവസം രാവിലെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇൻസ്റ്റഗ്രാം വഴി സന്ദേശങ്ങൾ അയച്ച കാര്യം മാത്രമാണ് ഇയാൾ ആദ്യം സമ്മതിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഉമറിന്റെ പങ്ക് കണ്ടെത്തിയത്. ഉമറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതെന്നും കമ്മിഷണർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img