
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവയ്ക്കുകയും തെളിവുകൾ നശിപ്പിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.
ഉമർ മുഫ്തറിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിൽ മറ്റൊരാളുടെ ഇടപെടലിനെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. കൊലപാതകത്തിനു പിന്നാലെ സംഭവസ്ഥലത്തുനിന്ന് ഉമർ മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ച് സഹായം തേടിയതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു ശേഷമുള്ള പ്രതികളുടെ നീക്കങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.
അഭിരാമിനെ ഏറെ നേരം ക്രൂരമായി മർദിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ഗുരുതരമായ പരുക്കുകളുടെ അടയാളങ്ങളുണ്ട്. കല്ലുകൊണ്ടുള്ള ആക്രമണത്തിലും കുട്ടിക്ക് പരുക്കേറ്റിരുന്നു. കൈകളും ബെൽറ്റും ഉപയോഗിച്ച് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ട മർദനത്തിനിടെ അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിടികൂടി നിലത്തിട്ട് ചവിട്ടുകയായിരുന്നു. തുടർന്ന് തല ഭിത്തിയിൽ ഇടിപ്പിച്ചു. അവശനായി വീണ അഭിരാമിന്റെ വായിൽ തുണി തിരുകിയ ശേഷമാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും അന്വേഷണസംഘം പറയുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയായ 17കാരനെ പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ പ്രവേശിപ്പിച്ചു. രണ്ടാം പ്രതി ഉമർ മുഫ്തറും മൂന്നാം പ്രതി ആനന്ദും റിമാൻഡിലാണ്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും തെളിവ് നശിപ്പിക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.










