01:04pm 06 November 2026
NEWS
ശ്രീകാര്യം അഭിരാം കൊലപാതകം: ഒന്നാം പ്രതിക്ക് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് സുഹൃത്തിന്റെ മൊഴി
06/11/2026  06:52 AM IST
nila
ശ്രീകാര്യം അഭിരാം കൊലപാതകം: ഒന്നാം പ്രതിക്ക് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് സുഹൃത്തിന്റെ മൊഴി

തിരുവനന്തപുരം: ശ്രീകാര്യത്ത് അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിയായ 17കാരന് അഭിരാമിനോടും സുഹൃത്തിനോടും മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് സ്ഥിരീകരിക്കുന്ന നിർണായക മൊഴി പോലീസിന് ലഭിച്ചു. അഭിരാമിന്റെ സുഹൃത്താണ് രണ്ടാഴ്ച മുമ്പ് ഒന്നാം പ്രതി ഇരുവരെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തിയത്. പെൺസുഹൃത്തിന്റെ ഫോട്ടോയെച്ചൊല്ലിയുള്ള തർക്കമാണ് അന്ന് സംഘർഷത്തിന് കാരണമായത്. വീണ്ടും മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി അന്ന് മടങ്ങിയതെന്നും മൊഴിയിലുണ്ട്.

ഇതേ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സുഹൃത്തിനെ അവിടേക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അഭിരാമിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.

എന്നാൽ കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണോ, കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിലുള്ള വൈരാഗ്യമാണോ എന്ന കാര്യത്തിൽ പോലീസിന് ഇതുവരെ വ്യക്തതയായിട്ടില്ല. ആനന്ദയെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

അതിനിടെ കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യയും അറസ്റ്റിലായി. കൊലപാതകത്തിന്റെ ആസൂത്രണം മുതൽ തെളിവുകൾ നശിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ഐശ്വര്യക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 17കാരനായ ഒന്നാം പ്രതി, ഉമർ, ആനന്ദ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

അഭിരാമിന്റെ സുഹൃത്തും ഒന്നാം പ്രതിയുടെ മുൻകാമുകിയും തമ്മിലുള്ള പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. സുഹൃത്തിനെ അഭിരാമിലൂടെ വിളിച്ചുവരുത്താനുള്ള ശ്രമം പരാജയപ്പെട്ടതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കരുതിയിരുന്നു.

എന്നാൽ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതികൾ ഈ കഥ മെനഞ്ഞതാകാമെന്ന സംശയവും പോലീസിനുണ്ട്. ആനന്ദയുടെ ചില സ്വകാര്യ ദൃശ്യങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിച്ചിരുന്നുവെന്നും ഇതിന് പിന്നിൽ അഭിരാമിന്റെ സുഹൃത്താണെന്ന് പ്രതികൾ സംശയിച്ചിരുന്നുവെന്നുമാണ് അന്വേഷണസംഘത്തിന് ലഭിച്ച പുതിയ വിവരം. ഈ സംശയമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിലാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img