12:33pm 13 November 2026
NEWS
‘പട്ടിണി മാത്രമായിരുന്നു ഇന്ന്, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’; അഭിമന്യുവിന്റെ ഹൃദയസ്പർശിയായ കുറിപ്പ് കോടതിയിൽ
13/11/2026  12:12 PM IST
nila
‘പട്ടിണി മാത്രമായിരുന്നു ഇന്ന്, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’; അഭിമന്യുവിന്റെ ഹൃദയസ്പർശിയായ കുറിപ്പ് കോടതിയിൽ

 

കൊച്ചി: അഭിമന്യു വധക്കേസ് വിചാരണയ്ക്കിടെ, കൊല്ലപ്പെട്ട വിദ്യാർഥിയുടെ ജീവിതത്തിലെ ദാരിദ്ര്യവും അതിജീവന പോരാട്ടവും വ്യക്തമാക്കുന്ന ഹൃദയസ്പർശിയായ കുറിപ്പ് കോടതിയിൽ ഹാജരാക്കി. പഠനകാലത്ത് തനിക്ക് ഭക്ഷണം നൽകിയ ഒരു കുട്ടിയോട് നന്ദി അറിയിച്ച് അഭിമന്യു എഴുതിയ കുറിപ്പാണ് മഹാരാജാസ് കോളജിലെ അന്നത്തെ കെഎസ്‌യു ഭാരവാഹിയായ തംജത്ത് കോടതിയിൽ സമർപ്പിച്ചത്.

നോട്ട്ബുക്കിൽനിന്ന് കീറിയെടുത്ത കടലാസിലായിരുന്നു അഭിമന്യുവിന്റെ വാക്കുകൾ. ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം. വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’ എന്നായിരുന്നു കുറിപ്പിലെ വരികൾ. ഭക്ഷണം നൽകിയ കുട്ടിയുടെ പാത്രത്തിൽ അഭിമന്യു ഈ കുറിപ്പ് വച്ചതാണെന്ന് സാക്ഷി മൊഴി നൽകി. പിന്നീട് ഈ കുറിപ്പിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയായിരുന്നു തംജത്ത്.

പട്ടിണിയോടും സാമ്പത്തിക ബുദ്ധിമുട്ടുകളോടും പോരാടിയാണ് അഭിമന്യു പഠനവും സംഘടനാ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോയിരുന്നതെന്ന് വ്യക്തമാക്കാനാണ് കുറിപ്പ് കോടതിയിൽ ഹാജരാക്കിയത്.

2018ൽ മഹാരാജാസ് കോളജിൽ എസ്എഫ്ഐയും മറ്റു വിദ്യാർഥി സംഘടനകളും തമ്മിൽ സംഘർഷങ്ങളുണ്ടായിരുന്നില്ലെന്നും തംജത്ത് മൊഴി നൽകി. അഭിമന്യു കൊല്ലപ്പെട്ട ദിവസം രാത്രി ഒന്നാം പ്രതിയായ മുഹമ്മദ് തന്നെ ഫോണിൽ വിളിച്ചിരുന്നു. കോളജ് ഗേറ്റിന് സമീപം നിർത്തിയിട്ടിരുന്ന തന്റെ ബൈക്ക് അവിടെനിന്ന് മാറ്റണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് ആക്രമണത്തെക്കുറിച്ച് വിവരം അറിഞ്ഞതെന്നും സാക്ഷി പറഞ്ഞു.

അഭിമന്യുവിന്റെ മരണം തന്നെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നും അതിൽനിന്ന് മോചിതനാകാൻ ഒരു വർഷത്തോളം സമയമെടുത്തെന്നും തംജത്ത് കോടതിയിൽ വ്യക്തമാക്കി.

എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ മുമ്പാകെയാണ് കേസിന്റെ വിചാരണ നടക്കുന്നത്. സാക്ഷിവിസ്താരം ഇന്നും തുടരും. ജി. മോഹൻരാജാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img