01:03am 21 September 2026
NEWS
സോനം വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചതിനെ സ്വാ​ഗതം ചെയ്യുന്നു; സമരം തുടരുമെന്നും അഭിജിത് ദീപ്കെ
24/07/2026  06:48 AM IST
nila
സോനം വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചതിനെ സ്വാ​ഗതം ചെയ്യുന്നു; സമരം തുടരുമെന്നും അഭിജിത് ദീപ്കെ

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരസമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വാങ്ചുക്കിന്റെ ആരോഗ്യവും ജീവനും രാജ്യത്തിന് അതീവ വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ തീരുമാനം ആശ്വാസം പകരുന്നതാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ദീപ്കെ പറഞ്ഞു.

26 ദിവസം നീണ്ടുനിന്ന ഉപവാസത്തിലൂടെ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്താൻ വാങ്ചുക്കിന് കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും നന്ദിയറിയിക്കുന്നുവെന്നും ദീപ്കെ വ്യക്തമാക്കി. എന്നാൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, സമരവേദിയിലേക്ക് ഭക്ഷണം എത്തിച്ച മൂന്ന് യുവാക്കളെ ഡൽഹി പൊലീസ് നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തതായി ദീപ്കെ മറ്റൊരു പോസ്റ്റിലൂടെ ആരോപിച്ചു. നിരവധി വിദ്യാർഥികളെ യാതൊരു കാരണവുമില്ലാതെ കസ്റ്റഡിയിലെടുത്തതായും സെൻട്രൽ ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കിയതായും അദ്ദേഹം വിമർശിച്ചു. പൊലീസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങാതെ നിയമപരമായി പ്രവർത്തിക്കണമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെയാണ് സോനം വാങ്ചുക്ക് നിരാഹാരസമരം അവസാനിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും പങ്കെടുത്തു.

തുടർന്ന് നടത്തിയ പ്രതികരണത്തിൽ, വിവിധ തലങ്ങളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഉപവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് വാങ്ചുക്ക് അറിയിച്ചു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img