
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വ്യാപകമായ ക്രമക്കേടുകളും അട്ടിമറിയും നടക്കുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സിജെപി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജീത് ദിപ്‌കെ. തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം അതേ സംവിധാനത്തിൽ വീണ്ടും മത്സരിക്കുന്നത് ആരോപിക്കുന്ന ക്രമക്കേടുകൾക്ക് തന്നെ അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ദിപ്‌കെ പ്രതിപക്ഷ പാർട്ടികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷമല്ലെന്ന് ആവർത്തിച്ച് പറയുന്നതിനൊപ്പം മത്സരത്തിൽ തുടരുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിനെ ക്രിക്കറ്റിലെ ഒത്തുകളിയുമായി താരതമ്യം ചെയ്ത ദിപ്‌കെ, മത്സരം യഥാർഥമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി പ്രതിപക്ഷത്തിന് ചെറിയ വിജയങ്ങൾ പോലും അനുവദിക്കപ്പെടാമെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം വിജയങ്ങൾ മത്സരം സുതാര്യവും യഥാർഥവുമാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള തന്ത്രമാകാമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടുകൾ മോഷ്ടിക്കപ്പെടുന്നുവെന്നും എംഎൽഎമാരെയും എംപിമാരെയും മറുകണ്ടം ചാടിക്കുന്നുവെന്നും പാർട്ടികളെ പിളർക്കുന്നുവെന്നും ആരോപിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നിലനിൽപ്പ് മാത്രം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിൽ തുടരുന്നതിൽ എന്ത് അർഥമാണുള്ളതെന്നും ദിപ്‌കെ ചോദിച്ചു.
തിരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്ന നിലപാടിലെ ഇരട്ടത്താപ്പിനെയും അദ്ദേഹം വിമർശിച്ചു. തങ്ങൾക്ക് രാഷ്ട്രീയ തിരിച്ചടി നേരിടുന്ന സംസ്ഥാനങ്ങളിൽ മാത്രം തിരഞ്ഞെടുപ്പ് ക്രമക്കേട് ഉന്നയിക്കുകയും മറ്റിടങ്ങളിൽ അതേക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
ഏത് സംസ്ഥാനത്തായാലും ഏത് രാഷ്ട്രീയ പാർട്ടിക്കാണ് തിരിച്ചടിയുണ്ടാകുന്നതെന്നത് പരിഗണിക്കാതെ തിരഞ്ഞെടുപ്പ് ക്രമക്കേടിനെ ഒരേ രീതിയിൽ കാണണമെന്നും ദിപ്‌കെ പറഞ്ഞു.
‘കളി അട്ടിമറിക്കപ്പെട്ടതാണെന്ന് പറയുകയും അതേ കളിയിൽ തുടരുകയും ചെയ്യാനാകില്ല. അത്തരം തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നത് അവയ്ക്ക് നിയമസാധുത നൽകുകയാണ്. രാഷ്ട്രീയ നിലനിൽപ്പിനേക്കാൾ രാജ്യത്തെയും ജനാധിപത്യത്തെയും പരിഗണിക്കണം. ഉറച്ച നിലപാട് സ്വീകരിച്ച് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നിന്ന് പിന്മാറണം’ എന്നും ദിപ്‌കെ ആവശ്യപ്പെട്ടു.










