
മുംബൈ: രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാര നിർദേശങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ക്യാ ബോൽതി പബ്ലിക്’ എന്ന പേരിൽ രാജ്യവ്യാപക ജനസമ്പർക്ക ക്യാംപെയ്ൻ ആരംഭിക്കുന്നതായി കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണമായിരിക്കും ക്യാംപെയ്നിന്റെ ആദ്യഘട്ട പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സിജെപിയുടെ കോർ ടീം യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിപ്കെ. സ്കൂൾ, കോളജ്, കോച്ചിങ് സ്ഥാപനങ്ങളിലെ കുത്തനെ ഉയർന്ന ഫീസ് സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്കുപോലും വർഷത്തിൽ ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപവരെ ഫീസ് നൽകേണ്ട സാഹചര്യമുണ്ട്. ഇതിന് പുറമേ ഡൊണേഷനും ഈടാക്കുന്നു. കോളജുകളുടെയും കോച്ചിങ് സ്ഥാപനങ്ങളുടെയും ഫീസും കുത്തനെ വർധിച്ചതോടെ നിരവധി കുടുംബങ്ങൾ വായ്പയെ ആശ്രയിക്കേണ്ടിവരുകയാണ്. ഈ അവസ്ഥയിൽ നിന്ന് കുടുംബങ്ങളെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” ദിപ്കെ പറഞ്ഞു.
വിദ്യാഭ്യാസം ഒരു മൗലികാവകാശമാണെന്ന് ഡോ. ബി.ആർ. അംബേദ്കർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാഭ്യാസം ലാഭം ലക്ഷ്യമാക്കിയ ബിസിനസായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുമായി നേരിട്ട് സംവദിച്ച് വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുപ്രശ്നങ്ങളിൽ അഭിപ്രായങ്ങൾ ശേഖരിക്കുകയാണ് ‘ക്യാ ബോൽതി പബ്ലിക്’ ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നതെന്ന് ദിപ്കെ വ്യക്തമാക്കി. ജനങ്ങളുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി നയപരമായ ഇടപെടലുകളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










