
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറുണ്ടായി. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി വേദിയിലെത്തി ദിപ്കെയ്ക്ക് നേരെ മഷി ഒഴിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവേദിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു.
ദിപ്കെയുടെ അനുയായികൾ വേദിയിലേക്ക് ഓടിക്കയറുകയും സംഘർഷാവസ്ഥ സംജാതമാകുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പങ്കുവെച്ച ദിപ്കെ, "നീല എന്റെ നിറമാണ്... ജയ് ഭീം!" എന്ന കുറിപ്പും എക്‌സിൽ പങ്കുവച്ചു. മഷിയേറിന് പിന്നിലെ സ്ത്രീയുടെ വ്യക്തിവിവരങ്ങളോ ആക്രമണത്തിന്റെ ഉദ്ദേശ്യമോ ഇതുവരെ വ്യക്തമല്ല.
സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിനെ പോലീസ് നിരാഹാര സമരവേദിയിൽ നിന്ന് ബലമായി മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്. അതിനിടെയാണ് മഷിയേറ് നടന്നത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജൂൺ 28 മുതലാണ് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. 21 ദിവസത്തെ സമരത്തിനിടെ അദ്ദേഹത്തിന് ഏകദേശം 9.5 കിലോഗ്രാം ഭാരം കുറഞ്ഞതായും ആരോഗ്യനില ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, പ്രതിഷേധത്തിനിടെ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി അഭിജിത് ദിപ്കെ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചു.
ഇതിനിടെ, സോനം വാങ്ചുക്കിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ ദേശീയ നേതൃത്വവും രംഗത്തെത്തി. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജിയും ജോയിന്റ് സെക്രട്ടറി അയിഷെ ഘോഷും ജന്തർ മന്തറിലെ ക്രാന്തി കോർണറിൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് എക്‌സിലൂടെ അറിയിച്ചു.










