03:46pm 23 November 2026
NEWS
ന്യൂയോർക്ക് സെനറ്റിലേക്ക് ആദ്യ പലസ്തീനി വനിത; 74.5 ശമാനം വോട്ടോടെ ചരിത്രവിജയം
23/11/2026  06:14 AM IST
nila
ന്യൂയോർക്ക് സെനറ്റിലേക്ക് ആദ്യ പലസ്തീനി വനിത; 74.5 ശമാനം വോട്ടോടെ ചരിത്രവിജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പലസ്തീനി, ആദ്യ മുസ്‌ലിം വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കി അബർ കവാസ് (34). വടക്കുപടിഞ്ഞാറൻ ക്വീൻസ് ഉൾപ്പെടുന്ന 12-ാം സെനറ്റ് മണ്ഡലത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഹാൻ ഖോൻ ടോയെ 74.5 ശതമാനം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കവാസ് വിജയിച്ചത്. ന്യൂയോർക്കിലെ ഏറ്റവും വലിയ അറബ് ജനവിഭാഗങ്ങളിലൊന്ന് താമസിക്കുന്ന മണ്ഡലമാണിത്. പ്രദേശത്തെ ജനങ്ങളിൽ പകുതിയോളം പേർ അമേരിക്കയ്ക്ക് പുറത്തു ജനിച്ചവരാണ്.

നവംബർ 3-ന് തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷത്തിൽ 'ന്യൂയോർക്ക് സെനറ്റ് ചരിത്രത്തിലെ ആദ്യ പലസ്തീനി വനിതയെ നിങ്ങളാണ് തിരഞ്ഞെടുത്തത്' എന്ന് ആഹ്ലാദത്തോടെ പ്രഖ്യാപിച്ച കവാസിന് വലിയ പിന്തുണയാണ് ലഭിച്ചത്. 'ഫ്രീ, ഫ്രീ പലസ്തീൻ' മുദ്രാവാക്യങ്ങളും ഉയർന്നു.

ന്യൂയോർക്ക് മേയർ സൊറാൻ മംദാനി സംസ്ഥാന നിയമസഭാംഗമായിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള കവാസിന്റെ സംഘടനാ മികവാണ് സ്ഥാനാർഥിയായി പരിഗണിക്കാൻ കാരണമായത്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം തനിക്ക് താൽപര്യമില്ലായിരുന്നുവെന്നും രാഷ്ട്രീയ സംവിധാനത്തോട് ഏറെക്കാലം വിശ്വാസക്കുറവുണ്ടായിരുന്നുവെന്നും കവാസ് പറയുന്നു. സ്ഥാനാർഥിയാകാൻ ഡി.എസ്.എ പ്രവർത്തകർ നിരന്തരം നിർബന്ധിച്ചതോടെയാണ് സമ്മതിച്ചത്.

പലസ്തീൻ വിമോനത്തോടുള്ള പ്രതിബദ്ധതയിൽ വിട്ടുവീഴ്ച ചെയ്യാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനാകുമോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യമാണ് മത്സരിക്കാൻ പ്രേരിപ്പിച്ചതെന്ന് അവർ വ്യക്തമാക്കി. 'പലസ്തീൻ അനുകൂല നിലപാടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയമായി തോന്നിയത്' എന്നും കവാസ് പറഞ്ഞു.

പലസ്തീൻ വേരുകളും കുടിയേറ്റ കുടുംബത്തിന്റെ ജീവിതവും

കവാസിന്റെ മാതാപിതാക്കൾ പലസ്തീനിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. പിതാവിന് 1948-ലും മാതാവിന് 1967-ലുമാണ് വീടും നാടും നഷ്ടപ്പെട്ടത്. പിന്നീട് ജോർദാനിൽ അയൽക്കാരായി വളർന്ന ഇരുവരും പ്രണയത്തിലായി വിവാഹിതരാവുകയും 1990-കളിൽ കുഞ്ഞായ മകനൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. പിന്നീട് മൂന്ന് പെൺമക്കൾ കൂടി ജനിച്ചു. നാല് മക്കളിൽ മൂന്നാമത്തെയാളാണ് അബർ കവാസ്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ സംഭവം കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കി. 9/11-ന് ശേഷമുള്ള ന്യൂയോർക്കിലെ മുസ്‌ലിം സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ പതിവായിരുന്നുവെന്ന് കവാസിന്റെ മാതാവ് മനാൽ അബു സമാഹ പറഞ്ഞു. പിതാവിന്റെ തടങ്കലിനെ തുടർന്ന് വാരാന്ത്യങ്ങളിൽ ജയിലിൽ സന്ദർശിക്കേണ്ടിവന്നതും കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു.

'ആഗ്രഹിച്ചാലും ഇല്ലെങ്കിലും എനിക്ക് ജോലി ചെയ്യേണ്ടിവന്നു. കുടുംബത്തിൽ അച്ഛനും അമ്മയും പുരുഷനും സ്ത്രീയും ഒരുപോലെ ആകേണ്ടിവന്നു' എന്നാണ് മാതാവ് പറഞ്ഞത്.

കൗമാരകാലത്ത് രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കണമെന്ന ആവശ്യവുമായി കവാസ് അൽബാനിയിലേക്ക് യാത്രചെയ്ത് കുടുംബത്തിന്റെ അനുഭവങ്ങൾ നിയമനിർമാതാക്കളോട് പങ്കുവെച്ചിരുന്നു. കോളജ് സ്കോളർഷിപ്പിന് അർഹതയില്ലാതിരുന്ന സഹോദരന്റെ അനുഭവവും അന്ന് ഉന്നയിച്ചു. എന്നാൽ അന്നത്തെ നിയമനിർമാതാക്കൾക്ക് വിഷയത്തിൽ താൽപര്യമുണ്ടായിരുന്നില്ലെന്നാണ് കവാസ് ഓർക്കുന്നത്. ഈ അനുഭവമാണ് സാമൂഹിക ഇടപെടലുകളിലേക്കും പൊതുപ്രവർത്തനങ്ങളിലേക്കും തന്നെ നയിച്ചതെന്ന് അവർ പറയുന്നു.

പലസ്തീൻ നിലപാടും തിരഞ്ഞെടുപ്പ് വിജയവും

മംദാനിയുടെയും ഡി.എസ്.എയുടെയും പിന്തുണയോടെ നടത്തിയ പ്രചാരണത്തിൽ ആയിരത്തിലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. വീടുകൾ സന്ദർശിച്ചും ഫോൺവിളികൾ നടത്തിയും വോട്ടർമാരെ സമീപിച്ച പ്രചാരണത്തിൽ താങ്ങാനാവുന്ന ഭവനങ്ങൾ, ആരോഗ്യപരിരക്ഷ, പൊതുഗതാഗതം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പലസ്തീൻ ഐക്യദാർഢ്യവും പ്രധാന വിഷയമായി ഉയർത്തി.

പലസ്തീനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്ന് മംദാനിക്ക് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും അത് ജനവിശ്വാസം നേടാൻ സഹായിച്ചുവെന്നാണ് കവാസിന്റെ വിലയിരുത്തൽ. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന ആശങ്കയും ഇതോടെ കുറഞ്ഞു.

'പലസ്തീൻ വിമോനം ന്യൂയോർക്കിലെയും അമേരിക്കയിലെയും സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളിൽനിന്ന് വേറിട്ട ഒന്നല്ല. അവരുടെ ദൈനംദിന ജീവിതത്തിനും അതുമായി ബന്ധമുണ്ട്' എന്നാണ് കവാസിനെ പിന്തുണച്ച സാമൂഹിക പ്രവർത്തക ഡോറീൻ മുഹമ്മദ് അഭിപ്രായപ്പെട്ടത്.

പലസ്തീൻ വിഷയത്തിൽ തുറന്ന നിലപാട് സ്വീകരിച്ചത് പ്രാദേശിക നേതാക്കളുടെ വിശ്വാസം നേടാൻ സഹായിച്ചെന്നാണ് കവാസ് പറയുന്നത്. എന്നാൽ ഈ വിജയം അമേരിക്കൻ നയങ്ങളിൽ മാറ്റം വരുത്തുമോ എന്നത് വലിയ ചോദ്യമായി തുടരുന്നു.

'നേതൃത്വത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വെല്ലുവിളി'

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ നേടിയ പുതിയ അധികാരം അമേരിക്കയുടെ ഇസ്രയേൽ പിന്തുണ അവസാനിപ്പിക്കാൻ ഉപയോഗിക്കാനാകുമോ എന്നതാണ് നിർണായകമെന്ന് കൊളംബിയ സർവകലാശാലയിലെ പശ്ചിമേഷ്യൻ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന നരവംശശാസ്ത്രജ്ഞ സമീ സുലൈമാൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സംവിധാനത്തോട് സംശയമുള്ളവർക്ക് ഈ വിജയം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അത് എത്രത്തോളം നയപരമായ മാറ്റത്തിലേക്ക് നയിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

നിയമസഭാ നേതൃത്വത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെയാണ് പ്രധാന വെല്ലുവിളിയായി കവാസ് കാണുന്നത്. നിയമസഭയിൽ ഡിഎസ്എ ഇപ്പോഴും ന്യൂനപക്ഷമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

തന്റെ ആദ്യ പരിഗണന 2023-ൽ അന്നത്തെ നിയമസഭാംഗം സൊറാൻ മംദാനിയുമായി ചേർന്ന് തയ്യാറാക്കിയ 'നോട്ട് ഓൺ ഔർ ഡൈം!' (Not on Our Dime!) ബിൽ വീണ്ടും മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് കവാസ് പറഞ്ഞു. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ നിയമവിരുദ്ധ ഇസ്രയേൽ കുടിയേറ്റ പ്രവർത്തനങ്ങൾക്ക് ന്യൂയോർക്കിലെ ലാഭേച്ഛയില്ലാത്ത സംഘടനകൾ സാമ്പത്തിക പിന്തുണ നൽകുന്നത് തടയുകയാണ് ബില്ലിന്റെ ലക്ഷ്യം. നേരത്തെ തള്ളിക്കളഞ്ഞ ഈ ബിൽ ഇപ്പോൾ സംസ്ഥാന സെനറ്റിൽ വീണ്ടും പരിഗണനയ്ക്കെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ വിജയിച്ചതുപോലെ മാറ്റം സാധ്യമാണെന്ന് കവാസ് വിശ്വസിക്കുന്നു. 'ജനങ്ങളുടെ ശക്തി നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ അതാണ് നിങ്ങളുടെ കരുത്ത്. നിങ്ങൾ ഉത്തരവാദികളായിരിക്കേണ്ടതും ആ ജനങ്ങളോടാണ്' എന്നാണ് കവാസ് വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img