10:30pm 25 June 2026
NEWS
നാട്ടിലെത്തിയ അബ്ദുറഹീം താരപരിവേഷത്തോടെ; ക്രൗഡ്ഫണ്ടിംഗിലൂടെ സ്വരൂപിച്ച തുകയിൽ ബാക്കി വന്ന 11 കോടി രൂപയുടെ കാര്യത്തിൽ ദുരൂഹമായ അവ്യക്തത
25/06/2026  09:21 PM IST
നെല്ലിക്കുത്ത് ഹനീഫ
നാട്ടിലെത്തിയ അബ്ദുറഹീം താരപരിവേഷത്തോടെ; ക്രൗഡ്ഫണ്ടിംഗിലൂടെ സ്വരൂപിച്ച തുകയിൽ ബാക്കി വന്ന 11 കോടി രൂപയുടെ കാര്യത്തിൽ ദുരൂഹമായ അവ്യക്തത

നാട്ടിലെങ്ങും 'റഹീമിന്' സ്വീകരണമാണിപ്പോൾ. ചാനലുകാരും, ഓൺലൈനുകാരും സദാ അയാൾക്ക് പിറകെയാണ്. അയാളുടെ വിടുവായിത്തങ്ങളും, ന്യായീകരണങ്ങളും അവർ ആഘോഷിക്കുകയാണ്. ക്യാമറകൾക്ക് മുന്നിൽ അയാളുടെ പ്രശസ്തി അത്യുന്നതിയിലെത്തി നിൽക്കുന്നു. എം.എൽ.എ മാരും, പ്രാദേശിക ജന പ്രതിനിധികളും അയാളെ പൊന്നാട ചാർത്തുന്നു. ഇതാണ് ഇപ്പോഴത്തെ ട്രെന്റ്. മുന്നും, പിന്നും നോക്കാതെ 'ട്രെന്റിന്' പിറകെ സഞ്ചരിക്കുന്ന ആൾക്കൂട്ടത്തിന്റെ ആരവങ്ങളാണ് മലബാറിലെങ്ങും നടക്കുന്നത്. 'ട്രെന്റിന്' പിറകെ അനുഗമിക്കാൻ ജനക്കൂട്ടം മത്സരിക്കുകയാണ്. എന്നാൽ പല കോണിൽ നിന്നുമായി അതിശക്തമായ പ്രതിഷേധവും, ചോദ്യങ്ങളും ഉയരുന്നുമുണ്ട്. ജയിൽമോചിതനായ റഹീം നാട്ടിലെത്തി സ്വീകരണ പരിപാടികളിൽ തിളങ്ങി മുന്നേറിക്കൊണ്ടിരിക്കെ, റഹീമിന്റെ ദിയാധനം (ബ്ലഡ്മണി) സ്വരൂപിക്കുന്നതിനായി പിരിച്ചെടുത്ത തുകയിൽ അധികം ലഭിച്ച 11 കോടി രൂപ എന്ത് ചെയ്തു എന്ന ചോദ്യമാണ് ഇപ്പോൾ മുഴച്ച് നിൽക്കുന്നത്. 

അയാളെ രക്ഷപ്പെടുത്തുന്നതിനായി. ആഗോള തലത്തിൽ നടന്ന ക്രൗഡ് ഫണ്ടിങ്ങിലൂടെ 46 കോടി രൂപ സമാഹരിക്കപ്പെട്ടു. സൗദി-കോടതിയുടെ ഉത്തരവ് പ്രകാരം ദിയാധനമായി 34 കോടി രൂപയാണ് കൈമാറിയത്. എന്നാൽ ഇപ്രകാരം സമാഹരിച്ച തുകയുടെ കണക്കുകൾ ഔദ്യോഗികമായി ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ തുകയുടെ കണക്കുകൾ പൊതു സമക്ഷം വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയും, വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ശക്തമായ ആവശ്യം ഉയർന്ന് വന്നിട്ടുണ്ട്. പണപ്പിരിവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും, അതിന്റെ കണക്കുകളും മറ്റും വ്യക്തമാക്കേണ്ടത് നിയമസഹായ സമിതിയാണെന്നും റഹീമിന്റെ കുടുംബം പറയുന്നു. ബാക്കിത്തുക എന്ത് ചെയ്യണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. പണം നൽകിയ പൊതു സമൂഹത്തിന്റെ അഭിപ്രായം തേടിയതിന് ശേഷമേ അതേക്കുറിച്ച് തീരുമാനമെടുക്കുകയുള്ളൂ എന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവരും വ്യക്തമാക്കിയിട്ടുണ്ട്. 

ക്രൗഡ് ഫണ്ടിംഗ്

റഹീമിന്റെ ജയിൽമോചനത്തിന് വേണ്ട ബ്ലഡിമണി സ്വരൂപിക്കുന്നതിനായി മുൻനിരയിൽ നിലകൊണ്ട സ്വർണ്ണ വ്യവസായി ബോബി ചെമ്മണ്ണൂർ ഒരു കോടി രൂപ നൽകിയ ശേഷം, അദ്ദേഹം നടത്തിയ 'യാചകയാത്ര'  ഈ വിഷയത്തെ  കൂടുതൽ ജനശ്രദ്ധ ആകർഷിച്ചു. തുടർന്ന് രാഷ്ട്രീയ രംഗത്തുള്ളവരും, മതരംഗത്തുള്ളവരുമെല്ലാം ഒന്നിച്ച് പ്രവർത്തിക്കുന്ന സാഹചര്യവും സംജാതമായി. മലപ്പുറത്തെ സ്‌പൈൻ കോഡ്‌സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയിലെ ഇലകട്രോണിക്‌സ് എഞ്ചിനീയർമാരായ ഹാഷിം,  ഷുഹൈബ്, അഷ്ഹർ എന്നീ യുവാക്കൾ റഹീമിനുള്ള ധനസമാഹരണത്തിന് വേണ്ടി ലളിതവും സുതാര്യവുമായ തരത്തിൽ ഒരു ആപ്പ് രൂപ കൽപ്പന ചെയ്തിരുന്നു. ഈ ആപ്പ് വഴി ക്രൗഡ്ഫണ്ടിംഗ് സുതാര്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.  'സേവ് അബ്ദുൽ റഹീം' എന്ന ആപ്പിലൂടെ ഓരോ സെക്കന്റിലും, ലഭ്യമാകുന്ന തുക പൊതു ജനങ്ങൾക്ക് കൃത്യമായി അറിയാനാകുമായിരുന്നു. സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം, സംഘടനകൾ, വ്യക്തികൾ എന്നിങ്ങനെ പണം എവിടെ നിന്നാണ് വരുന്നത് എന്നതിന്റെ പൂർണ്ണ വിവരം ഈ ആപ്പ് വഴി വ്യക്തവുമായിരുന്നു. 

വിവിധ രാജ്യങ്ങളിൽ നിന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ആഗോള മലയാളി സമൂഹം ഒന്നിച്ച് നിന്നതോടെയാണ് ദിവസങ്ങൾ കൊണ്ട് കോടിക്കണക്കിന് രൂപ സ്വരൂപിക്കാനായത്. ഏതായാലും കേവലം ദിവസങ്ങൾ കൊണ്ട് മാത്രം 47.87 കോടി രൂപ സ്വരൂപിച്ച് അത്യാത്ഭുതം സൃഷ്ടിച്ച മലയാള മനസ്സിന്റെ നൻമയും, ഒരുമയും അത്ഭുതപ്പെടുത്തുന്ന യാഥാർത്ഥ്യം തന്നെയാണ്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 9,28,36,577 രൂപ. ക്രൗഡ് ഫണ്ടിംഗിലൂടെ ആകെ ലഭിച്ച 47.87 കോടി രൂപയിൽ നിന്ന് സൗദി കോടതി മുേഖന നൽകിയ ദയാധനവും, അഭിഭാഷകന്റേത് ഉൾപ്പെടെയുള്ള ചെലവുകളും 36.27 കോടി രൂപയാണ്. 11.60 കോടി രൂപയാണ് ഇത് പ്രകാരം ബാക്കി വന്നിട്ടുള്ളത്. നേരത്തെ റഹീം നിയമ സഹായ സമിതി നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ട വിവരങ്ങളാണിത്. ഈ തുക ദുരുപയോഗം ചെയ്യാതെ നല്ല രീതിയിൽ ഉപയോഗിക്കണമെന്നും, അതങ്ങനെ  ചെയ്യണമെന്ന കാര്യത്തിൽ പണം നൽകിയ പൊതുസമൂഹം അഭിപ്രായം പറയണമെന്നുമാണ് ബോബി ചെമ്മണ്ണൂർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുള്ളത്. ഭൂരിപക്ഷ അഭിപ്രായം മാനിച്ചായിരിക്കണം തുടർനടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

റഹീം നിരപരാധിയല്ലെന്ന്?

റഹീം നിരപരാധിയല്ലെന്നും, അതേസമയം സൗദി നിയമത്തിന്റെ കൊലവാളിൽ നിന്ന് അയാളുടെ ജീവൻ രക്ഷിച്ചത് കേരളീയരുടെ മാതൃകാ പ്രവൃത്തിയാണെന്നും സൗദിയിൽ നിന്ന് ഉൾപ്പെടെയുള്ള പലരും ചൂണ്ടിക്കാട്ടുന്നു. റഹീമിന്റെ പേരിലുള്ള കുറ്റകൃത്യത്തിന്റെ ആധികാരിക രേഖകളുടെ പകർപ്പുകളും സോഷ്യൽ മീഡിയായിൽ ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. നാട്ടിൽ പ്രവർത്തിച്ചിരുന്ന 'സേവ് റഹീം കമ്മറ്റി'ക്ക് പുറമെ ജിദ്ദയിലും, റിയാദിലുമായി വൻ തോതിൽ ധനസമാഹരണം നടന്നതായും പലരും പറയുന്നുണ്ട്. ഇപ്പോൾ റഹീം ജയിൽമോചിതനായി നാട്ടിലെത്തിയ റഹീമിന് പലയിടത്തും സ്വീകരണം നൽകി വരുന്നുണ്ട്. റഹീം മോചനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് ഇപ്പോൾ പലരും രംഗത്ത് വന്നിട്ടുമുണ്ട്. എന്നാൽ അതിന്റെ ക്രെഡിറ്റ് തങ്ങൾക്ക് വേണ്ടെന്നാണ് റിയാദിലെ റഹീം നിയമ സഹായ സമിതി പറയുന്നത്. റഹീമിന്റെ മോചനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് തങ്ങളെന്നും, പരിമിതികൾക്കിടയിൻ നിന്നുകൊണ്ട് റഹീമിന് വേണ്ടി തങ്ങൾ ഒത്തരുമയോടെ പ്രവർത്തിച്ചതായും എന്നാൽ റഹീമിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് പോലും പലപ്പോഴും അനാവശ്യ വിമർശനമുണ്ടായതായും റിയാദിലെ റഹീം നിയമസഹായ സമിതി പറയുന്നു. റഹീം വിഷയത്തിൽ ഫലപ്രാപ്തി കൈവന്നപ്പോൾ ചിലർ എട്ടുകാലി മമ്മൂഞ്ഞുകളായി രംഗത്ത് വരികയാണ് ഉണ്ടായതെന്നും റിയാദിലെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ ജനറൽകൺവീനർ അബ്ദുല്ല വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ ചേർന്ന റിയാദ് സഹായ സമിതി യോഗം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങളും, അപവാദ പ്രചാരണങ്ങളും ചിലർ നടത്തുന്നതായും സമിതി കുറ്റപ്പെടുത്തി. അതേസമയം റഹീമിന് വേണ്ടി സ്വരൂപിച്ച തുകയിൽ മിച്ചം വന്ന 11.6 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഹായ സമിതി പറയുമ്പോൾ, സൗദിയിൽ റിയൽ എസ്റ്റേറ്റ്-ഹോട്ടൽ വ്യവസായങ്ങളിൽ ചിലരത് നിക്ഷേപിച്ചിട്ടുണ്ടെന്നും, വസ്തുതകൾ നിഷ്പക്ഷമായി അന്വേഷണം നടത്തിയാൽ ഇപ്പോൾ നന്മമരങ്ങളായി ചമയുന്ന പലരുടേയും മുഖംമൂടി പൊഴിയുമെന്നും റിയാദിൽ നിന്നുതന്നെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

കേസ്സിന്റെ രത്‌നച്ചുരുക്കം

2006-ലാണ് കോഴിക്കോട്-കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ റഹീമിന്റെ കേസ്സിന് ആസ്പദമായ സംഭവം നടക്കുന്നത്. റിയാദിൽ   'അബ്ദുറഹ്മാൻ-അൽ ഷഹരി'എന്ന സ്‌പോൺസറുടെ വീട്ടിൽ ഹൗസ് ഡ്രൈവറായിട്ടാണ് റഹീം അവിടെയെത്തിയത്. ഒരു മാസം തികയും മുമ്പാണ് ആ ദാരുണ സംഭവം ഉണ്ടാകുന്നതും. ഒരു അപകടത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട സ്‌പോൺസറുടെ 14-കാരനായ ഇളയ മകന്റെ അനസിന്റെ പരിചരണമായിരുന്നു റഹീമിനുണ്ടായിരുന്ന മുഖ്യചുമതല. ഈ കുട്ടിയുടെ കഴുത്തിലൂടെ ശ്വാസ നാളത്തിലേക്ക് തുളയിട്ട് ഘടിപ്പിച്ച 'ട്രക്കിയോസ്റ്റമി ട്യൂബുമായി ബന്ധിപ്പിച്ച പോർട്ടബ്ൾ വെന്റിലേറ്ററിന്റെ' സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. കുട്ടിയുമായി  കാറിൽ സഞ്ചരിക്കവെ, നിരത്തിലെ ചുകപ്പ് ട്രാഫിക് സിഗ്നൽ കട്ട് ചെയ്ത് മുന്നോട്ട് പോകാൻ ആവശ്യപ്പെട്ട് കുട്ടി ബഹളമുണ്ടാക്കി. അരിശംപൂണ്ട പയ്യൻ പല തവണ റഹീമിനെ തുപ്പിയതായും, അവനെ തടയാൻ ശ്രമിക്കവെ, കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ റഹീമിന്റെ കൈ തട്ടി, അത് ഡിസ്‌കണക്റ്റ് ആവുകയും ചെയ്തതായും പറയുന്നു. യാത്രതുടർന്ന റഹീം, കുട്ടിയുടെ ശബ്ദമൊന്നും കേൾക്കാതായതോടെ വണ്ടി നിർത്തി പരിശോധിച്ചപ്പോൾ കുട്ടി അപസ്മാര ബാധയിലായിരുന്നു. അധികം വൈകാതെ കുട്ടി മരണപ്പെടുകയും ചെയ്തു. ഇത്രയും വരെയുള്ള സംഭവം ഒരു കയ്യബന്ധമായിത്തന്നെ വിലയിരുത്താവുന്നതാണെങ്കിലും, കാര്യങ്ങളുടെ ഗതിമാറുന്നത് ഇനിയങ്ങോട്ടാണ്.

റിയാദിൽ ജോലിചെയ്യുന്ന ബന്ധുവും, നാട്ടുകാരനുമായ നസീറിനെ വിളിച്ച് വരുത്തി റഹീം കാര്യം ധരിപ്പിച്ചു. രക്ഷപ്പെടാനായി ഇരുവരും ചേർന്ന് ഒരു പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു. അതും പ്രകാരം റഹീമിനെ വണ്ടിയുടെ സീറ്റിൽ കെട്ടിയിട്ട്,  നസീർ പോലീസിനെ വിളിയ്ക്കുകയായിരുന്നു. 'പണം തട്ടാനായി കവർച്ചക്കാർ റഹീമിനെ കാറിൽ ബന്ധിച്ച ശേഷം, കുട്ടിയെ അക്രമിച്ചതായും, കുട്ടി മരണപ്പെടുകയും ചെയ്തു എന്നതായിരുന്നു ഇവർ മെനഞ്ഞുണ്ടാക്കിയ കഥ'. ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായ ചോദ്യം ചെയ്യലിൽ ആ കഥ പൊളിച്ചു. കയ്യബദ്ധം പറ്റിയതെങ്കിൽ, കുട്ടിയെ പരമാവധി വേഗത്തിൽ ഏതെങ്കിലും, ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം, കള്ളക്കഥ മെനഞ്ഞ് സംഭവം വഴി തിരിച്ച് വിടാൻ ശ്രമിച്ചത് വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കി. തന്റെ മകനെ റഹീം മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന് അനസിന്റെ പിതാവും, കുടുംബവും ഉറച്ച് വിശ്വസിച്ചു. ഒരു നുണക്കഥ മെനഞ്ഞുണ്ടാക്കിയത് മൂലം സംശയത്തിന്റെ ആനുകൂല്യത്തിന് റഹീം അനർഹനായി. മാത്രമല്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, അപ്പോഴത്തെ ദേഷ്യത്തിൽ മനപ്പൂർവ്വമാണ് കുട്ടിയുടെ ജീവൻരക്ഷാ ഉപകരണം തട്ടിമാറ്റിയതെന്ന പ്രോസിക്യൂഷൻ വാദത്തിൽ കാമ്പുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി. ഒപ്പം സാഹചര്യത്തെളിവുകൾ റഹീമിന് പ്രതികൂലവുമായിരുന്നു. കോടതി മുമ്പാകെ അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ശരീഅത്ത് കോടതി അയാൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. റഹീമിന്റെ ബന്ധു നസീർ പിന്നീട് കേസ്സിൽ മാപ്പുസാക്ഷിയായി. നീണ്ട കാലത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം അയാൾ നാട്ടിൽ തിരിച്ചെത്തി.

അനന്തമായി നീണ്ടുപോയ വധശിക്ഷ

2006-ൽ നടന്ന സംഭവത്തിൽ, 2008-ൽ കേസ്സ് വിധി പ്രസ്താവിച്ചുവെങ്കിലും, വർഷങ്ങൾ പിന്നിട്ടിട്ടും, സൗദി ഭരണകൂടം വധശിക്ഷ നടപ്പിലാക്കിയില്ല. നീണ്ടകാലത്തെ ജയിൽ വാസത്തിനിടയ്ക്ക് സാധ്യമായ വേളയിലെല്ലാം വധശിക്ഷയ്‌ക്കെതിരെ വിചാരണ കോടതിയിലും, മേൽക്കോടതിയിലും, മറ്റുമായി റഹീം പല തവണ അപ്പിൽ സമർപ്പിച്ചുവെങ്കിലും, അതൊന്നും പരിഗണിയ്ക്കപ്പെട്ടതുമില്ല. ഇതിനിടെ കൊല്ലപ്പെട്ട ബാലന്റെ പിതാവ് അബ്ദുറഹ്മാൻ-അൽ ഷഹരി മരണപ്പെട്ടതോടെ, വിഷയത്തിൽ കൂടുതൽ സങ്കീർണ്ണതയുണ്ടായി. 'റഹീമിന് വധശിക്ഷ ലഭിച്ചെങ്കിലേ നീതിയാവൂ' എന്ന നിലപാടിൽ കുട്ടിയുടെ മാതാവും, സഹോദരിമാരും ഉറച്ച് നിന്നു. 'നഷ്ടപരിഹാരം സ്വീകരിച്ച് റഹീമിന് മോചനം നൽകിക്കൂടേ' എന്ന് അപ്പീൽ കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് തീർത്തും നിഷേധ നിലപാടിലായിരുന്നു മരണപ്പെട്ട കുട്ടിയുടെ കുടുംബം. ഒടുവിൽ, റഹീമിന് ഒരിക്കലും സാധിക്കാത്ത വലിയൊരു തുക അതായത് ഒന്നരക്കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) അവരാവശ്യപ്പെടുകയായിരുന്നു. സാമാന്യം ധനാഢ്യരായ അറബി കുടുംബം ''പണക്കൊതി'' കൊണ്ടല്ല ഭീമൻതുക ആവശ്യപ്പെട്ടത്. പണം നൽകാൻ കഴിയാതെ വരുമ്പോൾ വധശിക്ഷ ഇനിയും നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണവർ കണക്ക് കൂട്ടിയതും.

ഒരാളുടെ കയ്യബദ്ധം മൂലം സംഭവിക്കുന്നതും, അപകടങ്ങളിൽ സംഭവിക്കുന്നതുമായ മരണങ്ങൾക്ക് ഇസ്ലാമിക ശരീഅത്ത് നിയമ പ്രകാരം കുറ്റാരോപിതർക്ക് വധശിക്ഷ നൽകില്ല. അതേസമയം ഈ രണ്ട് വിഷയങ്ങളിലും ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്യും. നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും, ലഭ്യമായ തെളിവുകൾ  ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തലനാരിഴ കീറി പരിശോധന നടത്തിയ ശേഷം, കുറ്റവാളിയെന്ന്  ഉറപ്പ് വരുത്തിയ ശേഷമാണ് ശരീഅത്ത് കോടതി വധശിക്ഷ വിധിക്കുക. കൊലയാളികൾക്ക് നിശ്ചിത കാലയളവിലുള്ള ജയിൽ ശിക്ഷയും ഉറപ്പാണ്. അതേസമയം പ്രതിക്ക് വധശിക്ഷ നൽകുന്ന കാര്യത്തിൽ, നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ തയ്യാറാകുന്ന പക്ഷം, പ്രതിയുടെ ജീവൻ രക്ഷപ്പെടുകയും ചെയ്യും. നഷ്ടപരിഹാരം ഒന്നും സ്വീകരിക്കാതെ ബന്ധുക്കൾ മാപ്പുനൽകി പ്രതിയെ വെറുതെ വിടുന്ന സംഭവങ്ങളും ഏറെയുണ്ട്. സ്വദേശി ആയാലും, വിദേശി ആയാലും ഈ നിയമം എല്ലാവർക്കും ഒരു പോലെ ബാധകവുമാണ്. കൊല്ലപ്പെട്ട ബാലന്റെ ബന്ധുക്കൾ കൊലയാളിയിൽ നിന്ന് 'ബ്ലഡ്മണി' സ്വീകരിക്കാൻ തയ്യാറായതോടെയാണ് റഹീം വിഷയത്തിൽ പ്രതീക്ഷയുണ്ടായതും. കേവലം ദിവസങ്ങൾ കൊണ്ട് മാത്രം 47.87 കോടി രൂപ സ്വരൂപിച്ച് അത്യാത്ഭുതം സൃഷ്ടിച്ച മലയാള മനസ്സിന്റെ നൻമയും, ഒരുമയും അത്ഭുതപ്പെടുത്തുന്ന ചരിത്ര വസ്തുത തന്നെയാണ്. ഈ പണം നൽകിയാണ് റഹീം കൊലവാളിൽ നിന്ന് മോചിതനാകുന്നതും, 2026 മെയ് 28-ന് നാട്ടിലെത്തിയതും. റഹീം ലോകത്തോട്, വിശിഷ്യാ  മലയാളി മനസ്സുകളോട്, താൻ ചെയ്ത തെറ്റിന് മാപ്പുപറയാൻ ബാധ്യസ്ഥമാണെന്ന് പലരും ആണയിട്ട് പറയുന്നു. അതിന് തുനിയാതെ അയാളിപ്പോൾ ഒരുതരം 'ഹീറോ ചമഞ്ഞ് താരപരിവേഷത്തിലാണ് .' ഇതിനെതിരെയാണ് സോഷ്യൽ മീഡിയായിലും മറ്റുമായി ശക്തമായ പ്രതിഷേധമുയരുന്നത്.

വിദേശ ജയിലിലുള്ള ഇന്ത്യക്കാർ

കൊലപാതകം, മയക്കുമരുന്ന് കടത്ത്, ലഹരിവസ്തുക്കളുടെ വിപണനം, പല തരത്തിലുമുള്ള സാമ്പത്തിക തട്ടിപ്പുകൾ, ലൈംഗിക അതിക്രമങ്ങൾ, മത്സ്യത്തൊഴിലാളികളുടെ  സമുദ്രാതിർത്തി ലംഘനം തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ 6,000-ത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതിൽ നൂറ് കണക്കിന് മലയാളികളുമുണ്ട്.  ഗൾഫ്‌നാടുകളിൽ ചിലയിടത്ത് നിലനിൽക്കുന്ന 'ശരീഅത്ത് നിയമ'ത്തെ പഴിചാരിയാണ് പല കുറ്റവാളികളും നിരപാരാധി ആണെന്ന ഭാഷ്യം ചമയുന്നത്. പ്രതികളുടെ മൊഴിയും, സാക്ഷി മൊഴികളും, തൊണ്ടി പരിശോധനകൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അവലംബിച്ചും, നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തലനാരിഴകീറി പരിശോധന നടത്തിയ ശേഷം, കുറ്റവാളി എന്ന്  ഉറപ്പ് വരുത്തിയ ശേഷമാണ് ശരീഅത്ത് കോടതി വധശിക്ഷ വിധിക്കുക. ഗൾഫ് നാടുകളിലെ ജയിലിൽ കഴിയുന്നവരിൽ പലരും തങ്ങൾ നിരപരാധികളാണെന്നാണ് അവകാശപ്പെടുന്നത്. ഇലക്‌ട്രോണിക് മീഡിയാകളുടെ സ്വാധീനം വർദ്ധിച്ചതോടെ ഇത്തരത്തിലുള്ള അവകാശ വാദം ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. റഹീം വിഷയത്തിലും ഒരവകാശവാദം എന്ന മട്ടിൽ തന്നെയാണ് അയാൾ നിരപരാധിയാണെന്ന സ്വരം ഉയർന്നതെന്നാണ് റിയാദിലെ മലയാളികൾ പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img