
ദോഹ: ഖത്തറിന്റെ മുൻ ഉപപ്രധാനമന്ത്രിയും ഊർജ്ജ-വ്യവസായ മന്ത്രിയുമായിരുന്ന ഹിസ് എക്സലൻസി അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ്യ (73) അന്തരിച്ചു. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം അൽ ഖരൈതിയാത്ത് മേഖലയിലെ നാസർ ബിൻ അബ്ദുള്ള അൽ അത്തിയ്യ മസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷം വൻ ജനവലിയുടെ സാന്നിധ്യത്തിൽ അൽ അത്തിയ്യ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. സ്വദേശികളും വിദേശികളും അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വൻ ജനക്കൂട്ടമാണ് അദ്ദേഹത്തിന് വിടചൊല്ലാൻ എത്തിയത്.
അഞ്ചര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ ജീവിതം:
1952 ഡിസംബർ 5-ന് ജനിച്ച അൽ അത്തിയ്യ, ഖത്തറിന്റെ ഊർജ്ജമേഖലയെ ഇന്നത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഏറ്റവും നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്. 1972-ൽ ധനകാര്യ-പെട്രോളിയം മന്ത്രാലയത്തിലൂടെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.ഖത്തറിനെ ആഗോള ഊർജ്ജ ഭൂപടത്തിൽ അടയാളപ്പെടുത്തുകയും സുതാര്യതയും വികസനവും മുൻനിർത്തി അഞ്ചു പതിറ്റാണ്ടുകാലം രാജ്യത്തെ നയിക്കുകയും ചെയ്ത ഒരു ജനകീയ നേതാവിനെയാണ് അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ്യയുടെ വിയോഗത്തിലൂടെ ഖത്തറിന് നഷ്ടമായിരിക്കുന്നത്.











