11:01am 28 May 2026
NEWS
അബ്ദുൽ റഹീം ഇന്ന് ജന്മനാട്ടിലെത്തും
28/05/2026  06:05 AM IST
nila
അബ്ദുൽ റഹീം ഇന്ന് ജന്മനാട്ടിലെത്തും

റിയാദ്: രണ്ട് ദശാബ്ദത്തോളം നീണ്ട നിയമപ്പോരാട്ടത്തിനും ജയിൽജീവിതത്തിനും ഒടുവിൽ അബ്ദുൽ റഹീം നാട്ടിലേക്ക് മടങ്ങുന്നു. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു യാത്ര. വ്യാഴാഴ്ച രാവിലെ 7.35-ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തും. ജയിൽ അധികാരികളാണ് റഹീമിനെ വിമാനത്താവളത്തിലെത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയത്. റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂരും കുടുംബാംഗങ്ങളും കൂടെ യാത്ര ചെയ്യുന്നുണ്ടെന്ന് സഹായസമിതി അറിയിച്ചു.

2006 നവംബറിലാണ് അബ്ദുൽ റഹീം തൊഴിൽ ആവശ്യാർത്ഥം സൗദിയിലെത്തിയത്. അസുഖബാധിതനായ സ്വദേശിയുടെ മകനെ പരിചരിക്കുകയായിരുന്നു ജോലി. എന്നാൽ 2006 ഡിസംബർ 26-ന് സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരണപ്പെട്ട സംഭവത്തെ തുടർന്ന് റഹീം അറസ്റ്റിലായി. മനഃപൂർവമല്ലാത്ത കൈപ്പിഴയാണെന്ന് റഹീം ആവർത്തിച്ചെങ്കിലും, ക്രൂരമായ കൊലപാതകവും തെളിവ് നശിപ്പിക്കലുമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് റിയാദ് കോടതി വധശിക്ഷ വിധിച്ചു.

ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്താണ് റഹീമിന്റെ മോചനത്തിനായുള്ള ദിയാധനം സമാഹരിച്ചത്. ഏകദേശം 34 കോടി രൂപ നൽകിയാണ് വധശിക്ഷ ഒഴിവാക്കിയത്. പിന്നീട് സൗദി പൊതുനിയമപ്രകാരം ശേഷിക്കുന്ന തടവുശിക്ഷ അനുഭവിക്കണമെന്ന കോടതി ഉത്തരവിനെ തുടർന്ന് റഹീം ജയിലിൽ തുടരുകയായിരുന്നു. ആ ശിക്ഷാകാലാവധി പൂർത്തിയായതോടെയാണ് മോചനം യാഥാർഥ്യമായത്.

റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച സഹായസമിതി ആകെ 47.87 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. ഇതിൽ 36.27 കോടി രൂപ ഇതിനകം ചെലവഴിച്ചു. ഒസാമ അൽ അംബർ ആയിരുന്നു റഹീമിന്റെ അഭിഭാഷകൻ. സിദ്ധിഖ് തുവ്വൂർ പവർ ഓഫ് അറ്റോർണിയായി പ്രവർത്തിച്ചു. 2024 ജൂലൈ 2-നാണ് റഹീമിന്റെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img