04:06am 24 October 2026
NEWS
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിലെത്തി
28/05/2026  10:10 AM IST
NILA
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിലെത്തി

കോഴിക്കോട്: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. സൗദി ജയിലിൽ നിന്ന് മോചിതനായ റഹീം വലിയ പെരുന്നാൾ ദിനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. റിയാദിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ പുലർച്ചെയായിരുന്നു വരവ്. വിമാനത്താവള ടെർമിനലിൽ നിന്ന് പുറത്തേക്കിറങ്ങിയ റഹീമിനെ ബന്ധുക്കളും നാട്ടുകാരും നിറകണ്ണുകളോടെ വരവേറ്റു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്ന് റഹീം പ്രതികരിച്ചു.

റഹീം ഇനി താമസിക്കുക കോടമ്പുഴയിലെ കുടുംബവീടായ ‘സീനത്ത് മൻസിലി’ലാണ്. ദീർഘകാലമായി അടഞ്ഞുകിടന്നിരുന്ന വീട് ബന്ധുക്കൾ അടുത്തിടെ വൃത്തിയാക്കി ഒരുക്കിയിരുന്നു. നിലവിൽ മകന്റെ വീട്ടിൽ കഴിയുന്ന മാതാവ് ഫാത്തിമയും റഹീമിനൊപ്പം ഇനി സീനത്ത് മൻസിലിലേക്കു മാറും.

2006 നവംബർ 28-നാണ് റഹീം ഡ്രൈവർ ജോലിക്കായി സൗദിയിലെ റിയാദിലേക്ക് പോയത്. എന്നാൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസം തികയും മുമ്പ് സ്പോൺസറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന പതിനഞ്ചുകാരനായ അനസ് അൽ ശഹ്‌രിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണത്തിൽ അബദ്ധത്തിൽ തട്ടിയതിനെത്തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു റഹീമിന്റെ വാദം.

മനഃപൂർവമല്ലാത്ത സംഭവമാണെന്ന വാദമുണ്ടായിരുന്നെങ്കിലും 2012-ൽ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. പിന്നീട് ദീർഘകാല നിയമനടപടികൾക്ക് ഒടുവിൽ 34.35 കോടി രൂപ ദയാധനമായി സ്വീകരിക്കാൻ സൗദി കുടുംബം സമ്മതിച്ചു. 2024 ജൂലൈ 2-ന് വധശിക്ഷ റദ്ദാക്കിയെങ്കിലും 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്ന വ്യവസ്ഥ നിലനിന്നിരുന്നു. ശിക്ഷാകാലാവധി പൂർത്തിയായതോടെയാണ് മോചനം സാധ്യമായത്.

റഹീമിന്റെ മോചനത്തിനായി കേരളം മുഴുവൻ കൈകോർത്തത് വലിയ ജനകീയ പ്രചാരണമായിരുന്നു. ‘സേവ് അബ്ദുൽ റഹീം’ എന്ന പേരിൽ ആരംഭിച്ച ഫണ്ട് ശേഖരണ പ്രവർത്തനത്തിലൂടെ ലക്ഷക്കണക്കിന് ആളുകൾ സഹായഹസ്തം നീട്ടി. 34 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാംപെയ്ൻ വഴി 47 കോടിയിലധികം രൂപയാണ് ലഭിച്ചത്. സൗദിയിലെ മലയാളി സംഘടനകളും നിയമസഹായ സമിതിയും ചേർന്ന് നടത്തിയ ഇടപെടലുകളും നിർണായകമായി. രണ്ടു പതിറ്റാണ്ട് നീണ്ട കഠിന പരീക്ഷണങ്ങൾക്ക് ശേഷം അബ്ദുൽ റഹീം വീണ്ടും സ്വന്തം നാട്ടിലെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img