10:59am 13 November 2026
NEWS
സ്ത്രീ പള്ളി പ്രവേശം എന്ന ചർച്ച ഖുർആനിലോ ഹദീസിലോ കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ലേ ഇല്ല: അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്
08/12/2025  07:39 AM IST
nila
സ്ത്രീ പള്ളി പ്രവേശം എന്ന ചർച്ച ഖുർആനിലോ ഹദീസിലോ കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ലേ ഇല്ല: അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്

കോഴിക്കോട്: സുന്നി പെൺകുട്ടികളുടെ സാമൂഹിക ഇടപെടലുകളും പൊതുപ്രവർത്തന പങ്കാളിത്തവും സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഇ.കെ. വിഭാഗം സമസ്തയുടെ നേതാവും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്. ഖുർആൻ നിർദേശിക്കുന്ന രീതിയിൽ സ്ത്രീകൾ പ്രധാനമായും വീട്ടിൽ തന്നെ തുടരണമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അന്യപുരുഷന്മാർക്കിടയിൽ പ്രവർത്തിക്കുക, പാട്ട്, നൃത്തം, ഫുട്ബോൾ, മറ്റു കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കുക തുടങ്ങിയവ സുന്നി പെൺകുട്ടികൾ ചെയ്യേണ്ട കാര്യങ്ങളല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സമസ്ത നേതാവിന്റെ പ്രതികരണം. 

സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനം എന്ന വിഷയം ഖുർആനിലോ ഹദീസിലോ മറ്റു കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ചർച്ചയായിട്ടില്ലെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. ഖുർആന്റെ നിർദേശങ്ങളും മതപരമായ ചിട്ടകളും പാലിച്ചാണ് സുന്നി പെൺകുട്ടികൾ ആവശ്യമായ സാഹചര്യങ്ങളിൽ മാത്രം പുറത്തുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമ നർഗീസിന്റെ അഭിമുഖം ശ്രദ്ധാപൂർവം കേട്ടുവെന്നും, മതപഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്  പുതുതലമുറയ്ക്കു നിർബന്ധമാണെന്നും അഭിപ്രായപ്പെട്ടു. 

ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് കുറിപ്പ്-

കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരോട്…
മനോരമയുടെ ഹോർത്തൂസ് വേദിയിൽ വന്ന 50 മിനിറ്റ് നീണ്ടുനിൽക്കുന്ന അഭിമുഖം കണ്ടു.
അഭിമുഖത്തിലെ സ്ത്രീ പള്ളി പ്രവേശം തിരുത്തപ്പെട്ടതിനെതിരെ മുജാഹിദ് നേതാക്കൾ രംഗത്ത് വരികയും നൈസായി മുസ്ലിം സ്ത്രീകളെ പള്ളിയിൽ കൊണ്ടുപോകുന്നതിന് തെളിവ് ഉണ്ടാക്കാൻ വിഫലശ്രമം നടത്തുകയും ചെയ്യുന്നു.

സ്ത്രീ പള്ളി പ്രവേശം എന്ന ചർച്ച ഖുർആനിലോ ഹദീസിലോ കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ലേ ഇല്ല. ആണിനും പെണ്ണിനും പള്ളിയിൽ ഒരുപോലെ പ്രവേശിക്കാവുന്നതാണ്. വെള്ളിയാഴ്ചയിലെ പ്രാർത്ഥനക്കും അഞ്ചു നേരത്തെ സംഘടിത നമസ്‌കാരത്തിനുംസ്ത്രീകൾ പള്ളിയിൽ പോകേണ്ടവരല്ലെന്നും അവർ വീട്ടിൽ വച്ച് നിസ്‌കരിക്കുകയാണ് വേണ്ടതെന്നും ഖുർആനും തിരുനബി (സ)യും പഠിപ്പിക്കുന്നു. ചില ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം ഇല്ലാത്തതു പോലെ മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിക്കാൻ അനുവദിക്കാത്തവരാണ് സുന്നികൾ എന്ന് വരുത്തി തീർക്കാൻ നടത്തുന്ന നിഗൂഢമായ നീക്കവും വ്യാജ പ്രചരണവും ആണ് സ്ത്രീ പള്ളി പ്രവേശ വിവാദം.
അറബി ഇസ്ലാമിക രാജ്യങ്ങളിലും വളരെ അപൂർവ്വം പള്ളികളിലാണ് സ്ത്രീകൾ നിസ്‌കാരത്തിനായി വരുന്നത്.

ന്യൂജൻ പെൺകുട്ടികളെ വീട്ടിൽ കെട്ടിയിടാൻ ഇനി കിട്ടില്ല പോൽ..!

അന്യപുരുഷന്മാർക്കിടയിൽ പൊതുപ്രവർത്തനം നടത്താനും പാട്ടും ഡാൻസും ഫുട്‌ബോളും കലാപരിപാടികളും നടത്താൻ സുന്നി പെൺകുട്ടികളെ കിട്ടില്ല. ഖുർആൻ നിർദ്ദേശിച്ചത് പോലെ അവർ വീട്ടിലിരിക്കും. മതചിട്ടകൾ അനുസരിച്ച് ആവശ്യത്തിന് പുറത്തുപോകും. പക്ഷേ കാലിൽ കെട്ട് ഉണ്ടാകില്ലെന്ന് മാത്രം.

ആണിനും പെണ്ണിനും ഇടയിൽ വേർതിരിവില്ലാതെ മുഖം മറക്കാതെ പ്രബോധന മേഖലകളിൽ പോലും ഒരുമിച്ചിരിക്കുകയും കളിയും ചിരിയും തമാശയുമായി കഴിഞ്ഞു കൂടുകയും ചെയ്യുന്ന മുജാഹിദ് സംസ്‌ക്കാരത്തിതിരെ അവരിലെ തന്നെ മതം പഠിച്ച പെൺകുട്ടികൾ രംഗത്ത് വന്നത് സ്വലാഹി അറിഞ്ഞിട്ടില്ലേ..?

മുജാഹിദുകൾക്കിടയിലെഏറ്റവും വലിയ വിഭാഗം തങ്ങളുടെ സ്ത്രീകളോട് മുഖവും മുൻകയ്യും മറക്കാനും പാരമ്പര്യമായി മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ച രീതികളിൽ മാറ്റം വരുത്താനും തീരുമാനിച്ചിരിക്കുന്നു.അവർ അത് നടപ്പിലാക്കുകയും ചെയ്തു.
അഭിമുഖം പൂർണമായും കേട്ടു. ഒന്നുകൂടി വിഷയങ്ങൾ നന്നായി പഠിക്കേണ്ടതായിരുന്നു എന്ന് തോന്നി. പഠിപ്പിച്ച അധ്യാപകരുടെ കുഴപ്പമാണെങ്കിലും മറ്റു സാഹചര്യങ്ങളാണെങ്കിലും ദീനി വിഷയങ്ങൾ കൂടുതൽ പഠിക്കണമെന്ന് സ്‌നേഹപൂർവ്വം ഉണർത്തുന്നു.
പുതു തലമുറയിലെ ആൺകുട്ടികളോടും പെൺകുട്ടികളോടും. ഇസ്ലാമിക നിയമങ്ങളിൽ മാറ്റമില്ല. നിരന്തരം മത നിയമങ്ങളിൽ മാറ്റം വരുത്തുന്ന മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളും ലിബറലിസ്റ്റുകളും നൽകുന്ന പ്രോത്സാഹനങ്ങൾ കേട്ട് പാരമ്പര്യമാർഗത്തിൽ നിന്ന് പിന്മാറരുത്. ഇസ്ലാം നന്നായി പഠിക്കുക. അല്ലാഹുവിന്റെ യും തിരുദൂതരുടെയും സംതൃപ്തി നേടാൻ അത് മാത്രമാണ് വഴി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img