
വിവാഹമോചനത്തിന് ശേഷവും കൊല്ലപ്പെട്ട ഹോങ്കോങ് മോഡൽ അബി ചോയിയുമായി പ്രണയവും ലൈംഗികബന്ധവും തുടർന്നിരുന്നുവെന്ന് മുൻഭർത്താവ് അലക്സ് ക്വോങ്. അബിയും പുതിയ പങ്കാളിയും താനും തമ്മിൽ സങ്കീർണമായ ബന്ധമായിരുന്നുവെന്നും മൂന്നുപേരും ഒരുമിച്ച് ജീവിച്ചിരുന്നുവെന്നും കൊലക്കേസിന്റെ വിചാരണയ്ക്കിടെ വെളിപ്പെടുത്തൽ.
ഹോങ്കോങ്ങിലെ പ്രമുഖ മോഡലും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായിരുന്ന അബി ചോയി ടിൻ-ഫംഗിന്റെ കൊലപാതകക്കേസിൽ വിചാരണയ്ക്കിടെ മുൻഭർത്താവ് അലക്സ് ക്വോങ് കോടതിയിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വിവാഹമോചനത്തിന് ശേഷവും അബിയുമായി പ്രണയവും ലൈംഗികബന്ധവും തുടർന്നിരുന്നുവെന്നും ഇരുവരും തമ്മിലുള്ള ബന്ധം സങ്കീർണമായിരുന്നുവെന്നും അലക്സ് മൊഴി നൽകി.
അബിയും താനും മുൻ സ്കൂൾ സുഹൃത്തായ ക്രിസ് ടാം ഫാങ്-ചുനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ത്രികോണബന്ധമായാണ് അലക്സ് കോടതിയിൽ വിവരിച്ചത്. ടാമിന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ശേഷിയുണ്ടായിരുന്നതിനാലാണ് അബി അയാളുമായി പുതിയ ബന്ധം ആരംഭിച്ചതെന്നും അലക്സ് ആരോപിച്ചു. ടാമിന്റെ പിതാവാണ് പ്രശസ്തമായ TamJai Yunnan Mixian റസ്റ്ററന്റ് ശൃംഖല സ്ഥാപിച്ചത്.
തനിക്ക് ടാമിനോട് അടുപ്പമുണ്ടായിരുന്നുവെന്നും ടാം തന്നെ സ്നേഹിച്ചിരുന്നുവെന്നും അലക്സ് പറഞ്ഞു. ഒരിക്കൽ തനിക്കായി ടാം റൈസ് നൂഡിൽസ് വാങ്ങി നൽകിയതുപോലും പ്രണയസമ്മാനമായിരുന്നുവെന്നാണ് അലക്സിന്റെ വിചിത്രമായ വെളിപ്പെടുത്തൽ.
“ക്രിസ്റ്റഫർ ആദ്യം എന്നെയാണ് സ്നേഹിച്ചിരുന്നത്. എന്നാൽ കുടുംബത്തിന് കുട്ടികൾ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് അങ്ങനെ ജീവിച്ചത്. അവന്റെ കുടുംബത്തിനും അതിൽ എതിർപ്പുണ്ടായിരുന്നില്ല,” അലക്സ് കോടതിയിൽ പറഞ്ഞു.
അബിയുടെ സ്വഭാവം മൊബൈൽ ഗെയിമായ ആംഗ്രി ബേർഡ്സിലെ കഥാപാത്രങ്ങളെപ്പോലെയായിരുന്നുവെന്നും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും അലക്സ് പറഞ്ഞു. എന്നാൽ തങ്ങൾ പഴയ ദമ്പതികളെപ്പോലെ ആയിരുന്നതിനാൽ അവളുടെ സ്വഭാവം സഹിക്കാൻ തനിക്ക് കഴിഞ്ഞിരുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു.
കൊലപാതകക്കേസിൽ മൂന്ന് പ്രതികൾ
31കാരനായ അലക്സ് ക്വോങ്, സഹോദരൻ ആന്റണി ക്വോങ് ക്വാങ്-കിറ്റ് (35), പിതാവ് മുൻ പൊലീസ് സർജന്റ് ക്വോങ് കൗ (69) എന്നിവരാണ് കൊലപാതകക്കേസിൽ സംയുക്ത പ്രതികൾ. വിചാരണയിൽ ആദ്യമായി സാക്ഷിക്കൂട്ടിൽ കയറിയ അലക്സിന്റെ മൊഴിയിലൂടെ അബിയുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
2023 ഫെബ്രുവരി 21ന് മകളെ സ്കൂളിൽനിന്ന് കൊണ്ടുവരാനായി പോകുന്നതിനിടെ അലക്സ് ക്വോങ് ചോയിയെ ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. അന്ന് സഹോദരൻ ആന്റണി കാർ ഓടിച്ചിരുന്നതായും പറയുന്നു. തുടർന്ന് തായ് പോയിലെ ലോങ് മെയ് ഗ്രാമത്തിലുള്ള 600 ചതുരശ്ര അടി വാടക ഫ്ലാറ്റിൽ അബിയുടെ മൃതദേഹം കഷണങ്ങളാക്കി നശിപ്പിച്ചതും ഒളിപ്പിച്ചതും ആന്റണിയും പിതാവുമാണെന്നാണ് ആരോപണം. കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം അബിയുടെ തലയും കാലുകളും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി.
മൃതശരീരം നിയമപരമായി സംസ്കരിക്കുന്നത് തടഞ്ഞ കുറ്റം മൂന്ന് പ്രതികളും സമ്മതിച്ചിട്ടുണ്ട്. നേരത്തെ മൊഴി നൽകിയ ആന്റണി, സഹോദരൻ അലക്സ് കാറിനുള്ളിൽ ഉണ്ടായ തർക്കത്തിനിടെ അബിയെ കൊലപ്പെടുത്തിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അലക്സിന്റെ അഭിഭാഷകൻ മറ്റൊരു വാദമാണ് ഉന്നയിച്ചത്. പാർക്കിങ് സ്ഥലത്ത് അബി പിതാവിനെ കണ്ടശേഷം രണ്ട് കൊച്ചുമക്കളെയും ഇനി കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് പിതാവാണ് മാരകമായ ആക്രമണം നടത്തിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ സൂചന.
വിവാഹം, വിവാഹമോചനം, പുതിയ ബന്ധം
2013 സെപ്റ്റംബറിലാണ് അലക്സും അബിയും വിവാഹിതരായത്. വിവാഹത്തിന് മൂന്ന് മാസം മുമ്പ് ഇവരുടെ ആദ്യ മകൻ ജനിച്ചിരുന്നു. 2014 നവംബറിൽ മകൾ ജനിച്ചു. 2015ൽ അബി വിവാഹമോചനത്തിന് അപേക്ഷ നൽകി.
2015 ഓഗസ്റ്റിൽ ആറ് പേരിൽനിന്ന് ആകെ 6.29 മില്യൺ ഹോങ്കോങ് ഡോളർ വിലവരുന്ന സ്വർണവും ആഭരണങ്ങളും മോഷ്ടിച്ച കേസിൽ വിചാരണ നേരിടുന്നതിനിടെ അലക്സ് സ്പീഡ് ബോട്ടിൽ ചൈനയിലേക്ക് കടന്ന് ഒളിവിൽ പോയി. മോഷണക്കേസിൽ 2024 ജൂണിൽ കുറ്റം സമ്മതിച്ച ഇയാൾ ആറ് മോഷണക്കുറ്റങ്ങളും കസ്റ്റഡിയിൽ ഹാജരാകാതിരുന്നതുമായി ബന്ധപ്പെട്ട ഒരു കുറ്റവും ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടു. മൂന്നര വർഷത്തെ തടവുശിക്ഷ ലഭിച്ചു.
അബി 2015 ഡിസംബറിൽ ക്രിസ് ടാമുമായി പ്രണയത്തിലായി. ഒരു വർഷത്തിന് ശേഷം വിവാഹവിരുന്ന് നടത്തിയെങ്കിലും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 2016 സെപ്റ്റംബറിൽ ഇവർക്ക് മകളും 2019ൽ മകനും ജനിച്ചു.
കൊലപാതകക്കേസിൽ 2023 ഫെബ്രുവരി 25നാണ് ഒളിവിലായിരുന്ന അലക്സ് അറസ്റ്റിലായത്.
ഒളിവുകാലത്തെ സാമ്പത്തിക ഇടപാടുകൾ
2013 മുതൽ 2015 വരെ മോഷണം നടത്താനുള്ള കാരണം കൂടുതൽ പണം സമ്പാദിക്കുകയെന്നതായിരുന്നുവെന്നും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിരുന്നില്ലെന്നും അലക്സ് കോടതിയിൽ പറഞ്ഞു.
ചൈനയിലേക്ക് കടന്നശേഷവും അബിയുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നുവെന്നും കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴി അവൾക്ക് പണം അയച്ചിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടു. ദിവസവും മണിക്കൂറുകളോളം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഉറങ്ങാൻ പോകുന്നതിന് മുമ്പ് സംസാരിക്കുകയും ഫേസ്ടൈം വഴി പരസ്പരം മുഖം കണ്ടുകൊണ്ട് ഉറങ്ങുകയും ചെയ്തിരുന്നുവെന്നാണ് മൊഴി.
കുടുംബത്തോടൊപ്പം ചൈനയിലെത്തിയ അബിയും ടാമും ഒരിക്കൽ താൻ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയപ്പോൾ മൂന്നുപേരും ഒരേ കിടക്ക പങ്കിട്ടിരുന്നുവെന്നും അലക്സ് വെളിപ്പെടുത്തി.
ഒളിവുകാലത്ത് സമ്പന്നനായിരുന്നുവെന്നും മുൻഭാര്യയുടെ പണത്തെ ആശ്രയിച്ചാണ് ജീവിച്ചതെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റാണെന്നും അലക്സ് വാദിച്ചു. ചൈനയിൽ ആഡംബര വാച്ചുകൾ വാങ്ങി വിൽക്കുന്ന ഇടപാടിലൂടെ ഏകദേശം 20 മില്യൺ ഹോങ്കോങ് ഡോളർ നേടിയെന്നും ഗ്വാങ്ഷൗവിൽ ഓഫീസ് സ്ഥലങ്ങൾ ഉപവാടകയ്ക്ക് നൽകി പ്രതിമാസം മൂന്ന് ലക്ഷം യുവാൻ വരെ ലാഭം ലഭിച്ചിരുന്നുവെന്നും പറഞ്ഞു. ഹൈക്കൗവിൽ ഭൂമി മൊത്തവ്യാപാര ഇടപാടുകളും നടത്തിയിരുന്നുവെന്നാണ് അവകാശവാദം.
ഗ്വാങ്ഷൗവിൽ പാർക്ക് ഹയാത്ത്, മാൻഡറിൻ ഓറിയന്റൽ, റോസ്വുഡ് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചിരുന്നതായും റോൾസ് റോയ്സ് കാറിൽ യാത്ര ചെയ്തിരുന്നതായും കോടതിയിൽ പറഞ്ഞു. ഹോങ്കോങിനും ചൈനയ്ക്കുമിടയിൽ നിയമവിരുദ്ധമായി സ്പീഡ് ബോട്ടിൽ യാത്ര ചെയ്തിരുന്നുവെന്നും ഓരോ യാത്രയ്ക്കും ഒരു ലക്ഷം ഹോങ്കോങ് ഡോളർ ചെലവായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
അബിയുടെയും ടാമിന്റെയും ബന്ധത്തിൽ അസൂയയുണ്ടായിരുന്നോ?
അബിയും ടാമും തമ്മിലുള്ള ബന്ധത്തിൽ തനിക്ക് ചെറിയ വിഷമമുണ്ടായിരുന്നുവെങ്കിലും ഇരുവരുമായും നല്ല ബന്ധമായിരുന്നതിനാൽ പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് അലക്സ് പറഞ്ഞത്.
“ടാം എന്റെ മകന്റെ ഗോഡ് ഫാദറായിരുന്നു. ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു ക്രിസ്റ്റഫറിന്റെ ആഗ്രഹം,” അലക്സ് പറഞ്ഞു.
മൂവർക്കുമിടയിൽ മോശമായ ബന്ധമോ അസ്വാരസ്യമോ ഉണ്ടായിരുന്നില്ലെന്നും താൻ കൂടുതൽ ആകർഷകനായിരുന്നതിനാലാകാം ക്രിസ്റ്റഫറിന് തന്നോട് കൂടുതൽ ഇഷ്ടമുണ്ടായിരുന്നതെന്നും അലക്സ് അവകാശപ്പെട്ടു.
ഗ്വാങ്ഷൗവിൽ തനിക്ക് മറ്റൊരു കാമുകിയുണ്ടെന്ന വിവരം അബി അറിഞ്ഞതിനെത്തുടർന്ന് 2022 ജൂൺ 10ന് ഹോങ്കോങ്ങിലേക്ക് മടങ്ങേണ്ടിവന്നുവെന്നും അലക്സ് പറഞ്ഞു. അബി കരഞ്ഞുകൊണ്ട് തിരികെ വരാൻ ആവശ്യപ്പെട്ടുവെന്നും അതേസമയം കാമുകിയായ ഐവിയും ബന്ധം അവസാനിപ്പിച്ചതിൽ കരഞ്ഞുവെന്നും ഇയാൾ മൊഴി നൽകി.
72 മില്യൺ ഡോളറിന്റെ ഫ്ലാറ്റ് വിൽപ്പന തർക്കം
ഹോ മാൻ ടിനിലെ ആഡംബര കഡോറിയ വികസന പദ്ധതിയിലെ 72 മില്യൺ ഹോങ്കോങ് ഡോളർ വിലമതിക്കുന്ന ഫ്ലാറ്റ് വിൽക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട കുടുംബതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ഫ്ലാറ്റിന്റെ രജിസ്റ്റർ ചെയ്ത ഉടമ ക്വോങ് കൗ ആയിരുന്നു. ഫ്ലാറ്റ് വിൽക്കാൻ അബി ശ്രമിച്ചതിലുള്ള പ്രതികാരമായി മക്കളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് ആരോപണം.
എന്നാൽ ഇക്കാര്യത്തിൽ പിതാവ് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നാണ് അലക്സ് പറഞ്ഞത്. 2022 ജൂണിൽ അബിയുമായുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന്, ഫ്ലാറ്റ് വിൽപ്പന സംബന്ധിച്ച് അബിക്ക് വേണ്ടി ചർച്ചകൾ നടത്താനുള്ള പവർ ഓഫ് അറ്റോർണി ഒപ്പിടാൻ പിതാവ് തയ്യാറായിരുന്നില്ലെന്നും മൊഴി നൽകി.
ഫ്ലാറ്റ് വാങ്ങുന്നതിൽ തനിക്കും സാമ്പത്തിക പങ്കാളിത്തമുണ്ടായിരുന്നുവെന്നും അലക്സ് അവകാശപ്പെട്ടു. എന്നാൽ 2019ൽ ഫ്ലാറ്റ് വാങ്ങുമ്പോൾ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയായതിനാൽ രേഖകളിൽ തന്റെ പങ്കാളിത്തം ഉണ്ടായിരുന്നില്ലെന്നാണ് ഇയാളുടെ വാദം.
ഡെപ്യൂട്ടി ജഡ്ജി ബ്രയാൻ കീത്തിന്റെയും എട്ട് അംഗ ജൂറിയുടെയും മുമ്പാകെയാണ് വിചാരണ തുടരുന്നത്.










