
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി അറസ്റ്റ് ചെയ്തു. കൊല്ലം പോലീസ് ക്ലബ്ബിൽ മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കസ്റ്റഡിയിലുള്ള മുൻ ബോർഡ് അംഗം അഡ്വ. എ. അജികുമാറിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.
ക്രൈം ബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. രാവിലെ തിരുവനന്തപുരം ഏണിക്കരയിലെ വസതിയിൽ നിന്നാണ് പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കായംകുളം സ്വദേശിയായ അഡ്വ. അജികുമാറിനെയും അന്വേഷണസംഘം പിടികൂടി.
അറസ്റ്റിന് സാധ്യതയുണ്ടെന്ന് പി.എസ്. പ്രശാന്ത് നേരത്തേ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചന നൽകിയിരുന്നു. ചോദ്യംചെയ്യൽ പൂർത്തിയായതിന് ശേഷം ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി കോടതിയിൽ ഹാജരാക്കും.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശുന്നതിനായി സ്വർണ്ണപ്പാളികൾ ചെന്നൈയിലെ സ്വകാര്യ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസിലേക്ക് അയച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണറെയോ ദേവസ്വം ബെഞ്ചിനെയോ അറിയിക്കാതെയാണ് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
2019-ലോ അതിനു മുൻപോ നടന്നതായി കരുതുന്ന വലിയ സ്വർണ്ണക്കൊള്ള മറച്ചുവയ്ക്കാനായിരുന്നു 2025-ൽ പി.എസ്. പ്രശാന്ത് അധ്യക്ഷനായിരുന്ന ദേവസ്വം ബോർഡ് ഈ നടപടികൾ സ്വീകരിച്ചതെന്നാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം, 2019-ലെ സ്വർണ്ണക്കൊള്ള പുറത്തുകൊണ്ടുവന്നത് തങ്ങളുടെ ഭരണസമിതിയാണെന്നും നടപടിക്രമങ്ങളിൽ ഉണ്ടായത് സാങ്കേതിക വീഴ്ച മാത്രമാണെന്നുമാണ് പി.എസ്. പ്രശാന്തിന്റെ നിലപാട്. എന്നാൽ ഈ വാദം അന്വേഷണസംഘം അംഗീകരിച്ചിട്ടില്ല.
ഈ കേസുമായി ബന്ധപ്പെട്ട് മുൻപ് തന്ത്രി കണ്ഠരര് രാജീവർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ പത്മകുമാർ, എൻ. വാസു എന്നിവരടക്കം നിരവധി പേരെ ചോദ്യം ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.










