കാശ്മീരിൽ നേരിട്ട ഭീകരാക്രമണത്തെ ഞെട്ടലോടെ ഓർക്കുന്ന ആരതി

മൂന്നു പതിറ്റാണ്ടുകളൊന്നുമായിട്ടില്ല, ആ പെൺകുട്ടിക്ക് നടക്കാൻ മടി തോന്നിയിരുന്നത് അച്ഛൻ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിൽ വരുന്ന കാലത്തായിരുന്നു. ബി ടി എസ് റോഡിലൂടേയും ചങ്ങമ്പുഴ പാർക്കിലൂടേയും അച്ഛൻതന്നെ തോളത്തിരുത്തി നടന്നുപോയത് ഇന്നലെയെന്ന പോലെ ഓർമയുണ്ട് അവൾക്ക്. ആ പെൺകുട്ടി വീട്ടുകാരുടെ അമ്മുവാണ്, രേഖകളിൽ ആരതി ആർ. മേനോനും.
എറണാകുളം ഇടപ്പള്ളിയിൽ ബിരിയാണി ഹട്ടിനും മോഡേൺ ബ്രഡ്ഡിനും ഇടയിലെ മാങ്ങാട്ട് റോഡിലെ നീരാഞ്ജനത്തിലെ സോഫയിലിരുന്ന് സംസാരിക്കുമ്പോഴും ആ നിശ്ചയദാർഢ്യം ആരതിക്കുണ്ട്. ഇനി ഈ വീട്ടിൽ അച്ഛനില്ലെന്നറിയുന്ന വേദനയിലും അമ്മുവെന്ന ആരതി വളരെ വ്യക്തമായും കാഴ്ചപ്പാടോടെയുമാണ് സംസാരിക്കുന്നത്. തൊട്ടപ്പുറത്ത് അമ്മ ഷീലയും സഹോദരൻ അരവിന്ദ് മേനോനുമുണ്ട്. വീട്ടിനകത്തെവിടെയോ ആരതിയുടെ മക്കൾ കേദാർ എസ് മേനോനും ദ്രുപത് എസ് മേനോനുമുണ്ട്. വി ഐ പികളും ബന്ധുക്കളും നാട്ടുകാരും പത്രക്കാരുമൊക്കെയായി ഇടക്കിടെ ആളുകൾ വന്നുപോകുന്ന വീട്ടിൽ എല്ലാവരേയും സ്വീകരിച്ചിരുത്താനും സംസാരിക്കാനും വീട്ടുകാർ ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും അവരുടെ ഉള്ളിലൊരു നെരിപ്പോട് പുകയുന്നുണ്ട്; അച്ഛനില്ലാത്ത വീടിന്റെ നെരിപ്പോട്.
കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 ന് നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ വീടാണ് 'നീരാഞ്ജനം'. ഗേറ്റ് കടന്ന് അകത്തേക്ക് കാലെടുത്തുവെക്കുന്നതിനു മുമ്പേ വീടിനു ചുറ്റും നിറഞ്ഞു നിൽക്കുന്ന പച്ചപ്പിന്റെ പ്രസാദാത്മകത അനുഭവപ്പെടും. ചുറ്റും ചെടികളും പച്ചപ്പും കൃത്യമായി പരിപാലിക്കുന്ന ഒരു തോട്ടത്തിലെത്തിയതുപോലെ. വീടിനു മുമ്പിൽ ബെൽ സ്വിച്ചിന് തൊട്ടടുത്തൊരു വാചകം പതിച്ച ചെറിയൊരു ബോർഡ്: 'ലൈഫ് ഈസ് ബെറ്റർ ഇൻ ദി ഗാർഡൻ' (പൂന്തോട്ടത്തിലെ ജീവിതം മികവുറ്റതാണ്). ആരതി ആർ. മേനോൻ 'കേരളശബ്ദം' ലേഖകൻ മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
ആരതി പറയട്ടെ
ഏപ്രിൽ 21-ാം തീയതി തിങ്കളാഴ്ചയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹൈദരബാദ് വഴി ശ്രീനഗറിലേക്ക് പറന്നത്. ആരതിയോടൊപ്പം മക്കളായ കേദാറും ദ്രുപതും അച്ഛൻ രാമചന്ദ്രനും അമ്മ ഷീലയും. യു എ ഇയിലായിരുന്ന ആരതിയും മക്കളും നവംബർ മാസത്തിലാണ് അവിടുത്തെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെട്ട് യു കെ ആസ്ഥാനമായുള്ള ഒരു കോഴ്സ് ചെയ്യുന്ന ആരതി അതിന്റെ ഭാഗമായാണ് ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള പ്രവാസത്തിന് താത്ക്കാലിക വിരാമം നൽകി നാടു പിടിച്ചത്. ഭർത്താവ് യു എ ഇയിൽ തന്നെ തുടരുന്നുണ്ട്.
സാധാരണ വാർഷിക അവധിക്കാലത്ത് നാട്ടിലെത്തിയാൽ കുടുംബത്തോടൊപ്പം ദൂരയാത്ര പോകാനൊന്നും സാധിക്കാറില്ല. ബന്ധുക്കളേയും കുടുംബക്കാരേയുമെല്ലാം സന്ദർശിച്ച് തീരുമ്പോഴേക്കും, വീടിന്റെ ഊഷ്മളതയിൽ മതിയാവോളം കഴിയാനുള്ള സമയം കിട്ടാതെ മടങ്ങുകയാണ് പതിവ്. അതുകൊണ്ടുതന്നെ വീടുവിട്ട് അകലങ്ങളിലേക്ക് യാത്രപോകാൻ ആരതി ആഗ്രഹിച്ചിരുന്നുമില്ല.
യു എ ഇ പ്രവാസം മതിയാക്കി വന്നതോടെയാണ് മാതാപിതാക്കളുടേയും മക്കളുടേയുമൊപ്പം കശ്മീരിലേക്കൊരു യാത്രയ്ക്ക് പദ്ധതിയിട്ടത്. ഏപ്രിലിലെ യാത്രയ്ക്ക് ഫെബ്രുവരിയിൽ തന്നെ പദ്ധതികൾ തയ്യാറാക്കിയിരുന്നു. യാത്രകൾ ഇഷ്ടപ്പെട്ടിരുന്നതിനാലും, തങ്ങളാഗ്രഹിക്കുന്ന ഇടങ്ങളിലൊക്കെ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് യാത്ര പോകണമെന്ന് ആഗ്രഹിക്കുന്നതിനാലും പാക്കേജ് യാത്രകളോട് താത്പര്യമുണ്ടായിരുന്നില്ല. കശ്മീർ യാത്രയിൽ പോകേണ്ട സ്ഥലങ്ങളും ആരതി തന്നെയാണ് തയ്യാറാക്കിയത്.
ഏപ്രിൽ 22-ന് ഗുൽമാർഗിൽ പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഗുൽമാർഗിലെ കാഴ്ചകൾക്ക് ടിക്കറ്റ് ഫുൾ ആയതിനാലും ഓൺലൈൻ വഴി ടിക്കറ്റ് കിട്ടാതിരുന്നതും പഹൽഗാമിലേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. യാത്രയ്ക്കായി വിളിച്ച കശ്മീരി ഡ്രൈവർ മുസാഫറും ആദ്യം പഹൽഗാം കാണാമെന്ന ആശയത്തെ പിന്താങ്ങി.
രാവിലെ ഒൻപത് മണിയോടെയാണ് ശ്രീനഗറിലെ താമസസ്ഥലത്തു നിന്നും പഹൽഗാമിലേക്ക് പുറപ്പെട്ടത്. പോകുന്ന വഴിയിൽ പുൽവാമ ആക്രമണം നടന്ന സ്ഥലമൊക്കെ മുസാഫർ കാണിച്ചുകൊടുത്തിരുന്നു. കശ്മീരി ആപ്പിളുകൾ പൂക്കാൻ തുടങ്ങിയ തോട്ടങ്ങളും യാത്രയ്ക്കിടയിൽ സന്ദർശിച്ചു. തോട്ടത്തിൽ വിൽപ്പനയ്ക്കുള്ള ആപ്പിൾ ജാം രാമചന്ദ്രൻ വാങ്ങിയിരുന്നു. രുചി ഇഷ്ടപ്പെട്ടാൽ വീണ്ടും ആവശ്യമെങ്കിൽ ഫോൺ ചെയ്തു പറഞ്ഞാൽ കുറിയർ ചെയ്തുതരാമെന്നു പറഞ്ഞ് തോട്ടത്തിലെ ജീവനക്കാർ രാമചന്ദ്രന് വിസിറ്റിംഗ് കാർഡും കൈമാറി.
അവിടുന്നാണ് പഹൽഗാം ലക്ഷ്യമിട്ട് യാത്ര തുടർന്നത്. പഹൽഗാമിലെത്തിയപ്പോൾ ഉരുളൻ കല്ലുകളും നീണ്ടുപരന്നും ചെങ്കുത്തായുമുള്ള വഴികളിലൂടെ സഞ്ചരിക്കാൻ അഞ്ച് കുതിരകളെയാണ് ആരതി ബുക്ക് ചെയ്തത്. അച്ഛനും അമ്മയും ആരതിയും രണ്ടു മക്കളും അഞ്ച് കുതിരകളിലായി യാത്ര തുടങ്ങി. ഏതാനും മീറ്ററുകൾ സഞ്ചരിച്ചപ്പോഴേക്കും അമ്മ ഷീലയ്ക്ക് കുതിരപ്പുറത്തുള്ള യാത്ര ബുദ്ധിമുട്ടായി. ഉരുളൻകല്ലുകൾ ചവിട്ടിയുള്ള കുതിയുടെ നടത്തം ഡിസ്കിന് തകരാറുള്ള തനിക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും, വിനോദ യാത്രയ്ക്ക് വന്ന് താൻ നാലു ദിവസം കശ്മീരിൽ കിടക്കേണ്ടി വരുമെന്നും പറഞ്ഞ് ഷീലയ്ക്ക് യാത്ര തുടരാനാവാത്ത അവസ്ഥയിലായി.
അമ്മ ടാക്സിയിലേക്ക് മടങ്ങുകയാണെങ്കിൽ അച്ഛനും കൂടെ പോകുന്നോ എന്ന് ആരതി രാമചന്ദ്രനോട് അന്വേഷിച്ചിരുന്നു. താൻ സ്ഥലം കാണാനാണ് വന്നതെന്നും, ഷീല മാത്രം കാറിൽ വിശ്രമിക്കട്ടെയെന്നും പറഞ്ഞ് രാമചന്ദ്രൻ കുതിരപ്പുറത്തു തന്നെയിരുന്നു. ആരതി ഡ്രൈവർ മുസാഫറിനെ ഫോണിൽ വിളിച്ച് അമ്മയെ ഏൽപ്പിച്ചു. ഷീലയേയും കൂട്ടി മുസാഫർ കാർ പാർക്കിംഗിലേക്ക് മടങ്ങി. രാമചന്ദ്രനും ആരതിയും കേദാറും ദ്രുപതും യാത്ര തുടർന്നു.
കടുപ്പം നിറഞ്ഞ വഴികളിലൂടെ കുതിരക്കാരന്റെ സഹായം പോലും തേടാതെ പലയിടങ്ങളിലും കുതിര ഒറ്റയ്ക്ക് സഞ്ചരിച്ചപ്പോൾ ആരതിക്ക് സംശയമായി, കുതിര ഒറ്റയ്ക്കു പോവുന്നതെന്താണ്? കുതിരക്കാരന് സംശയമൊന്നുമില്ലായിരുന്നു. ദിവസേന രണ്ടു തവണയെങ്കിലും കുതിരകൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്, തന്നേക്കാൾ വഴി അറിയുന്നവരാണ് ഈ കുതിരകൾ. ഇനി വഴിതെറ്റിയാലും കുതിരകളുടെ കുളമ്പ് പതിഞ്ഞ വഴി കണ്ടെത്തി അത് പിന്തുടർന്നാൽ പുറപ്പെട്ട സ്ഥലത്തു തന്നെ എത്തിച്ചേരാനാവും. കുതിരക്കാരൻ തനിക്ക് പറഞ്ഞു തരുന്നത് ജീവിതത്തിലേക്കുള്ള വലിയ പാഠമാണെന്ന് അന്നേരം ആരതി അറഞ്ഞിരുന്നില്ല.
പഹൽഗാമിലെ പച്ചപ്പിൽ അച്ഛന്റെ യാത്ര അവസാനിക്കുന്നു
പ്രമേഹരോഗിയാണ് രാമചന്ദ്രനെന്നതിനാൽ പാതി വഴിയിൽ കുതിരയെ നിർത്തി ആരതി അച്ഛന് നൂഡിൽസ് വാങ്ങിക്കൊടുത്തു. അവർ അവിടെയിരുന്ന് അതു കഴിച്ച് യാത്ര തുടർന്നു. സമയം മൂന്നുമണിയോടടുത്തപ്പോഴാണ് അസാധാരണമായ വെടിയൊച്ച മുഴങ്ങിയത്. കുതിരയും കുതിരക്കാരനും എന്തുചെയ്യണമെന്നറിയാതെ ബേജാറായി. പെട്ടെന്ന് കുതിരപ്പുറത്തു നിന്നും ഇറങ്ങാനും താഴെ കിടക്കാനും കുതിരക്കാരൻ ആരതിയോടും രാമചന്ദ്രനോടും കുട്ടികളോടും പറഞ്ഞു. കുറേ അപ്പുറത്ത് മറ്റു കുതിരകളിലുള്ളവരും താഴെയിറങ്ങിയിട്ടുണ്ട്. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ.
ഒരാൾ തോക്കുമായി സാവകാശത്തിൽ നടന്ന് രാമചന്ദ്രന് സമീപത്തെത്തി. അയാൾ തോക്ക് ചൂണ്ടി 'കലിമ' ചൊല്ലാൻ ആവശ്യപ്പെട്ടു. എന്താണ് കലിമയെന്ന് രാമചന്ദ്രന് അറിയില്ലായിരുന്നു. ദൈവത്തിന്റെ ഏകത്വം മഹത്വപ്പെടുത്തുന്ന അറബി വാചകമാണ് കലിമ. അച്ഛനു നേരെ അക്രമി വെടിയുതിർക്കുന്നത് ആരതിയും മക്കളും ഞെട്ടലോടെ കണ്ടു. എന്തു ചെയ്യണമെന്ന് അറിയാത്ത നിമിഷങ്ങൾ. തന്റെ കോട്ടെടുത്ത് അച്ഛനെ പുതപ്പിക്കുമ്പോൾ ആരതി തിരിച്ചറിഞ്ഞു, ഇനി തന്റെ അച്ഛൻ ഭൂമിയിലില്ലെന്ന്!
കുട്ടികൾ രണ്ടുപേരും പേടിച്ചു വിറച്ചിരുന്നു. അവർ ലെറ്റസ് മൂവ് അമ്മാ എന്നു പേടിച്ച് കരഞ്ഞു. അച്ഛനെ രക്ഷപ്പെടുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ ആരതിയിലെ അമ്മ ഉണർന്നു. ഇനി മക്കളെയാണ് രക്ഷപ്പെടുത്തേണ്ടത്. സാധാരണ പാന്റ്സും ഷേർട്ടും ധരിച്ച അക്രമിക്ക് ഒട്ടും ധൃതിയുണ്ടായിരുന്നില്ലെന്ന് ആരതി ഓർക്കുന്നു. അയാൾ വെടിവെച്ചതിന് ശേഷം വന്നതുപോലെ സാവകാശത്തിൽ മടങ്ങിപ്പോയി. അങ്ങനെയൊരു സംഭവം അവിടെ നടന്നുവെന്ന ലാഞ്ചന പോലും അയാളുടെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നില്ല.
ഇനിയെന്തു ചെയ്യുമെന്ന ആരതിയുടെ ചിന്തയിൽ ഞൊടിയിടയിൽ മിന്നിമറഞ്ഞത് അച്ഛനെ തിരിച്ചറിയാനുള്ള അടയാളം അവിടെ ബാക്കിയാക്കുക എന്നതായിരുന്നു. അച്ഛന്റെ മൊബൈൽ ഫോൺ മകളെടുത്തു, അദ്ദേഹത്തെ തിരിച്ചറിയാനാവുന്ന പേരും വിവരങ്ങളുമുള്ള കൊച്ചിയിലെ ആശുപത്രിയുടെ തിരിച്ചറിയൽ കാർഡ് വസ്ത്രത്തിൽ വെച്ചു. പിന്നെ രണ്ടു മക്കളുമായി ഓരോട്ടമായിരുന്നു. ഏതുവഴി പോകണമെന്നൊന്നും അറിയില്ല. അക്രമിയുടെ വരവു കണ്ടായിരിക്കണം കുതിരയും കുതിരക്കാരനുമൊക്കെ എങ്ങോട്ടേക്കോ ഓടി രക്ഷപ്പെട്ടിരുന്നു. ഓടിത്തുടങ്ങിയ അമ്മയും മക്കളും ഉരുളൻ കല്ലുകളിൽ തടഞ്ഞ് പല തവണ മറിഞ്ഞുവീണു. കല്ലുകളിൽ തട്ടി മുറിഞ്ഞും ശരീരത്തിലാകെ ചെളിയായുമുള്ള ഓട്ടത്തിനിടയിലാണ് കുതിരക്കാരൻ പറഞ്ഞ നിർദ്ദേശം ഓർമയിലെത്തിയത്. കുതിരയുടെ കാൽപാടുകൾ നോക്കിയുള്ള ഓട്ടത്തിനിടയിൽ ആരതിയോട് മക്കൾ ചോദിക്കുന്നുണ്ടായിരുന്നു അമ്മാ, ഇത് നമ്മുടെ ശരിയായ വഴി തന്നെ ആയിരിക്കുമോ? അങ്ങനെയൊന്നും ഓർക്കാനുള്ള സമയമുണ്ടായിരുന്നില്ല. ആ വഴി ശരിയായിരിക്കുമെന്ന് നിനച്ച് ഓടി കുറെ ദൂരമെത്തിയപ്പോൾ അവരെപ്പോലെ വേറെയും കുറേപ്പേർ ഓടിവരുന്നുണ്ടായിരുന്നു. വഴിയിലെവിടേയും ഫോണിന് റേഞ്ചുണ്ടായിരുന്നില്ല. ഓട്ടം ആൾക്കൂട്ടത്തിലെത്തി ഫോണിന് റേഞ്ച് കിട്ടിയപ്പോൾ കാർ ഡ്രൈവർ മുസാഫറിനെ വിളിച്ചു.
അച്ഛൻ മരിച്ചുവെന്ന് തിരിച്ചറിഞ്ഞ ആരതി ഓട്ടത്തിനിടയിൽ തന്റെ മക്കളെ ചട്ടം കെട്ടിയത് മുത്തച്ഛന്റെ മരണം മുത്തശ്ശിയെ അറിയിക്കരുതെന്നായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മുത്തശ്ശിയോട് പറയരുതെന്നും പല തവണ ആരതി കുട്ടികളെ മനസ്സിലാക്കിച്ചു. ഹൃദ്രോഗി കൂടിയായ അമ്മയ്ക്ക് അച്ഛൻ കൊല്ലപ്പെട്ടുവെന്നും ആക്രമിയുടെ തോക്കിൻമുനയിൽ നിന്നും തങ്ങൾ രക്ഷപ്പെട്ടുവരികയാണെന്നുമുള്ള വാക്കുകൾ താങ്ങാനായെന്ന് വരില്ലെന്ന് ആരതിക്കറിയാമായിരുന്നു.
ഡ്രൈവർ മുസാഫർ ഷീലയുമായി കാറിൽ വന്ന് ആരതിയേയും മക്കളേയും കൂട്ടി പഹൽഗാമിലെ ഹിൽട്ടൺ ഹോട്ടലിന്റെ പാർക്കിംഗിലേക്കാണ് ആദ്യം പോയത്. അമ്മയറിയാതെ മുസാഫറിനെ ആരതി വിവരം ധരിപ്പിച്ചു. തങ്ങൾ താമസിക്കുന്ന ഹോട്ടൽ നൂറു കിലോമീറ്ററിലേറെ ദൂരെ ശ്രീനഗറിലായതിനാൽ പെട്ടെന്ന് പഹൽഗാമിൽ നിന്നും പോകാനുമാവില്ലായിരുന്നു. അക്രമ സംഭവം പരന്നതോടെ ഹിൽട്ടൺ ഹോട്ടലുകാർ ആരതിയേയും അമ്മയേയും കുട്ടികളേയും ആദ്യം ഹോട്ടൽ ലോബിയിലും പിന്നീട് ഒരു മുറിയിലേക്കും മാറ്റി. അക്രമ വിവരം അമ്മ അറിയാതിരിക്കാൻ ആരതി ഹോട്ടലുകാരോട് ടെലിവിഷനുകൾ ഓഫ് ചെയ്യാൻ അഭ്യർഥിച്ചു. യാത്രക്കിടയിൽ ചെറിയ സംഭവമുണ്ടായതായും ചിലരൊക്കെ കൊല്ലപ്പെട്ടതായും അച്ഛന് പരിക്കേറ്റതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും വലിയ പരിക്കില്ലെന്നും ആരതി അമ്മയെ ആദ്യം പറഞ്ഞു വിശ്വസിപ്പിച്ചു.
അച്ഛന്റെ മൃതദേഹം തിരിച്ചറിയാൻ ആരതി കശ്മീരി ഡ്രൈവർമാരായ മുസാഫറിനും സമീറിനുമൊപ്പമാണ് അർധരാത്രി ആശുപത്രി മോർച്ചറിയിലേക്ക് പോയത്. നടപടിക്രമങ്ങൾ അർധരാത്രി പൂർത്തിയാവാത്തതിനാൽ രാവിലെ വീണ്ടും ടാക്സി ഡ്രൈവർമാർക്കൊപ്പം ആരതി ആശുപത്രിയിലെത്തി. അച്ഛന്റെ അപകടവിവരം അറിഞ്ഞതോടെ ടാക്സിഡ്രൈവർമാർ രണ്ടുപേരും ആരതിക്ക് സഹായവുമായി ശ്രീനഗർ വിമാനത്താവളം വരെ കൂടെയുണ്ടായിരുന്നു.
അമ്മ അറിയാതെ
നാട്ടിൽ തിരിച്ചെത്തുവോളം അച്ഛന്റെ മരണം അമ്മയെ അറിയിക്കാതെ നോക്കുകയെന്ന വലിയ ഉത്തരവാദിത്വമായിരുന്നു ആരതിക്കു മുമ്പിൽ പിന്നെയുണ്ടായിരുന്നത്. ഭീകരവാദി ആക്രമണമുണ്ടായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കശ്മീരിലെത്തി. സംഭവത്തിലെ ഇരകൾ ഉൾപ്പെടെയുള്ളവരെ വിളിച്ചു കൂട്ടി ആദരാഞ്ജലികൾ അർപ്പിക്കുന്ന പരിപാടിയിലേക്ക് ആരതി പോയില്ല. കുറച്ചു സമയം താൻ മാറി നിന്നാൽ അമ്മ തന്നേയും തേടി പുറത്തിറങ്ങിയേക്കാമെന്നും അതോടെ അച്ഛന്റേത് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ ഇടയാക്കുമെന്നും ആരതി പേടിച്ചിരുന്നു. അച്ഛനില്ലാതായ വേദനയിൽ അമ്മയും കൂടി അമരുന്നത് ആരതിക്ക് ആലോചിക്കാനാവുമായിരുന്നില്ല.
അച്ഛന് ചെറിയ പരിക്കുണ്ടെന്നും കശ്മീരിൽ ചികിത്സാ സൗകര്യം ഇല്ലാത്തതിനാൽ കൊച്ചിയിൽ അച്ഛനെ ചികിത്സിക്കുന്ന ആശുപത്രിയിൽ ചികിത്സ നടത്താമെന്നുമാണ് ആരതി അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചത്. അച്ഛനെ എയർ ലിഫ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്, തങ്ങൾക്ക് വിമാനത്തിൽ പോകാം ഇതായിരുന്നു ആരതി ഷീലയെ ധരിപ്പിച്ചുവെച്ചത്. ആരതിയുടെ മക്കളും അസ്വാഭാവികമായി പെരുമാറാതിരുന്നത് തുണയായി.
പഹൽഗാം ഇരകളുടെ ബന്ധുക്കളെ വിമാനത്താവളത്തിലേക്കെത്തിക്കാൻ അധികൃതർ ബസ്സ് ഏർപ്പാട് ചെയ്തിരുന്നു. ആ ബസ്സിൽ കയറിയാൽ കരയുകയും വിഷമിക്കുകയും ചെയ്യുന്നവരുടെ ഇടയിൽ നിന്നും അമ്മ അച്ഛന്റെ വിവരം അറിയുമെന്ന് ഭയന്ന ആരതി ജില്ലാ കളക്ടറോട് തങ്ങൾ കാറിൽ വിമാനത്താവളത്തിൽ എത്തിക്കോളാമെന്ന് അഭ്യർഥിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് കളക്ടർ ആദ്യമത് സമ്മതിച്ചില്ല. തനിക്ക് അച്ഛനാണിപ്പോൾ നഷ്ടമായിരിക്കുന്നതെന്നും ഇനി അമ്മ കൂടി നഷ്ടപ്പെടാനാവില്ലെന്നുമുള്ള ആരതിയുടെ ഉറച്ച വാക്കിനു മുമ്പിൽ കളക്ടർക്ക് വഴങ്ങേണ്ടി വന്നു. ഒറ്റയ്ക്കുള്ള യാത്രയുടെ റിസ്ക് കളക്ടർ ഓർമിപ്പിച്ചപ്പോൾ ആ റിസ്ക് താൻ ഏറ്റെടുത്തുകൊള്ളാമെന്ന ആരതിയുടെ മറുപടിയിൽ അദ്ദേഹം യാത്ര സമ്മതിച്ചു.
ആരതിക്കു മുമ്പിലുള്ള പ്രതിസന്ധികൾ പലതായിരുന്നു. വിമാനത്താവളത്തിലെത്തിയാൽ മാത്രമല്ല, കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ അച്ഛന്റെ മരണം അമ്മ അറിയരുത്. കൊച്ചിയിലെത്തിയാൽ ജ്യേഷ്ഠനും ജ്യേഷ്ഠന്റെ ഭാര്യയും അമ്മയുടെ സഹോദരിമാരുമൊക്കെയുണ്ടാകും. അവർ അമ്മയെ വിവരം ധരിപ്പിച്ച് ആശ്വസിപ്പിക്കും. അതുവരെ അമ്മ വിവരങ്ങളൊന്നുമറിയാതിരിക്കാൻ ശ്രദ്ധിക്കണം.
കടുത്ത പരിശോധനകളൊന്നും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്ക് ശ്രീനഗർ വിമാനത്താവളത്തിലുണ്ടായിരുന്നില്ല. വിമാനത്താവളത്തിൽ ആരതി ആദ്യം ചെയ്തത് അധികൃതരോട് ആവശ്യപ്പെട്ട് ടെലിവിഷൻ ഓഫ് ചെയ്യിക്കുകയായിരുന്നു. ടെലിവിഷൻ വാർത്തകളിലൂടെ അമ്മ വിവരമറിയാതിരിക്കാനായിരുന്നു അത്. പഹൽഗാം ഇരകളുടെ ബന്ധുക്കൾ ഒന്നിച്ചിരുന്ന ലോഞ്ചിൽ ഇരിക്കാതെ സാധാരണ യാത്രക്കാർ ഇരിക്കുന്നിടത്ത് ആരതി അമ്മയേയും മക്കളേയും ഇരുത്തി. ഇമിഗ്രേഷൻ പൂർത്തിയാക്കിയതും ബോർഡിംഗ് പാസ് വിമാനത്താവള ഉദ്യോഗസ്ഥർ ആരതിയും അമ്മയും മക്കളും ഇരിക്കുന്നിടത്തേക്ക് എത്തിച്ചു കൊടുത്തു. യാതൊരു പരിശോധനയുമില്ലാതെ നേരെ വിമാനത്തിലേക്ക് കയറ്റി.
ആരതിയുടെ തൊട്ടു പിറകിലായിരുന്നു അമ്മയുടെ സീറ്റ്. അടുത്ത സീറ്റിലെ യാത്രക്കാരൻ അമ്മയോട് പഹൽഗാം ഭീകരാക്രമണം സംസാരിച്ചേക്കുമോ എന്നു ഭയന്ന ആരതി അമ്മയെ ഉറങ്ങാൻ നിർബന്ധിച്ചുകൊണ്ടിരുന്നു.
ശ്രീനഗറിൽ നിന്നും മുംബൈ വിമാനത്താവളത്തിലിറങ്ങിയപ്പോഴും അധികൃതർ സഹായത്തിനുണ്ടായിരുന്നു. മുംബൈ വിമാനത്താവളത്തിലും ടെലിവിഷനുകൾ ഓഫാക്കി. ആളുകൾക്കിടയിലെ പഹൽഗാം സംസാരത്തെ ഒഴിവാക്കി വിമാനത്തിൽ കയറി രാത്രി കൊച്ചിയിൽ പറന്നിറങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാത്തിരിക്കുകയായിരുന്ന ബന്ധുക്കൾ വിവരം പറയുന്നതുവരെ ഷീല തന്റെ ഭർത്താവിന്റെ മരണവിവരം അറിഞ്ഞിരുന്നില്ല.
കൊച്ചി വിമാനത്താവളത്തിൽ ഷീലയെ വിവരമറിയിക്കാതെ രക്ഷയുണ്ടായിരുന്നില്ല. കാരണം വീട്ടിൽ മരണവിവരമറിഞ്ഞ് ആളുകൾ നിറഞ്ഞിട്ടുണ്ട്, പത്രങ്ങളും ചാനലുകളുമുണ്ട്. ആരതിയും ഷീലയും മക്കളും വന്ന അതേ വിമാനത്തിൽ തന്നെ രാമചന്ദ്രന്റെ മൃതദേഹവുമുണ്ടായിരുന്നു. വിമാനത്താവളത്തിൽ പൊതുദർശനം നടത്തി നേരെ പാലാരിവട്ടം റിനൈ മെഡ്സിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും കശ്മീരിലേക്ക് പോയത്. പിറ്റേ ദിവസം ചൊവ്വാഴ്ച പുലർച്ചെയാണ് സഹോദരൻ രാജഗോപാലും കുടുംബവും യു എസിലേക്ക് പോയത്. യു എസിൽ ഇറങ്ങിയപ്പോഴാണ് രാജഗോപാൽ സഹോദരൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. പിന്നെ മടക്ക യാത്രയായിരുന്നു. ബുധനാഴ്ച രാത്രി മടങ്ങിയെത്തിയ സഹോദരന്റെ മൃതദേഹം കാണാൻ വ്യാഴാഴ്ച വൈകുന്നേരത്തോടെ രാജഗോപാൽ അമേരിക്കയിൽ നിന്നും വന്നു. വെള്ളിയാഴ്ച രാവിലെ സംസ്ക്കാരം നടത്തി.
പ്രവാസിയായ രാമചന്ദ്രൻ
ദീർഘകാലം പ്രവാസ ജീവിതം നയിച്ചതിന് ശേഷമാണ് രാമചന്ദ്രൻ നാട്ടിൽ വിശ്രമ ജീവിതത്തിനെത്തിയത്. യു എ ഇയിലും ഒമാനിലും ഖത്തറിലുമായിരുന്നു രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസമുണ്ടായത്. ഖത്തർ ലോകകപ്പ് നടന്ന 2022 ഡിസംബറിന് ആറു മാസം മുമ്പാണ് രാമചന്ദ്രൻ പ്രവാസം മതിയാക്കി ഖത്തറിൽ നിന്നും നാട്ടിലെത്തിയത്.
രാമചന്ദ്രൻ ഖത്തറിലായിരുന്ന കാലത്ത് ആരതിയോ അരവിന്ദോ ഖത്തറിൽ പോയിരുന്നില്ല. എന്നാൽ ഷീല പോകാറുണ്ടായിരുന്നു. ഭവൻസ് ആദർശിൽ കെ ജി ടീച്ചറായിരുന്ന ഷീല സ്കൂൾ അവധിക്കാലങ്ങളിൽ ഖത്തറിലെ വക്രയിലേക്ക് വിമാനം കയറിയിരുന്നു. അക്കാലത്തെല്ലാം മക്കൾക്ക് പരീക്ഷാ കാലമായതിനാൽ അവർ അമ്മയോടൊപ്പം പോയിരുന്നില്ല.
അവൾ ആരതി
ആരതിയെന്നാൽ സ്തുതിഗീതങ്ങളെന്നും ആരാധനയെന്നും ദിവ്യാഗ്നിയെന്നുമൊക്കെയാണ് അർഥം. ഇനിയതിന് ദൃഢചിത്തയെന്ന അർഥം കൂടിയുണ്ടാകും. കൺമുമ്പിൽ അച്ഛൻ കൊല്ലപ്പെട്ടപ്പോഴും വാവിട്ടു നിലവിളിക്കാതെയും നിലമറന്നു പെരുമാറാതെയും ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നിർവഹിച്ച ദൃഢചിത്തയായ യുവതി.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ കരഞ്ഞിരിക്കുകയല്ല, അതിനെ എങ്ങനെ പരിഹരിക്കാമെന്നാണ് പരിശോധിക്കേണ്ടതെന്ന് അച്ഛൻ പഠിപ്പിച്ച പാഠം ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്ത് അക്ഷരംപ്രതി അനുസരിച്ച മകളെയും നമ്മൾ ആരതിയെന്ന് വിളിക്കും അമ്മുവെന്നും.
അച്ഛൻ കൊല്ലപ്പെട്ട കശ്മീരിൽ തനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്ന് അവൾ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ വർഗ്ഗീയ കോമരങ്ങൾ അവൾക്കെതിരെ ഉറഞ്ഞു തുള്ളിയപ്പോഴും ആ യുവതി ഭയന്നില്ല. ഭീകരവാദിയുടെ തോക്കിൻമുന കണ്ട അവൾ ഇനി ആരെയാണ് ഭയക്കേണ്ടത്?
കശ്മീരിൽനിന്നും ഡ്രൈവർമാരായ മുസാഫറും സമീഫും ഇടയ്ക്ക് വാട്സാപ്പിൽ സന്ദേശം അയയ്ക്കുന്നു, അമ്മയുടെ വിവരങ്ങൾ അന്വേഷിക്കുന്നു, വീട്ടിലെ തിരക്കുകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചോദിക്കുന്നു.
രാമചന്ദ്രന്റെ പ്രവാസകാലത്ത് താനും ചേട്ടനും അമ്മയും കഴിഞ്ഞ അതേ വീടുതന്നെയാണ് നീരാഞ്ജനം. അന്നുപക്ഷേ, അച്ഛൻ ഖത്തറിലോ ഒമാനിലോ യു.എ. ഇയിലോ ഉണ്ടായിരുന്നു. വർഷത്തിലൊരിക്കൽ വരുമെന്ന് അറിയാമായിരുന്നു. ഇന്ന് അച്ഛനില്ലാത്ത വീടാണിത്, ആരതിയുടെ കൺകോണുകളിൽ വേദനയുടെ നീർപടർപ്പ് ബാക്കിയാവുന്നു.











