കോൺഗ്രസും ബിജെപിയും സഖ്യത്തിൽ; ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യം വിട്ടു

ന്യൂഡൽഹി: കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച് ആം ആദ്മി പാർട്ടി. കോൺഗ്രസും ബിജെപിയും സഖ്യത്തിലാണ് എന്നാരോപിച്ചാണ് ആം ആദ്മി പാർട്ടി പ്രതിപക്ഷ മുന്നണി വിട്ടത്. തെരഞ്ഞെടുപ്പുകളെ തനിച്ച് നേരിടാനാണ് പാർട്ടി തീരുമാനം. പ്രധാനമന്ത്രിക്ക് നേട്ടമുണ്ടാക്കുന്ന കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറയുന്നതെന്നും പകരം കോൺഗ്രസ് നേതാക്കളെ ജയിലിൽ പോകാതെ ബിജെപി സംരക്ഷിക്കുന്നു എന്നുമാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
‘‘യഥാർഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലാണ്. മോദിക്ക് രാഷ്ട്രീയമായി പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു. നാട്ടുകാർക്ക് സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഇരുവർക്കും താൽപര്യമില്ല’’ – എഎപി നേതാവ് അനുരാഗ് ധണ്ട എക്‌സിൽ കുറിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് 240 സീറ്റുകൾ ഉറപ്പാക്കുന്നതിൽ ആം ആദ്മി പാർട്ടി തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും ധണ്ട പറഞ്ഞു.











