
ലുധിയാന: പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റുമരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എൽ.എ. ഗുർപ്രീത് ഗോഗി ബാസിയാണ് (58) വീടിനുള്ളിൽവെച്ച് വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. വെടിയേറ്റ ഉടൻതന്നെ വീട്ടുകാർ ഇദ്ദേഹത്തെ മണിയോടെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുർപ്രീത് ഗോഗി സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, അബദ്ധത്തിൽ വെടിയുതിർത്തതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. പോലീസ് അന്വേഷണം ആരംഭിച്ചു.
2022-ലാണ് ഗോഗി ആം ആദ്മി പാർട്ടിയിൽ ചേരുന്നത്. കോൺഗ്രസിൽ നിന്ന് രണ്ടുതവണ എം.എൽ.എയായ ഭരത് ഭൂഷൺ അശുവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലുധിയാന വെസ്റ്റിൽ വിജയിച്ചത്. ഗോഗിയുടെ ഭാര്യ സുഖ്ചയിൻകൗർ ഗോഗി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.











