
ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായ ചർച്ചകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി സിഇഒ തുടങ്ങിയവരാണ് ചൊവ്വാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചിട്ടുള്ള യോഗത്തിൽ പങ്കെടുക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും യോഗത്തിൽ പങ്കെടുക്കും. മൂന്നു മാസത്തിനുള്ളിൽ പരാതി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് നീക്കം. അതേസമയം, ഉടൻ തിരഞ്ഞെെടുപ്പ് നടക്കുന്ന ബിഹാറിനു മുൻഗണന നൽകുമോയെന്ന കാര്യം വ്യക്തമല്ല.
2021ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാർലമെൻറിൽ സർക്കാർ അറിയിച്ചു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.