
ന്യൂഡൽഹി: ആധാർ കാർഡിലെ പേര് മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.). പേരിനൊപ്പം അപരനാമം, സ്ഥാനപ്പേര്, ബഹുമതി, ഡോട്ട് ഉൾപ്പെടെയുള്ള പ്രത്യേക ചിഹ്നങ്ങൾ എന്നിവ ചേർക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
ഇനി ആധാറിലെ പേര് തിരുത്തുമ്പോൾ സമർപ്പിക്കുന്ന തിരിച്ചറിയൽ രേഖയിലെ അക്ഷരവിന്യാസവും പേരിന്റെ ക്രമവും കൃത്യമായി പാലിക്കണം. മിസ്റ്റർ, ഡോക്ടർ, കേണൽ തുടങ്ങിയ സ്ഥാനപ്പേരുകൾ ഒഴിവാക്കുന്നതിനും ആവശ്യമായ തിരിച്ചറിയൽ രേഖ ഹാജരാക്കണം.
ഡോട്ട് പോലുള്ള പ്രത്യേക ചിഹ്നങ്ങൾ ഒഴിവാക്കുന്നതിനും അനാവശ്യമായി നൽകിയ വലിയ അക്ഷരങ്ങൾ തിരുത്തുന്നതിനും പ്രത്യേക രേഖ ആവശ്യമില്ല. എന്നാൽ ഇനിഷ്യലുകൾ പൂർണരൂപത്തിലാക്കുകയോ ചുരുക്കുകയോ ചെയ്യുന്നത്, മിഡിൽ നെയിം കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത്, പേരിന്റെ ക്രമം മാറ്റുന്നത്, അക്ഷരങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ തിരുത്തുന്നത് എന്നിവയ്ക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാണ്.
വിവാഹത്തിന് ശേഷം സ്ത്രീകൾ പേര് തിരുത്തുന്നതിനും വിവാഹമോചനത്തിന് ശേഷം പേര് മാറ്റുന്നതിനും തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം സത്യവാങ്മൂലവും സമർപ്പിക്കണം. മുൻപ് സമർപ്പിച്ച രേഖയിലെ പേര് ശരിയായിരുന്നെങ്കിലും ആധാറിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ തിരുത്തലിനും തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം സത്യവാങ്മൂലം ആവശ്യമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും.
പേര് പൂർണമായി മാറ്റണമെങ്കിൽ ഗസറ്റ് വിജ്ഞാപനം നിർബന്ധമാണ്. സമർപ്പിക്കുന്ന സത്യവാങ്മൂലം ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് അല്ലെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയതായിരിക്കണം.
അതേസമയം, ആധാർ കാർഡിൽ പേര് ഇനി മുതൽ പൂർണമായും വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്താനും സേവനകേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ പേരിന്റെ ആദ്യ അക്ഷരം മാത്രം വലിയ അക്ഷരത്തിൽ രേഖപ്പെടുത്തുന്ന രീതിയിലാണ്. പുതുക്കിയ മാനദണ്ഡങ്ങൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി യു.ഐ.ഡി.എ.ഐ. വ്യക്തമാക്കി.










