
ന്യൂഡൽഹി: ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും തിരിച്ചറിയലിന് മാത്രമുള്ളതാണെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സുപ്രീംകോടതി ശരിവെച്ചു. ആധാർ നിയമത്തിലെ ഒമ്പതാം വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജികൾ പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പൗരത്വം സംബന്ധിച്ച കാര്യങ്ങൾ സ്വതന്ത്രമായി പരിശോധിക്കേണ്ടതുണ്ടെന്നും എന്നാൽ അതിന് തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോയെന്നതാണ് പ്രധാന ചോദ്യമെന്നും കോടതി വ്യക്തമാക്കി. ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒരു കോടിയിലധികം വോട്ടർമാരെ ഒഴിവാക്കിയെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോടതി പറഞ്ഞു. 7.9 കോടി വോട്ടർമാരിൽ 7.4 കോടിയും വോട്ടർപ്പട്ടിക പരിഷ്കരണ പ്രക്രിയയുമായി സഹകരിച്ചതായും അതിനാൽ ഇത്രയധികം പേരെ ഒഴിവാക്കിയെന്ന വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെന്ന് കാട്ടി യോഗേന്ദ്ര യാദവ് എന്ന ആക്ടിവിസ്റ്റ് രണ്ട് പേരെ കോടതിയിൽ ഹാജരാക്കി. അബദ്ധത്തിൽ സംഭവിച്ച പിഴവായിരിക്കാമെന്നും സെപ്റ്റംബർ 30-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ തെറ്റുകൾ തിരുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു.











