06:16am 12 November 2026
NEWS
രണ്ടു ദിവസം മുമ്പ് പ്രതിശ്രുത വധുവിനെ കാണാൻ പോയ പ്രവാസി യുവാവ് ആളൊഴിഞ്ഞ പ്രദേശത്തെ ചതുപ്പിൽ അവശനിലയിൽ
17/12/2025  01:36 PM IST
nila
രണ്ടു ദിവസം മുമ്പ് പ്രതിശ്രുത വധുവിനെ കാണാൻ പോയ പ്രവാസി യുവാവ് ആളൊഴിഞ്ഞ പ്രദേശത്തെ ചതുപ്പിൽ അവശനിലയിൽ

ആലപ്പുഴ: രണ്ടു ദിവസമായി കാണാതായിരുന്ന യുവാവിനെ ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്ത് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായർ (34) ആണ് ചതുപ്പിൽ ​നിന്നും ​ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. എണ്ണയ്ക്കാട് ഗ്രാമത്തിലെ പൂക്കൈതച്ചിറ ഭാഗത്ത് റോഡിൽ നിന്ന് ഏകദേശം 10 അടി താഴെയുളള ചതുപ്പ് നിലത്തിൽ കിടന്ന വിഷ്ണുവിനെ  ബുധനൂരിലെ ഒരു ജനപ്രതിനിധിയാണ്  കണ്ടെത്തിയത്. രാത്രി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഗൾഫിൽ നിന്ന് അടുത്തിടെയാണ് വിഷ്ണു നാട്ടിലെത്തിയത്. ഞായറാഴ്ച വൈകിട്ട് ബുധനൂരിലെ വീട്ടിൽ നിന്ന് ചെട്ടികുളങ്ങരയിലെ പ്രതിശ്രുത വധുവിനെ കാണാൻ പോയിരുന്നു. രാത്രി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. മകനെ കാണാതായതിനെ തുടർന്ന് പിതാവ് രമണൻ നായർ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ വിഷ്ണു സഞ്ചരിച്ച വഴിയിലൂടെ നടത്തിയ പരിശോധനയിലാണ് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പ് നിലത്തിൽ കറുത്ത നിറത്തിലുള്ള ബൈക്ക് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്.

ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച വിഷ്ണുവിന് കൈക്ക് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.