
സുഹൃത്തുക്കൾക്കൊപ്പം റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും ലിഫ്റ്റ് ഡക്റ്റിൽ വീണാണ് യുവതി മരിച്ചത്. ബംഗളുരുവിലെ പരപ്പന അഗ്രഹാരയ്ക്ക് സമീപം റായസന്ദ്രയിലാണ് സംഭവം. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ നന്ദിനി (21) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. സൂപ്പർ മാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന നന്ദിനി സൗത്ത് ബംഗളുരുവിൽ പോയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. തിങ്കളാഴ്ച ജോലി സമയം കഴിഞ്ഞ് സുഹൃത്തായ മറ്റൊരു യുവതിക്കും രണ്ട് യുവാക്കൾക്കുമൊപ്പം പുറത്തുപോയി. രാത്രി എട്ട് മണിയോടെയാണ് ഇവർ അപകടമുണ്ടായ കെട്ടിടത്തിലെത്തിയത്.
ചില തർക്കങ്ങൾ കാരണം പത്ത് വർഷത്തോളമായി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായിരുന്നു ഇവിടെ. സെക്യൂരിറ്റി ഗാർഡ് ഇല്ലാതിരുന്നതു കൊണ്ട് നാല് പേരും കെട്ടിടത്തിനകത്തേക്ക് കയറി. അവിടെ നിന്ന് പതിനാലാം നിലയിലേക്കാണ് ഇവർ കയറിച്ചെന്നത്. അവിടെ വെച്ച് സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യാൻ റീൽസ് ചിത്രീകരിക്കാൻ തുടങ്ങി. ഇതിനിടെ ലിഫ്റ്റ് ഡക്റ്റിനടുത്തേക്ക് പോയ നന്ദിനി കാൽ വഴുതി അകത്തേക്ക് വീഴുകയായിരുന്നു.











