03:11pm 09 September 2026
NEWS
കുട്ടികളുടെ തർക്കം പറഞ്ഞുതീർക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം; തൈക്കാട് നടുറോഡിൽ കുത്തേറ്റു മരണം:
18/11/2025  09:20 AM IST
സുരേഷ് വണ്ടന്നൂർ
കുട്ടികളുടെ തർക്കം പറഞ്ഞുതീർക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം; തൈക്കാട് നടുറോഡിൽ കുത്തേറ്റു മരണം:

​തിരുവനന്തപുരം: വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം സംസാരിച്ച് തീർക്കുന്നതിനിടെ ഇരുവിഭാഗം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു.  തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. രാജാജി നഗർ അരിസ്റ്റോ ജംഗ്‌ഷൻ സ്വദേശി അലൻ (19) ആണ് കൊല്ലപ്പെട്ടത്.
​മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ഫുട്‌ബോൾ കളിക്കിടെയുണ്ടായ സംഘർഷം പരിഹരിക്കുന്നതിനായാണ് രാജാജി നഗർ, ജഗതി കോളനി എന്നിവിടങ്ങളിലെ യുവാക്കൾ തൈക്കാട് ഒത്തുതീർപ്പ് ചർച്ചയ്ക്ക് തീരുമാനിച്ചത്. രാജാജി നഗറിലെ സംഘത്തോടൊപ്പമാണ് അലൻ സ്ഥലത്തെത്തിയത്.
​സംസാരം രൂക്ഷമായ തർക്കത്തിലേക്കും തുടർന്ന് ഉന്തും തള്ളുമായി മാറുകയായിരുന്നു. ഈ സംഘർഷത്തിനിടെ അലന്റെ നെഞ്ചിൽ കുത്തേറ്റു. ആക്രമണം നടത്തിയയാൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അലനെ സുഹൃത്തുക്കൾ ഉടൻ തന്നെ ബൈക്കിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്തി മുകളിലേക്ക് ചരിച്ചു പിടിച്ചുള്ള കുത്തിൽ ഹൃദയധമനി മുറിഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
​സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മഞ്ജുളയാണ് അലന്റെ മാതാവ്. പരേതയായ ആൻഡ്രിയ സഹോദരിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img