
കൊച്ചിയിലെ യുവതി പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തത് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ കലിപ്പിൽ. ഇന്ന് പുലർച്ചെയോടെയാണ് പാലാരിവട്ടം സ്വദേശി പ്രവീണും പെൺസുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിയും നടുറോഡിൽ അതിക്രമം കാട്ടിയത്. പാലാരിവട്ടം സംസ്കാര ജങ്ഷനിൽ പ്രവീൺ വഴിയാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി പ്രവീണിനെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രകോപിതയായ റെസ്ലി പൊലീസ് ജീപ്പിന്റെ ചില്ല് കല്ലെടുത്തെറിഞ്ഞ് തകർക്കുകയായിരുന്നു. ഇതോടെ വനിതാ പൊലീസിനെ സ്ഥലത്തെത്തിച്ച് യുവതിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരുവരും വിവിധ ലഹരിക്കേസുകളിലെ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കുമെതിരേ എറണാകുളം നോർത്തിലും സെൻട്രൽ സ്റ്റേഷനിലും ലഹരി കേസുകളുണ്ട്. നിലവിൽ പ്രവീണിനെതിരേ കേസ് എടുത്തിട്ടുണ്ട്. റെസ്ലി പാലാരിവട്ടം പോലീസിന്റെ കസ്റ്റഡിയിലുമാണുള്ളത്.











