കാക്കനാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) ആധുനിക സാങ്കേതികവിദ്യകളുടെയും കാലഘട്ടത്തിൽ മാനവികത നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലെയോ പതിനാലാമൻ മാർപ്പാപ്പ പുറപ്പെടുവിച്ച പ്രഥമ ചാക്രികലേഖനമായ 'മാഗ്നിഫിക്ക ഹ്യൂമാനിത്താസിനെക്കുറിച്ച് സീറോമലബാർ സഭയുടെ മീഡിയ കമ്മീഷനും ഡോക്ടറിനൽ കമ്മീഷനും സംയുക്തമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 20 ശനിയാഴ്ച രാത്രി 8:30 മുതൽ 9:30 വരെയുള്ള സമയത്താണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വെബ്ബിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും.
ആധുനിക ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ അന്തസ്സും ധാർമ്മിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും, സാങ്കേതികവിദ്യ കേവലം ലാഭേച്ഛയ്ക്കപ്പുറം മനുഷ്യനന്മയ്ക്കായി എങ്ങനെ വിനിയോഗിക്കണമെന്ന മാർപ്പാപ്പയുടെ പ്രബോധനവും വെബ്ബിനാറിൽ ചർച്ചയാകും. മെത്രാന്മാർ, ദൈവശാസ്ത്രജ്ഞർ, അല്മയർ, വൈദിക വിദ്യാർത്ഥികൾ, സന്ന്യസ്തർ, സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തമാണ് വെബ്ബിനാറിൽ പ്രതീക്ഷിക്കുന്നത്.
ചങ്ങനാശ്ശേരി അതിരൂപത ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ, പ്രമുഖ ദൈവശാസ്ത്രജ്ഞൻ റെവ. ഡോ. സജി കണയങ്കൽ എന്നിവർ ചാക്രികലേഖനത്തിന്റെ വിവിധ വശങ്ങളെ അധികരിച്ചു വെബ്ബിനാർ നയിക്കും. തലശ്ശേരി അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഷംഷാബാദ് അതിരൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവർ വെബ്ബിനാറിൽ സംസാരിക്കും.
ആഗോള സഭയുടെ സമകാലിക പ്രബോധനങ്ങളെ വിശ്വാസികൾക്കും പൊതുസമൂഹത്തിനും കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ്ബിനാർ ഒരുക്കിയിരിക്കുന്നത്. സീറോമലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട്, എന്നിവർ വെബ്ബിനാറിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.









