11:19pm 24 June 2026
NEWS
നാം ഭയന്നേ തീരൂ! ഇന്ത്യയെ തകർക്കാൻ യുദ്ധത്തെക്കാൾ വലിയ വില്ലൻ വരുന്നു..
24/06/2026  07:57 PM IST
nila
നാം ഭയന്നേ തീരൂ! ഇന്ത്യയെ തകർക്കാൻ യുദ്ധത്തെക്കാൾ വലിയ വില്ലൻ വരുന്നു..

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ ഇതുവരെ പൂർണമായി മുക്തമായിട്ടില്ല. ഹോർമുസ് കടലിടുക്ക് അടച്ചതും എണ്ണവിലയിലെ കുതിപ്പും ലോക രാജ്യങ്ങളെ സമ്മർദത്തിലാക്കിയിരിക്കെയാണ് മറ്റൊരു വലിയ ഭീഷണി ഉയരുന്നത്. കാലാവസ്ഥാ പ്രതിഭാസമായ എൽ-നിനോ ഇത്തവണ അതിശക്തമായ രൂപത്തിൽ തിരിച്ചെത്തുമെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ധരെയും നയരൂപകരെയും ആശങ്കയിലാക്കുന്നത്.

‘സൂപ്പർ എൽ-നിനോ’ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കാൾ ഗുരുതരമായ ആഘാതം സൃഷ്ടിക്കാമെന്ന് ടിഎസ് ലൊംബാർഡിന്റെ ചീഫ് ചൈന ഇക്കണോമിസ്റ്റും വാൾ സ്ട്രീറ്റ് സ്ട്രാറ്റജിസ്റ്റുമായ റോറി ഗ്രീൻ മുന്നറിയിപ്പ് നൽകുന്നു.

സ്പാനിഷിൽ ‘ചെറിയ കുട്ടി’ എന്നർത്ഥമുള്ള എൽ-നിനോ യഥാർത്ഥത്തിൽ കാലാവസ്ഥയിലെ വലിയ വില്ലനാണ്. മൺസൂൺ മഴ കുറയ്ക്കുക, വരൾച്ച സൃഷ്ടിക്കുക, ചൂട് വർധിപ്പിക്കുക എന്നിവയ്‌ക്കൊപ്പം ചിലയിടങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാക്കാനും ഇതിന് കഴിയും.

ഇന്ത്യയ്ക്ക് എന്തുകൊണ്ട് കൂടുതൽ ആശങ്ക?

ഇന്ത്യയുടെ വാർഷിക മഴയുടെ ഏകദേശം 75 ശതമാനവും മൺസൂണിനെ ആശ്രയിച്ചാണ് ലഭിക്കുന്നത്. അതിനാൽ മൺസൂൺ ദുർബലമാകുന്നത് കാർഷിക മേഖലയെ നേരിട്ട് ബാധിക്കും. ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷം സാധാരണയേക്കാൾ കുറഞ്ഞ് 90 ശതമാനത്തിൽ ഒതുങ്ങാനാണ് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. ജൂണിലെ ആദ്യപകുതിയിൽ ലഭിച്ച മഴയും പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നു.

കാർഷിക ഉൽപാദനം കുറഞ്ഞാൽ അതിന്റെ ആഘാതം കൃഷിയിടങ്ങളിൽ മാത്രം ഒതുങ്ങില്ല. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, ഉപഭോക്തൃ വിപണി, എഫ്എംസിജി മേഖല, ബാങ്കിങ്, വാഹനവിപണി, ഓഹരി വിപണി തുടങ്ങി നിരവധി മേഖലകളിലേക്ക് അത് വ്യാപിക്കും. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറയുന്നതോടെ വിലക്കയറ്റവും ശക്തമാകും.

വിലക്കയറ്റവും പലിശഭാരവും ഉയരുമോ?

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണവിലയും വളവിലയും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. അതിനൊപ്പം എൽ-നിനോയുടെ സ്വാധീനവും ചേർന്നാൽ ഭക്ഷ്യവിലയിൽ കൂടുതൽ വർധനയുണ്ടാകുമെന്നാണ് ആശങ്ക. മേയിൽ രാജ്യത്തെ പണപ്പെരുപ്പം 3.9 ശതമാനമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം 4.8 ശതമാനത്തിലെത്തി.

റിസർവ് ബാങ്ക് പണപ്പെരുപ്പം 4 ശതമാനത്തിൽ നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ സാഹചര്യം മോശമായാൽ ഈ പരിധി മറികടക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അങ്ങനെ സംഭവിച്ചാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ റീപ്പോ നിരക്ക് ഉയർത്തേണ്ടി വരും. അതിന്റെ പ്രത്യാഘാതമായി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കുകളും ഉയരാൻ സാധ്യതയുണ്ട്.

ജിഡിപിക്കും തിരിച്ചടി

യുദ്ധവും കാലാവസ്ഥാ വെല്ലുവിളികളും ചേർന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന സൂചന റിസർവ് ബാങ്കും നൽകിയിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി ഇതിനകം കുറച്ചിട്ടുണ്ട്.

രാജ്യത്തെ ഏകദേശം 200 ജില്ലകളെ എൽ-നിനോ സാരമായി ബാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. അതേസമയം, ആഘാതം കുറയ്ക്കുന്നതിനായി അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം വർധിപ്പിക്കുന്നതും ജലസംഭരണികളുടെ കാര്യക്ഷമ ഉപയോഗവും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിൽ സൂപ്പർ എൽ-നിനോയും ശക്തമായാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ കൂടുതൽ കടുക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img