01:08am 05 June 2026
NEWS
ഔദ്യോഗിക യൂണിഫോമില്‍ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയ യുവ പൈലറ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
04/06/2026  09:36 PM IST
സണ്ണി ലുക്കോസ്
ഔദ്യോഗിക യൂണിഫോമില്‍ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയ യുവ പൈലറ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളില്‍ നടന്ന പാസിങ് ഔട്ട് പരേഡിനും ബിരുദദാന ചടങ്ങിനും തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം. ആർമി ഏവിയേഷൻ പൈലറ്റായ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് വിവാഹാഭ്യർത്ഥന നടത്തിയത്.

അഞ്ച് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ക്യാപ്റ്റൻ ഭരത് ഭരദ്വാജ് കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. പരേഡ് ഗ്രൗണ്ടിലെ റണ്‍വേയില്‍ സൈനിക ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വേറിട്ട രംഗം അരങ്ങേറിയത്. പൂർണ്ണ സൈനിക യൂണിഫോമില്‍ കാമുകിയുമായി ഹെലികോപ്റ്ററിനടുത്തേക്ക് നടന്നെത്തിയ ഭരത്, റണ്‍വേയില്‍ മുട്ടുകുത്തി നിന്ന് മോതിരം സമ്മാനിച്ച്‌ വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ സന്തോഷവതിയായ യുവതി വിവാഹാഭ്യർത്ഥന സ്വീകരിക്കുകയും പിന്നാലെ ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു.

കുടുംബാംഗങ്ങളും സഹപ്രവർത്തകരായ മറ്റ് ഓഫീസർമാരും അതിഥികളും നോക്കിനില്‍ക്കെയായിരുന്നു ഈ പ്രണയാഭ്യർത്ഥന. വേദിയിലുണ്ടായിരുന്നവർ ആർപ്പുവിളിച്ചും കൈയ്യടിച്ചും ഈ രംഗത്തെ പ്രോത്സാഹിപ്പിച്ചു. നിമിഷങ്ങള്‍ക്കകം ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൻതോതില്‍ വൈറലാവുകയും നിരവധി പേർ ഇവർക്ക് ആശംസകളുമായി രംഗത്തെത്തുകയും ചെയ്തു. ഒരേസമയം വ്യക്തിപരമായ സന്തോഷത്തിന്റെയും ഔദ്യോഗികമായ വലിയൊരു നേട്ടത്തിന്റെയും അപൂർവ്വ നിമിഷമായിട്ടാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരും ഇതിനെ വിശേഷിപ്പിച്ചത്.

എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ പ്രതിരോധ വൃത്തങ്ങളില്‍ ഇതിനെച്ചൊല്ലി കടുത്ത ചർച്ചകളും വിമർശനങ്ങളും ആരംഭിച്ചു. ഭരത് ഭരദ്വാജിന്റെ ഈ പ്രവർത്തി കടുത്ത സൈനിക പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നാണ് ഉയർന്ന സൈനിക ഉദ്യോഗസ്ഥർ പൊതുവേ വിലയിരുത്തുന്നത്. രാജ്യത്തിന്റെ ഏറ്റവും സുപ്രധാനമായ ഒരു ഔദ്യോഗിക സൈനിക ചടങ്ങിന്റെ പവിത്രതയ്ക്കും മര്യാദയ്ക്കും വിരുദ്ധമാണ് പ്രതിരോധ പശ്ചാത്തലത്തില്‍ വെച്ചുണ്ടായ ഈ വ്യക്തിപരമായ പ്രവൃത്തിയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൈന്യത്തിന്റെ കർശനമായ അച്ചടക്ക നിയമങ്ങള്‍ ലംഘിച്ച പശ്ചാത്തലത്തില്‍ ക്യാപ്റ്റൻ ഭരത് ഭരദ്വാജിന് ഉടൻ തന്നെ അധികൃതർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാൻ സാധ്യതയുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img