
ദോഹ: മിലിപോൾ ഖത്തറിന്റെ (Milipol Qatar) മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 21ബുധനാഴ്ച) രാത്രി 9:15-ന് ദോഹയിൽ വർണ്ണാഭമായ ഡ്രോൺ ലൈറ്റ് ഷോയും വെടിക്കെട്ടും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മില്ലിപോൾ ഖത്തറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
ആഭ്യന്തര സുരക്ഷയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 'ഗ്ലോബൽ എക്സിബിഷൻ ഫോർ ഹോംലാന്റ് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി', 'ദോഹ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി' എന്നീ പ്രദർശനങ്ങൾ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) പുരോഗമിക്കുകയാണ്. നാളെ (ഒക്ടോബർ 22-ന് )മേള സമാപിക്കും.
മധ്യപൂർവേഷ്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര സുരക്ഷാ പ്രദർശനങ്ങളിലൊന്നായ ഈ മേളയിൽ, ലോകമെമ്പാടുമുള്ള സുരക്ഷാ വിദഗ്ധരും നയരൂപീകരണ വിദഗ്ധരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. ആധുനിക ആയുധങ്ങൾ, ഫോറൻസിക് ഉപകരണങ്ങൾ, റോബോട്ടുകൾ, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ, ഡ്രോണുകൾ, കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ, സുരക്ഷാ സജ്ജീകരണങ്ങളുള്ള അത്യാധുനിക വാഹനങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.










