
ദോഹ: ഖത്തറിൽ മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും സുരക്ഷിതവും സ്ഥിരതയാർന്നതുമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്ന്
ഫ്രീഡം ഓഫ് ദി അറേബ്യ ൻ ജേർണ്ണലിസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നിയമപരമായ സംരക്ഷണം ലഭിക്കുന്നു. മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരെയും വിചാരണയ്ക്ക് വിധേയരാക്കിയിട്ടില്ലെന്നും പീഡനമോ അറസ്റ്റ് നടപടികളോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ മന്ത്രാലയങ്ങളും ഏജൻസികളും മാധ്യമങ്ങളുമായി നേരിട്ടു ബന്ധപ്പെടുകയും ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കാനും തെറ്റായ വാർത്തകൾ നിഷേധിക്കാനും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
ഭാവിയിൽ അറബ്-ഗൾഫ് മാധ്യമങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരസ്യ വിപണി തകർന്നതോടെ പാരമ്പര്യ മാധ്യമങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാധ്യമരംഗത്ത് അനിവാര്യമായിരിക്കുന്നു. എങ്കിലും മനുഷ്യ മൂല്യങ്ങളും നൈതികതയും ഉറപ്പാക്കാൻ മാധ്യമപ്രവർത്തകരുടെ സൃഷ്ടിപരമായ പങ്ക് അത്യന്താപേക്ഷിതമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.











