
തിരുവൻവണ്ടൂർ: കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ശാപമോക്ഷം കാത്ത് കിടക്കുകയാണ് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ
പതിമൂന്നാം വാർഡിൽ പെട്ട
തോണ്ടറപ്പടി -ആങ്ങായിൽപ്പടി റോഡ്.
ചെങ്ങന്നൂർ
മണ്ഡലത്തിലെ റോഡിൻ്റെ ദുരവസ്ഥയ്ക്ക് എന്ന് പരിഹാരം കാണുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ .കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിലാണ് റോഡ് വികസനത്തിനായി പൊളിച്ചിട്ടത്.ഇതിനായി 45. 9 ലക്ഷം രൂപ മന്ത്രി സജി ചെറിയാൻ
അനുവദിച്ചതായി ഫ്ളക്സ് ബോർഡ് വച്ച് പരസ്യപ്രചരണം നടത്തുകയും ചെയ്തു.
എന്നാൽ പുനരുദ്ധാരണത്തിൻ്റെ പേര് പറഞ്ഞ്
കഴിഞ്ഞ രണ്ട് മാസത്തിനു മുൻപ് റോഡിൽ മെറ്റൽ ഇറക്കുകയും ചെയ്തു. പിന്നീട് യാതൊരു പ്രവൃത്തിയും ഇവിടെ നടന്നിട്ടുമില്ല. മൂന്ന് മീറ്റർ വീതിയും 800 മീറ്റർ നീളവുമുള്ളതാണ് ഈ ഗ്രാമീണ ബൈപ്പാസ് റോഡ്.
അഞ്ച് പതിറ്റാണ്ട് മുൻപ് സ്വകാര്യ വ്യക്തികൾ വിട്ടു നൽകിയ സ്ഥലത്തു കൂടിയാണ് റോഡ് നിർമ്മിച്ചത്.
സഞ്ചാരയോഗ്യമല്ലാത്ത ഈ റോഡിലൂടെ വേണം വിധിയെഴുത്തിനായി ജനങ്ങൾ സഞ്ചരിക്കേണ്ടത്. ഇരുചക്രവാഹനങ്ങൾ സ്വകാര്യ വാഹനങ്ങൾ സ്കൂൾ ബസുകളടക്കം ഇതു വഴിയാണ് കടന്നു പോകുന്നത്. ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുഷ്ക്കരമാണ്. രണ്ട് മാസങ്ങൾക്ക് മുൻപ് ഇതുവഴി സഞ്ചരിച്ച സ്കൂൾ ബസ് ചരിഞ്ഞ് അപകടത്തിൽ പെടുന്ന സാഹചര്യമുണ്ടായപ്പോൾ ഇത് കണ്ട് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരിലൊരാൾക്ക് കൈയ്ക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തിരുന്നു.
മെറ്റിൽ റോഡിൽ നിന്നും നീക്കം ചെയ്ത് എത്രയും വേഗം പൂർവ്വസ്ഥിതിയിലെങ്കിലും ആക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്
ജില്ലാ കളക്ടർക്ക്
പരാതിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.











