
ദോഹ: നീലാകാശവും മരുഭൂമിയും സമുദ്രത്തോടു സല്ലപിക്കുന്ന ഖത്തറിന്റെ മനോഹര തീരമായ അൽ ഉദൈദിൽ അപൂർവ പ്രകൃതിപ്രതിഭാസം. പ്രകൃതിയുടെ അത്ഭുതക്കാഴ്ചയായ കടൽക്കുതിരയെ (Seahorse) പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MOECC) പ്രത്യേക സമുദ്ര നിരീക്ഷണ സംഘം കണ്ടെത്തി. പ്രാദേശിക ഭാഷയിൽ 'ബുസൈസി' എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന ഈ ചെറുജീവി, നാച്ചുറൽ റിസർവിനുള്ളിലെ കടൽപ്പുൽക്കാടുകൾക്കിടയിലാണ് ആവാസമുറപ്പിച്ചിരിക്കുന്നത്.
കടലടിത്തട്ടിലെ ജൈവവൈവിധ്യം രേഖപ്പെടുത്തുന്നതിനായി നടത്തിയ ഫീൽഡ് സർവേയിലാണ് സമുദ്രത്തിന്റെ ആരോഗ്യം വിളംബരം ചെയ്യുന്ന ഈ അപൂർവ ജീവിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പ്രദേശത്തെ സമുദ്ര ആവാസവ്യവസ്ഥ തികച്ചും സുരക്ഷിതവും ഇവയുടെ വംശവർദ്ധനവിന് അനുയോജ്യവുമാണെന്ന് വിദഗ്ദ്ധ ഡൈവിംഗ് സംഘം സ്ഥിരീകരിച്ചു. ജീവജാലങ്ങളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സമാകുന്ന തരത്തിലുള്ള നിയമലംഘനങ്ങളോ മലിനീകരണമോ ഇവിടെയില്ലെന്നത് ഏറെ ആശ്വാസകരമാണ്.
സമുദ്ര പരിസ്ഥിതിയുടെ പരിശുദ്ധിയും സന്തുലിതാവസ്ഥയും അളക്കുന്ന 'ജീവനുള്ള മാപിനി' എന്നാണ് പരിസ്ഥിതി പ്രവർത്തകർ കടൽക്കുതിരകളെ വിശേഷിപ്പിക്കുന്നത്.സീലൈൻ ബീച്ചിന് സമീപത്തെ അൽ ഉദൈദിലെ ഹരിത സമുദ്രപ്പുല്ലുകൾ ഖത്തറിന്റെ ജൈവവൈവിധ്യത്തിന് എത്രത്തോളം തണലേകുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്ന് മന്ത്രാലയം വ്യക്തമാക്കി.
മരുഭൂമിയുടെ മടിത്തട്ടിലെ കടൽച്ചോലകളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനും കടൽജീവികൾക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഖത്തറിന്റെ സമ്പന്നമായ പ്രകൃതിസമ്പത്ത് വരുംതലമുറയ്ക്കായി നിലനിർത്താൻ നിരീക്ഷണവും സംരക്ഷണവും ശക്തമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.










