
ദോഹ: ഖത്തറിലെ തൃശ്ശൂരുകാരുടെ ജനപ്രിയ പ്രവാസി കൂട്ടായ്മയായ 'തൃശ്ശൂർ ജില്ലാ സൗഹൃദവേദി' കാൽനൂറ്റാണ്ടിന്റെ സഫലമായ പ്രവാസി സൗഹൃദയാത്ര പൂർത്തിയാക്കി സിൽവർ ജൂബിലി നിറവിലേക്ക്. സംഘടനയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം നാളെ നടക്കുമെന്ന്
ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 5 മണിക്ക് ഭവൻസ് സ്കൂൾ ഓഡിറ്റൊറിയത്തിൽ നടക്കുന്ന പരിപാടിയിൽ
ലോഗോ, ടാഗ്‌ലൈൻ എന്നിവ പ്രകാശനം ചെയ്യും.
കേരളത്തിന്റെ തനത് നാടൻ താളമേളങ്ങളും വൈവിധ്യമാർന്ന കലാവിരുന്നുകളും കോർത്തിണക്കി അത്യന്തം ഗംഭീരമായ രീതിയിലാണ് ലോഞ്ചിങ് സെറിമണി അണിയറയിൽ ഒരുങ്ങുന്നത്.
കഴിഞ്ഞ 25 വർഷക്കാലമായി പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവേദി നടത്തിയ കാരുണ്യ-സാമൂഹിക ഇടപെടലുകളെക്കുറിച്ചും
ഖത്തറിലെ ഏറ്റവും മികച്ച സംഘടനയ്ക്കുള്ള ഇന്ത്യൻ എംബസിയുടെ അവാർഡ് ജേതാക്കളാകാൻ കഴിഞ്ഞതിന്റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ചും വേദി പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സിൽവർ ജൂബിലി വർഷത്തിൽ പ്രവാസികൾക്കും നാട്ടിലെ അർഹരായവർക്കുമായി
സംഘടന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വലിയ ജനക്ഷേമ-സാംസ്കാരിക പദ്ധതികളുടെ വിവരണം പ്രോഗ്രാം കോർഡിനേറ്ററും ചടങ്ങിൽ പങ്കുവെച്ചു.
2026ജൂൺ 26ന് ആരംഭിച്ച് 2027ഏപ്രിലിൽ സമാപനം കുറിക്കുന്ന 25വ്യത്യസ്‌തപരിപാടിപടികളാണ് സിൽവർ ജൂബിലിആഘോഷങ്ങളുടെ ഭാഗമായി നടക്കുക. തൃശ്ശൂർ പൂരത്തിന്റെ മിനിയേച്ചറോടെ സമാപനപരിപാടി വർണ്ണാഭമാക്കും. പ്രധാനപരിപാടികളിൽ നാട്ടിൽ നിന്നുള്ള സാംസ്‌കാരിക പ്രതിഭകളും മന്ത്രിമാരുൾപെടെയുള്ളവർ പങ്കെടുക്കും.
ദോഹ സിഗ്നേച്ചർ മിർസ റെസ്റ്റോറന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷറർ തോമസ് ഔസേഫ്, മുൻ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, സിൽവർ ജൂബിലി പ്രോഗ്രാം കോഓർഡിനേറ്റർമാരായ അബ്ദുൾ ജബ്ബാർ, ശ്രീനിവാസൻ, ജനറൽ കോഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ എന്നിവർപങ്കെടുത്തു










