
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സൈബർ സുരക്ഷാ-ഹാക്കിങ് കോൺഫറൻസുകളിൽ ഒന്നായ 'കൊക്കോൺ 2026' (c0c0n 2026) ആഗോള സമ്മേളനത്തിന് കൊച്ചി വീണ്ടും വേദിയാകും. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ 19-ാമത് എഡിഷൻ ഒക്ടോബർ 6 മുതൽ 13 വരെ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുറ്റാന്വേഷണ വിദഗ്ധരും സൈബർ വിദഗ്ധരും സുരക്ഷാ ഏജൻസികളും എട്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.
ഇരുപതിലധികം രാജ്യങ്ങളിൽ നിന്നായി 3,000-ത്തിലധികം പ്രതിനിധികളും മുന്നൂറോളം അന്താരാഷ്ട്ര സൈബർ സുരക്ഷാ വിദഗ്ധരും കൊക്കോണിൻ്റെ ഭാഗമാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
ഒക്ടോബർ 6 മുതൽ 8 വരെ പ്രീ-കോൺഫറൻസ് പരിശീലനങ്ങളും, ഒക്ടോബർ 9, 10 തീയതികളിൽ പ്രധാന സമ്മേളനവും, ഒക്ടോബർ 11 മുതൽ 13 വരെ പോസ്റ്റ്-കോൺഫറൻസ് പരിശീലന പരിപാടികളും നടക്കും
പ്രധാന സവിശേഷതകളും ചർച്ചകളും:ആഗോള വിദഗ്ധരുടെ പങ്കാളിത്തം: സൈബർ സുരക്ഷാ പ്രൊഫഷണലുകൾ, സർക്കാർ ഉദ്യോഗസ്ഥർ, നിയമപാലകർ, പ്രമുഖ ഐടി കമ്പനികളുടെ പ്രതിനിധികൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ ഉച്ചകോടിയുടെ ഭാഗമാകും.
പ്രത്യേക സെഷനുകൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഫിൻടെക്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി, ക്ലൗഡ് സെക്യൂരിറ്റി തുടങ്ങിയ നൂതന മേഖലകളിലെ സുരക്ഷാ വെല്ലുവിളികൾ 6 വ്യത്യസ്ത ട്രാക്കുകളിലായി ചർച്ച ചെയ്യും.
നിയമപാലകർക്കായുള്ള പ്രത്യേക പരിശീലനം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ലൊ എൻഫോഴ്സ്മെന്റ് ഏജൻസി കാപ്ചർ ദ ഫ്ലാഗ് മത്സരവും, ഡാർക്ക് വെബ് വഴി നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളും ക്രിപ്റ്റോകറൻസി തട്ടിപ്പുകളും അന്വേഷിക്കുന്നതിനുള്ള പ്രത്യേക പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്.
കേരള പൊലീസിൻ്റെ ഓപ്പറേഷൻ തൂഫാന്റെ' പശ്ചാത്തലത്തിൽ, ഇന്റർനെറ്റിന്റെ അജ്ഞാത ലോകത്തെ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള പ്രായോഗിക പരിശീലനം സമ്മേളനത്തിലൂടെ ഉദ്യോഗസ്ഥർക്ക് ലഭിക്കും.
കുട്ടികളുടെ സുരക്ഷ: കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ചൂഷണങ്ങൾ തടയുന്നതിനായുള്ള 'സി.എസ്.ഇ.എ ട്രാക്കും' സമ്മേളനത്തിന്റെ ഭാഗമാണ്. പരിപാടികളും നടക്കും. സൈബർ ലോകത്തെ പുതിയ സുരക്ഷാ മാതൃകകൾക്കും ആഗോള കൂട്ടായ്മകൾക്കും കൊക്കോൺ 2026 വഴിതുറക്കുമെന്ന് അധികൃതർ അറിയിച്ചു.
Photo Courtesy - Google











