01:36am 09 November 2026
NEWS

യാത്രാ പ്രശ്നത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി.

25/08/2026  06:41 PM IST
nila
 യാത്രാ പ്രശ്നത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി.


കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട യാത്ര പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട്  കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയായ മന്ത്രി അഡ്വക്കറ്റ്: സണ്ണി ജോസഫിന് പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.

പ്രവാസി വെൽഫെയർ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌ല നജിബ്, വെൽഫെയർ പാർട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡൻ്റ് സൗദിഖ് ഉളിയിൽ, പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല വൈസ് പ്രസിഡൻ്റ് ഇ.കെ മൻസൂർ, ജില്ലാ നേതാക്കളായ ഇഖ്ബാൽ ചേലേരി, ഹാശിം കെ.എൽ, അഡ്വ: അഹ്മദ് യാസീൻ, പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷക്കിബ് കേളേത്ത് എന്നിവരാണ്‌ നിവേദക സംഘത്തിലുണ്ടായിരുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടി വരുന്ന വിവേചനപരമായ പെരുമാറ്റം അവസാനിപ്പിക്കാന്‍ ഇടപെടുക, കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുക, അന്താരാഷ്ട്ര സർവീസുകളുടെ കുറവ് പരിഹരിക്കാനും മുന്നറിയിപ്പില്ലാതെയുള്ള വിമാന സർവീസുകളുടെ റദ്ദാക്കലും ഷെഡ്യൂള്‍ വെട്ടികുറയ്ക്കലും ഒഴിവാക്കാനും സീസണ്‍ കാലത്തെ അനിയന്ത്രിത ടിക്കറ്റ് നിരക്ക് വര്‍ദ്ധന നിയന്ത്രിക്കാനും സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി ഇടപെടല്‍ നടത്തുക, വിമാനത്താവളത്തിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ മന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള  പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി  തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖയും മന്ത്രിക്ക് കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img