
കണ്ണൂർ: ചുണ്ടിനും താടിക്കുമേറ്റ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശിയായ സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.
കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂർ ബി.എം.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളായതായി കുടുംബം ആരോപിച്ചു. തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ചികിത്സാ പിഴവുണ്ടായെന്നാരോപിച്ച് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഏകമകനെയാണ് നഷ്ടമായതെന്ന് കുടുംബം കണ്ണീരോടെ പറയുന്നു. കുട്ടിയുടെ മരണത്തിൽ പ്രദേശത്ത് വലിയ ദുഃഖമാണ് നിറഞ്ഞിരിക്കുന്നത്.











